ഷാങ്ഹായിൽ ഫെഡറർ മാസ്റ്റർ ക്ലാസ്സ്

- Advertisement -

ഷാങ്ഹായ് മാസ്റ്റേഴ്‌സിന്റെ ഫൈനലിൽ ആധുനിക ടെന്നീസിന്റെ കരുത്തുമായി നദാലും, ഗെയിമിലെ എക്കാലത്തെയും അനുപമമായ സൗന്ദര്യവുമായി ഫെഡററും മാറ്റുരച്ചപ്പോൾ വിജയം ഫെഡറർക്കൊപ്പം. ഈ വർഷം തുടർച്ചയായി ഇത് നാലാം തവണയാണ് ഫെഡറർ നദാലിനെ കീഴടക്കുന്നത്. തുടർച്ചയായ അഞ്ചാം വിജയവും. നിലവിലെ ഒന്നാം സീഡായ നദാലിന് ഷാങ്ഹായ് കിരീടം നേടിയിരുന്നെങ്കിൽ വർഷാവസാനം അധികം വിയർപ്പൊഴുക്കാതെ ഒന്നാം സ്ഥാനം നിലനിർത്താമായിരുന്നു.

എന്നാൽ 31 മത് മാസ്റ്റേഴ്സ് കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ സ്പാനിഷ് താരത്തിന് ആദ്യ ഗെയിമിൽ തന്നെ പിഴച്ചു. കരുത്താർന്ന ഫോർഹാൻഡ് ഷോട്ടുകളും, ചാരുതയാർന്ന ഒറ്റക്കയ്യൻ ബാക്ക്ഹാന്റിന്റെ മികവും കൂടെ കൃത്യമായ സർവ്വുകളുമായി ഫെഡറർ കളം നിറഞ്ഞ് കളിച്ചപ്പോൾ എതിരാളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആദ്യ ഗെയിമിൽ നേടിയ ബ്രേക്ക് നിലനിർത്തിയ സ്വിസ് മാസ്ട്രോ 6-4 എന്ന സ്കോറിന് സെറ്റ് സ്വന്തമാക്കി. സാധാരണ സ്വിസ് ഇതിഹാസത്തിന്റെ കളിയിൽ കണ്ടുവരാറുള്ള അൺഫോഴ്സ്ഡ് എററുകളും ഒഴിഞ്ഞ് നിന്നതോടെ ഫെഡറർ സമ്പൂർണ്ണമായ ആധിപത്യം രണ്ടാം സെറ്റിലും തുടർന്നു എന്നുവേണം പറയാൻ.

രണ്ടാം സെറ്റിൽ നദാലിനെ രണ്ട് തവണ ബ്രേക്ക് ചെയ്ത് സെറ്റ് 6-3 നും മത്സരം 6-4, 6-3 നും സ്വന്തമാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഫെഡറർ ഷാങ്ഹായ് കിരീടം നേടുന്നത്. പാരീസിലും, ബേസലിലും, എടിപി ഫൈനലിലും ഫെഡററും നദാലും മത്സരിക്കുമെന്നതിനാൽ തന്നെ വർഷാവസാനത്തെ ഒന്നാം സ്ഥാനത്തിനുള്ള മത്സരം കൊഴുക്കുമെന്ന് ഉറപ്പായി. ഈ വിജയത്തോടെ മൊത്തം കിരീട നേട്ടങ്ങളിൽ ഫെഡറർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement