Site icon Fanport

ഷാങ്ഹായ് : ഫെഡററും ജോക്കോവിച്ചും സെമിയിൽ

ഷാങ്ഹായ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ കാണികൾ കാത്തിരുന്ന ഫെഡറർ ജോക്കോവിച്ച് പോരാട്ടത്തിന് സാധ്യതയേറി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യനായ റോജർ ഫെഡറർ ജപ്പാന്റെ നിഷിക്കോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴ്പ്പെടുത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. സ്‌കോർ 6-4,7-6. കഴിഞ്ഞ 2 മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി എതിരാളിക്ക് സെറ്റൊന്നും വഴങ്ങിയില്ല എന്നത് ഫെഡറർ ക്യാമ്പിന് ആശ്വാസം പകരും. ഹാലെ ഓപ്പണിൽ ഫെഡററെ അട്ടിമറിച്ച കോറിച്ചാണ് സെമിയിൽ സ്വിസ് താരത്തെ കാത്തിരിക്കുന്നത്. മാത്യു എബ്‌ഡനെ തോൽപ്പിച്ചാണ് കോറിച്ച് സെമിയിൽ പ്രവേശിച്ചത്.

പരിക്കിൽ നിന്ന് മുക്തനായ ശേഷം മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയ നൊവാക് ജോക്കോവിച്ച് സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനെ നേരിട്ടുള്ള സെറ്റുകളിൽ നിഷ്പ്രഭനാക്കിയാണ് സെമി ഉറപ്പിച്ചത് സ്‌കോർ 7-6,6-3. ഷാങ്ഹായ് കിരീടം നൊവാക് നേടുകയാണെങ്കിൽ റാഫേൽ നദാലിന് വർഷാവസാനം ഒന്നാം സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. സെമിയിൽ നോവാക്കിന്റെ എതിരാളിയായ അലക്‌സാണ്ടർ സ്വരേവ് ക്വാർട്ടർ വിജയത്തോടെ എടിപി ടൂർ ഫൈനൽസിലേക്ക് യോഗ്യത നേടി. കെയ്‌ൽ എഡ്മണ്ടിനെ 6-4,6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സ്വരേവ് സെമിയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

Exit mobile version