ജോക്കോവിച്ച്-മറെ ഫൈനൽ, നദാൽ പുറത്ത്

ദോഹ ഓപ്പണിൽ എടിപി ടൂർ ഫൈനൽസിന്റെ തനിയാവർത്തനം. നിലവിലെ ഒന്നാം സീഡായ ആന്റി മറെയും രണ്ടാം സീഡ് ജോക്കോവിച്ചും ഒരിക്കൽ കൂടെ ഫൈനലിൽ ഏറ്റുമുട്ടും. കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യൻ എന്ന നിലക്ക് പോയിന്റുകൾ നിലനിർത്താൻ ഉള്ളതിനാൽ തന്നെ മത്സരഫലം റാങ്കിങ്ങിൽ കാര്യമായ പോയിന്റ് വ്യത്യാസം ഉണ്ടാക്കില്ല. ഇരുവരും ഇതുവരെ മത്സരിച്ചതിൽ 24-11 എന്ന നിലയിൽ ജോക്കോവിച്ചിനാണ്‌ മുൻ‌തൂക്കം എങ്കിലും നിലവിലെ ഫോമിൽ ആന്റി മറെയ്ക്കായിരിക്കും വിജയ സാധ്യത. സെമിയിൽ ബെർഡിച്ചിനെ അനായാസം മറികടന്നാണ് മറെ ഫൈനലിൽ പ്രവേശിച്ചത് എന്നാൽ ജോക്കോവിച്ച് സ്‌പെയിനിന്റെ വെർദാസ്‌കോയ്ക്കെതിരെ അഞ്ച് മാച്ച് പോയിന്റുകളെ അതിജീവിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഡബിൾസിൽ ഫ്രഞ്ച് ജോഡികളായ ജെർമി ചാർഡി-മാർട്ടിൻ സഖ്യം കിരീടം നേടി. ഫൈനലിൽ ഇവർ സ്റ്റെപ്പാനെക്ക്-പോപ്‌സിൽ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

ബ്രിസ്‌ബേൻ ടെന്നീസിന്റെ ക്വർട്ടർ ഫൈനലിൽ കാനഡയുടെ റയോനിച്ചിനോട് തോൽവി വഴങ്ങി റാഫേൽ നദാൽ പുറത്തായി. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു സ്പാനിഷ് താരത്തിന്റെ തോൽവി. നിഷിക്കോരി, നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ വാവ്‌റിങ്ക, ദിമിത്രോവ് എന്നിവരും സെമിയിൽ പ്രവേശിച്ചു. വനിതാ വിഭാഗം ഫൈനൽസിൽ പ്ലിസ്‌കോവ അലീസ കോർനറ്റിനെ നേരിടും. ഡബിൾസിൽ ഇന്തോ അമേരിക്കൻ ജോഡികളായ സാനിയ-സാൻഡ്‌സ് സഖ്യം ഫൈനലിൽ പ്രവേശിച്ചു. ഒന്നാം സീഡുകളായ സഖ്യം രണ്ടാം സീഡായ വെസ്‌നിന-മക്കറോവ സഖ്യത്തെ നേരിടും. പുരുഷ ഡബിൾസിൽ മുള്ളർ-ക്വുറെ സഖ്യം താനാസി-ജോർദാൻ സഖ്യത്തെ ഫൈനലിൽ നേരിടും.

എയർസെൽ ചെന്നൈ ഓപ്പണിൽ അഗൂത്, സെല, പെയ്റേ, മെദ്വെദേവ് എന്നിവർ സെമിയിൽ പ്രവേശിച്ചു. ഡബിൾസ് ആദ്യ സെമിയിൽ ഇന്ത്യൻ ജോഡികളായ രാജ-ശരൺ സഖ്യം ഫൈനലിൽ പ്രവേശിച്ചു. അർജന്റീന ജോഡികളായ ഡുറാൻ-മോൾറ്റേനി സഖ്യത്തെയാണ് ഇവർ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. ചൈനയിൽ നടക്കുന്ന ഷെൻസെൻ ഓപ്പൺ ഫൈനലിൽ അലീസൺ റിസ്‌കെ സൈനയ്‌ക്കോവയെ നേരിടും.

ഹോപ്മാൻ കപ്പിന്റെ ഫൈനലിൽ ഫ്രാൻസ് അമേരിക്കയെ നേരിടും. നിർണ്ണായക മിക്സഡ് ഡബിൾസ് മത്സരത്തിൽ സ്വിറ്റ്സർലാൻഡിന്റെ ഫെഡറർ-ബെൻചിച്ച് ജോഡിയെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് കലാശക്കളിക്ക് യോഗ്യത നേടിയത്.