WTA ടൂര്‍ ഫൈനല്‍സ് കിരീടം സിബുല്‍ക്കോവക്ക്

സിംഗപ്പൂര്‍ : ലോക ഒന്നാം നമ്പര്‍ താരം അഞ്ചലേ കെര്‍ബറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ച് സ്ലോവാക്യയുടെ സിബുല്‍ക്കോവ ആദ്യമായി WTA ടൂര്‍ കിരീടത്തില്‍ മുത്തമിട്ടു. ഗ്രൂപ്പ് ഗെയിമിലെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സിബുല്‍ക്കോവയുടെ ഈ ഫൈനല്‍ വിജയം. ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയം രുചിച്ച സിബുല്‍ക്കോവയുടെ സെമി സാധ്യതകള്‍ മങ്ങിയ നിലയിലായിരുന്നു. എന്നാല്‍ സിമോണ ഹാലെപ്പിനെതിരെ നേടിയ വിജയത്തോടെ നേരിയ പോയിന്റ് വ്യത്യാസത്തില്‍ സെമിയില്‍ പ്രവേശിച്ച താരം കുസ്നെറ്റ്സോവയ്ക്കെതിരെ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഫൈനല്‍ ജയിക്കാന്‍ ഒരു സാധ്യതയും കല്‍പ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും സെമിയിലെ അതേ മികവ് ഒന്നാം നമ്പര്‍ താരത്തിനെതിരെയും പുറത്തെടുക്കാന്‍ സാധിച്ചതാണ് സിബുല്‍ക്കോവയെ കന്നി ക്ജിരീടം നേടാന്‍ സഹായിച്ചത്. റൗണ്ട് റോബിനില്‍ ഒരു മത്സരം മാത്രം വിജയിച്ച് കപ്പ് നേടുന്ന രണ്ടാം താരമായി ഇതോടെ സിബുല്‍ക്കോവ മാറി. കഴിഞ്ഞ കൊല്ലം റാഡ്വാന്‍സ്ക ഇതേപോലെ വിജയിച്ചിരുന്നു. ഈ വിജയത്തോടെ പെട്ര ക്വിവിറ്റോവയ്ക്ക് ശേഷം യോഗ്യത നേടുന്ന ആദ്യ കൊല്ലം തന്നെ കപ്പ് നേടുന്ന താരമാകാനും കരിയറിലെ ഏറ്റവും കൂടിയ ലോക അഞ്ചാം നമ്പറിലേക്ക് ഉയരാനും സിബുല്‍ക്കോവയ്ക്കായി.

അതേ സമയം സെമിയില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ സാനിയ മിര്‍സ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച മാറ്റെക് സാന്റ്-സഫറോവ സഖ്യത്തിലെ മാറ്റെക് സാന്റ്സിന് വിജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനം നേടമായിരുന്നെങ്കിലും ഈ സഖ്യം മകറോവ-വെസ്നിന സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് സാനിയ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

Previous articleലോക നിലവാരത്തിലുള്ള ഒരു ഫുട്ബോൾ സ്റ്റേഡിയം കൊച്ചിയിൽ വേണ്ടേ?
Next articleഫ്രാൻസിൽ നീസ് കുതിക്കുന്നു, ഇറ്റലിയിൽ കഷ്ടകാലം തീരാതെ ഇൻ്റർ മിലാൻ