കിരീടം നേടിയാൽ സാനിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവും !

2015 ഏപ്രിൽ മുതൽ വനിതാ ഡബിൾസിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയുടെ സാനിയ മിർസയ്ക്ക് ബ്രിസ്‌ബേൻ ഓപ്പൺ നേടാനായാൽ ഒന്നാം സ്ഥാനം നഷ്ടമാവും ! ഹിംഗിസുമായി പിരിഞ്ഞ സാനിയ അമേരിക്കൻ താരമായ ബെഥാനി സാൻഡ്‌സിനൊപ്പമാണ് കളിക്കുന്നത്. ഓസ്‌ട്രേലിയയിൽ നടക്കുന്ന ബ്രിസ്‌ബേൻ ഓപ്പൺ ടെന്നീസിന്റെ സെമിയിൽ പ്രവേശിച്ച ഇന്തോ അമേരിക്കൻ ജോഡികൾ കിരീടം നേടുകയാണെങ്കിൽ നിലവിലെ പാർട്ട്ണറായ സാൻഡ്‌സ് സാനിയയിൽ നിന്ന് ഒന്നാം സ്ഥാനം തട്ടിയെടുക്കും എന്നതാണ് നിലവിലെ സ്ഥിതി. അതുകൊണ്ട് തന്നെ കിരീടനേട്ടം സാനിയക്ക് ഒരേ സമയം സന്തോഷവും ഒപ്പം തന്നെ ചെറിയ മനോവിഷമവും നൽകുന്നതായിരിക്കുമെന്ന് തീർച്ച.

ബ്രിസ്‌ബേൻ ഓപ്പൺ പുരുഷ ടെന്നീസിൽ റാഫേൽ നദാൽ ക്വർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്റ്റാൻ വാവ്‌റിങ്ക, നിഷിക്കോരി എന്നിവർ ഇന്ന് രാവിലെ നടന്ന മത്സരങ്ങളിൽ വിജയിച്ചു സെമിയിലേക്ക് യോഗ്യത നേടി. വനിതകളിൽ ഒന്നാം സീഡായ കെർബറെ അട്ടിമറിച്ച് എലീന സ്വിറ്റോലിന സെമിയിൽ പ്രവേശിച്ചു. ഒന്നാം സീഡിനെതിരെ 2015 ന് ശേഷം മൂന്ന് വിജയങ്ങൾ നേടുന്ന ഏക താരമാകാനും ഇതോടെ എലീനയ്ക്കായി. കഴിഞ്ഞ വർഷവും താരം കെർബറെ അട്ടിമറിച്ചിരുന്നു. മുഗുരുസ, പ്ലിസ്ക്കോവ, കോർനറ്റ് സെമിയിൽ പ്രവേശിച്ച മറ്റ് താരങ്ങൾ. ചൈനയിൽ നടക്കുന്ന ഷെൻസെൻ ഓപ്പണിൽ ടൂർണമെന്റ് ഒന്നാം സീഡായ റാഡ്‌വാൻസ്‌കയെ അട്ടിമറിച്ച അലീസൻ റിസ്‌കെ സെമിയിൽ പ്രവേശിച്ചു. ജോഹന്നാ കോണ്ടാ, സൈനയ്‌ക്കോവ, കാമില ജ്യോർജി എന്നിവരും സെമിയിലേക്ക് യോഗ്യത നേടി.

നിലവിലെ ഒന്നും രണ്ടും സീഡുകളായ ആന്റി മറെയും, ജോക്കോവിച്ചും ഖത്തർ ഓപ്പൺ ടെന്നീസിന്റെ സെമിയിൽ പ്രവേശിച്ചു. ജോക്കോവിച്ച് സ്റ്റെപ്പാനിക്കിനെ അനായാസം മറികടന്നപ്പോൾ മറെ കൊടുത്തൊരു മത്സരത്തിൽ സ്‌പെയിനിന്റെ നിക്കോളാസ് അൽമാഗ്രോക്കെതിരെ വിജയം നേടി. സോങ്ങക്കെതിരെ ഏഴ് ബ്രേക്ക് പോയിന്റുകൾ അതിജീവിച്ച് തോമസ് ബെർഡിച്ചും, ഇവോ കാർലോവിച്ചിനെ തോൽപ്പിച്ച് സ്‌പെയിനിന്റെ വെർഡാസ്‌കോയും സെമിയിൽ പ്രവേശിച്ചു. വർഷാവസാനം നടന്ന ടൂർ ഫൈനൽസിന്‌ ശേഷം ജോക്കോവിച്ചും മറെയും ഒരിക്കൽ കൂടെ ഫൈനലിൽ ഏറ്റുമുട്ടാനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ചെന്നൈ ഓപ്പൺ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷയായ യുക്കി ബാംബ്രി പുറത്തായി. ഫ്രാൻസിന്റെ പെയ്‌റെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. ടൂർണമെന്റിലെ ഒന്നാം സീഡായ മരിയൻ സിലിച്ചിനും അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നതായിരുന്നു ഇന്നലത്തെ മത്സരത്തിലെ പ്രത്യേകത. ക്വളിഫയറായ കോവാലിക് ആണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സിലിച്ചിനെ അട്ടിമറിച്ചത്. രണ്ടാം സീഡായ അഗൂത്, യൂഷ്‌നി മുതലായ പ്രമുഖർ ക്വർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഡബിൾസിൽ ഇന്ത്യയുടെ ബൊപ്പണ്ണ ജീവൻ സഖ്യവും, പുറവ് രാജ ദിവിജ് ശരൺ സഖ്യവും സെമിയിൽ കടന്നു.

Previous articleജിംഗനെ വിടാതെ DSK ശിവാജിയൻസ്
Next articleടി20 പരമ്പരയും ന്യൂസിലാണ്ടിനു