ഓസ്‌ട്രേലിയൻ ഓപ്പണിൽ മുപ്പത്തിയഞ്ചുകാരുടെ ഫൈനൽ

അമേരിക്കൻ താരമായ കോകോ വാന്റവേഗിന്റെ വെല്ലുവിളികളെ അതിജീവിച്ച് മുപ്പത്തിയാറുകാരിയായ വീനസ് വില്ല്യംസും, അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയ ബറോണിയെ അനായാസം മറികടന്ന് മുപ്പത്തിയഞ്ചുകാരിയായ സെറീന വില്ല്യംസും, പ്രായം തളർത്താത്ത കരുത്തോടെ സ്റ്റാൻ വാവ്‌റിങ്കയെ  കടുത്തൊരു മത്സരത്തിൽ കീഴ്‌പ്പെടുത്തി മുപ്പത്തിയഞ്ചുകാരൻ റോജർ ഫെഡററും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചു. ആദ്യം നടന്ന സെമി ഫൈനൽ മാച്ചിൽ നാട്ടുകാരിയായ കോകോയ്ക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് വീനസ് വില്ല്യംസ് ജയിച്ചു കയറിയത്. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീനസ് ഒരു  ഗ്രാൻഡ്സ്ളാം ഫൈനലിൽ എത്തുന്നത് (സ്‌കോർ: 6-7, 6-2, 6-3). മത്സരം തോറ്റെങ്കിലും വനിതാ ടെന്നീസിലെ ഭാവി താരമെന്ന ഖ്യാതിയുമായാണ് കോകോ ടൂർണമെന്റിനോട് വിട പറയുന്നത്. രണ്ടാമത് നടന്ന വനിതാ സെമിഫൈനൽ മാച്ചിൽ ലുസിച്ച് ബറോണിയെ നിഷ്പ്രയാസം മറികടന്നാണ് റെക്കോർഡ് ലക്ഷ്യമാക്കുന്ന സെറീന വിജയിച്ചത് (സ്‌കോർ: 6-2, 6-1). ബറോണിക്ക് ഒരു പഴുതും നൽകാതെ ജയിച്ചു കയറിയ  സെറീനയ്ക്ക് തന്നെയാണ് ‘വില്ല്യംസ്’ ഫൈനലിൽ അധിക സാധ്യത കൽപ്പിക്കപ്പെടുന്നതും. 2009 വിംബിൾഡൺ ഫൈനലിന് ശേഷം ആദ്യമായാണ് വില്ല്യംസ് സഹോദരിമാർ ഒരു മേജറിന്റെ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുന്നത്.

ഇന്ന് നടന്ന ആദ്യ പുരുഷ സെമി ഫൈനലിൽ നാട്ടുകാരനും നാലാം സീഡുമായ സ്റ്റാൻ വാവ്റിങ്കയെ അഞ്ച് സെറ്റുകൾ നീണ്ട ആവേശകരമായ മത്സരത്തിൽ മറികടന്ന് റോജർ ഫെഡറർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ രണ്ടു സെറ്റുകളും നേടിയ ഫെഡറർ അനായാസം വിജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകൾ നേടി സ്റ്റാൻ മത്സരം കടുത്തതാക്കി. അവസാന  സെറ്റിലെ ബ്രേക്ക് പോയിന്റ് അവസരം സ്റ്റാൻ മുതലാക്കുന്നതിൽ പരാജയപ്പെട്ടതോടെ ഉണർന്നു കളിച്ച ഫെഡറർ നിർണ്ണായക ബ്രേക്ക് നേടുകയും തുടർന്നുള്ള ഗെയിമുകൾ നിലനിർത്തി സെറ്റും മത്സരവും സ്വന്തമാക്കി (സ്‌കോർ: 7 -5, 6-4, 1-6, 4-6, 6-3). മത്സരം മൂന്ന് മണിക്കൂർ നാല് മിനിറ്റുകൾ നീണ്ടുനിന്നു. പുരുഷന്മാരിലെ രണ്ടാം സെമിയിൽ നാളെ സ്‌പെയിനിന്റെ റാഫേൽ നദാൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് മത്സരത്തിലെ വിജയിയെയാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ നൂറാം മത്സരത്തിനിറങ്ങുന്ന ഫെഡറർ നേരിടുക. ഇന്ന് നടന്ന മിക്സഡ്ഡബിൾസ് ക്വർട്ടറിൽ ഇന്തോ-സ്വിസ് ജോഡികളായ പേസ്-ഹിംഗിസ് സഖ്യം ഗ്രോത്ത്-സ്റ്റോസർ സഖ്യത്തോട് തോറ്റ് പുറത്തായി. സാനിയ-ഡോഡിഗ് സഖ്യത്തിന്റെ മത്സരം രാത്രിയിൽ നടക്കും. പുരുഷന്മാരുടെ ഡബിൾസിൽ ഓസ്‌ട്രേലിയയുടെ ജോൺ ന്യൂകോംബേയുടെ പതിനെട്ട് ഡബിൾസ് കിരീട നേട്ടമെന്ന റെക്കോർഡിനൊപ്പമെത്താൻ ശ്രമിക്കുന്ന അമേരിക്കയുടെ ബ്രയാൻ സഹോദരങ്ങൾ പീർസ്-കോണ്ടിനെൻ സഖ്യത്തെ നേരിടും.