Site icon Fanport

സീഡില്ലാത്തവരുടേയും ഓപ്പൺ

അട്ടിമറികളോടെ ആയിരുന്നു ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ തുടങ്ങിയത്. പക്ഷേ താരങ്ങൾ അട്ടിമറികൾ ശീലമാക്കുമ്പോൾ പിന്നെയതിനെ അട്ടിമറിയെന്ന് വിളിക്കുന്നതെങ്ങനെ ? ടൂർണമെന്റിന്റെ തുടക്കത്തിൽ വനിതാ വിഭാഗത്തിൽ വലിയ സീഡുകൾ പുറത്താകുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ടൂർണമെന്റ് പുരോഗമിക്കും തോറും അത് പുരുഷന്മാരുടെ വിഭാഗത്തിലേക്ക് പകർന്നു എന്നുവേണം പറയാൻ.

6 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനും മുൻ ഒന്നാം നമ്പർ താരവുമായിരുന്ന നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിലാണ് സീഡ് ചെയ്യപ്പെടാത്ത യുവതാരം ചൊങ് അട്ടിമറിച്ചത് ക്ഷമിക്കണം തകർത്തത്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ നൊവാക്കിന് മത്സരത്തിലുടനീളം ഒരു പഴുതും നൽകാതെയാണ് ചൊങ് മത്സരം സ്വന്തമാക്കിയത്. അങ്ങനെ ഏഷ്യാ പസഫിക്കിന്റെ ഗ്രൻഡ്സ്ലാം എന്ന പേരിന് ചേരും പോലെ ഒരേഷ്യാക്കാരൻ അവസാന എട്ടിൽ ഇടം പിടിച്ചു.

ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ ഈ താരത്തിന്റെ എതിരാളിയാകട്ടെ മുൻ ചാമ്പ്യനായ സ്റ്റാൻ വാവറിങ്കയെയും, ഇന്നത്തെ മത്സരത്തിൽ ഓസ്‌ട്രേലിയൻ പ്രതീക്ഷയായ ഡൊമിനിക് തിമിനെയും തകർത്ത് അവസാന എട്ടിൽ സ്ഥാനമുറപ്പിച്ച മറ്റൊരു സീഡില്ലാ താരം അമേരിക്കയുടെ സാൻഡ്ഗ്രീനും. ഇന്നലത്തെ മത്സരത്തിൽ സെപ്പിയെ തകർത്ത് സീഡ് ചെയ്യപ്പെടാത്ത ബ്രിട്ടൻ താരം എഡ്മുണ്ടും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ നാലു ഗ്രൻഡ്സ്ലാം കിരീടങ്ങളും പങ്കു വച്ച ഫെഡററിനും നദാലിനും ഇത്തവണ കടുത്ത വെല്ലുവിളികൾ മുന്നിലുണ്ട് എന്നത് ഒരു വസ്തുതയാണ്. പുരുഷ ടെന്നീസിലെ മാറ്റങ്ങൾക്ക് ഈ വർഷം സാക്ഷിയാകും എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version