സെറീന @23

ടൂർണമെന്റിലിതുവരെ പുറത്തെടുത്ത വീനസിന്റെ പോരാട്ട വീര്യത്തിനുമായില്ല ആധുനിക ടെന്നീസ്‌ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ അനുജത്തി സെറീനയെ തടുക്കാൻ. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതെന്താണോ അത്‌ സെറീന നേടുക തന്നെ ചെയ്തു. ഒരുപക്ഷേ ഈ വർഷം സ്റ്റെഫിയുടെ മാത്രമല്ല സാക്ഷാൽ മാർഗരറ്റിന്റെ റെക്കോർഡും സെറീന പഴങ്കഥയാക്കിയേക്കും. മുപ്പത്തിയഞ്ചിലും ആ കാലുകളുടെ വേഗത്തിന്‌ കുറവ്‌ വന്നിട്ടില്ല, കൈക്കരുത്ത്‌ ചോർന്നിട്ടുമില്ല ആവശ്യ സമയത്ത്‌ രക്ഷയ്ക്കെത്തുന്ന എയ്സെന്ന വജ്രായുധമാകട്ടെ കൂടുതൽ വന്യമായ പ്രഹരശേഷിയോടെ തുടരുന്നു. വലിയ റാലികൾ ഒട്ടും തന്നെ ഇല്ലാത്തതായിരുന്നു മത്സരം, മൂന്ന് ഷോട്ടുകളിൽ തീരുന്ന പോയിന്റുകളായിരുന്നു ഭൂരിഭാഗവും. പരസ്പരം സർവ്വുകൾ ഭേദിച്ച്‌ തന്നെ തുടങ്ങിയെങ്കിലും നിർണ്ണായക ഗെയിമുകളിൽ സെറീനയെന്ന താരം ഉണർന്നു കളിച്ചു. അത്‌ തന്നെയായിരുന്നു ഇരുതാരങ്ങളും തമ്മിലുള്ള വ്യത്യാസവും. 6-4, 6-4 എന്ന സ്കോർ ഏകപക്ഷീയമായി തോന്നുമെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. കുഞ്ഞൻ റാലികളിലൂടെ ഇരുവരും കളം നിറഞ്ഞ്‌ തന്നെ കളിച്ചു.

ആദ്യ സെറ്റിലെ നാല്‌ ഗെയിമുകളും പരസ്പരം ബ്രേക്ക്‌ ചെയ്ത്‌ തന്നെ ഇരുവരും മുന്നേറി. ആറാം ഗെയിമിൽ 15-30 ന്‌ പിന്നിൽ നിൽക്കുകയായിരുന്ന സെറീനയുടെ ഗെയിം ഒരിക്കൽ കൂടെ വീനസ്‌ ബ്രേക്ക്‌ ചെയ്യുമെന്ന് തോന്നിപ്പിച്ചെങ്കിലും‌ എയ്സിലൂടെ അതിനെ നേരിട്ട്‌ സെറീന തിരിച്ചു വന്നു. മത്സരത്തിലെ ടേണിംഗ്‌ പോയിന്റും ഇതുതന്നെയാവണം. അനുജത്തിയുടെ ലോകറെക്കോർഡ്‌ നേട്ടത്തിന്‌‌ ചേച്ചിയെ തന്നെ കാലം തിരഞ്ഞെടുത്തതാവണം. കലണ്ടർ വർഷത്തിലെ ആദ്യ സ്ലാമും കെർബറിന്‌ അടിയറ വച്ച ഒന്നാം സ്ഥാനവും തിരിച്ച്‌ പിടിച്ച്‌ സെറീന കുതിപ്പ്‌ തുടങ്ങിക്കഴിഞ്ഞു. മാർഗരറ്റ്‌ കോർട്ട്‌ അരീന (ഓസ്ട്രേലിയ), സൂസൻ ലെങ്ങ്‌ലെൻ കോർട്ട്‌ (ഫ്രാൻസ്‌), ബെല്ലിജീൻ കിംഗ് നാഷണൽ ടെന്നീസ്‌ സെന്റർ‌ (യുഎസ്‌) ഇതൊക്കെ പോലെ ഭാവിയിൽ ഒരു ഗ്രാൻഡ്‌സ്ലാം കോർട്ടിന്‌ ബഹുമാനാർത്ഥം സെറീനയുടെ പേര്‌ നൽകപ്പെട്ടാൽ അതിലൊട്ടും അത്ഭുതപ്പെടാനില്ല. കാരണം സെറീനയെപ്പോലെ ഇത്രയും കാലം വനിതാ ടെന്നീസിനെ അടക്കിവാണ‌ താരം ഉണ്ടോ എന്നത്‌ സംശയമാണ്‌.

Previous articleപന്ത് തട്ടാൻ എംഎസ്പി വിളിക്കുന്നു, കളിക്കാൻ ജീ.വി രാജയും സ്പോർട്സ് ഡിവിഷനും
Next articleബുണ്ടസ് ലീഗയിൽ ബയേൺ, ലെപ്സിഗ് മുന്നോട്ട്