അവിസ്മരണീയം സെറീന! ഹാലപ്പിനെ തകർത്തു സെമി ഫൈനലിൽ

20210216 180851

ഓസ്‌ട്രേലിയൻ ഓപ്പണിൽ ക്ലാസിക് ക്വാർട്ടർ ഫൈനലിൽ സമീപകാലത്തെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു സിമോണ ഹാലപ്പിനെ തകർത്തു സെറീന വില്യംസ്. രണ്ടാം സീഡ് ആയ റൊമാനിയൻ താരം ഹാലപ്പിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു പത്താം സീഡ് ആയ സെറീനയുടെ ജയം. ജയത്തോടെ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഗ്രാന്റ് സ്‌ലാമിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന താരമെന്ന റെക്കോർഡിൽ റോജർ ഫെഡറർക്ക് ഒപ്പമെത്താനും സെറീനക്ക് ആയി. നിലവിൽ 362 വിജയങ്ങൾ ആണ് ഗ്രാന്റ് സ്‌ലാമുകളിൽ രണ്ടു താരങ്ങൾക്കും ഉള്ളത്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലേക്ക് ഉയർന്ന സെറീന ഹാലപ്പിന് വലിയ അവസരങ്ങൾ ഒന്നും നൽകിയില്ല.

മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ ഹാലപ്പിനെ ബ്രൈക്ക് ചെയ്ത സെറീന 6-3, 6-3 എന്ന സ്കോറിന് ആണ് ക്വാർട്ടർ ഫൈനലിൽ ജയം കണ്ടത്. സമീപകാലത്തെ തന്റെ ഏറ്റവും മികച്ച പ്രകടനം ആയിരുന്നു സെറീനയിൽ നിന്നുണ്ടായത്. 24 മത്തെ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന സെറീനയുടെ 39 മത്തെ ഗ്രാന്റ് സ്‌ലാം സെമിഫൈനലും ഒമ്പതാമത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലും ആണ് ഇത്. ഇതിനു മുമ്പ് 8 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ എത്തിയ അവസരങ്ങളിൽ എല്ലാം കിരീടം അടിച്ച ചരിത്രം ആണ് സെറീനക്ക് ഉള്ളത്. സെമിഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക ആണ് സെറീനയുടെ എതിരാളി. യു.എസ് ഓപ്പൺ ഫൈനലിൽ അടക്കം തോൽവി വഴങ്ങിയ ഒസാക്കക്ക് എതിരെ പ്രതികാരം ചെയ്യാൻ ആവും സെറീന ശ്രമിക്കുക.

Previous articleപിക്വെ തിരികെയെത്തി, ഇന്ന് പി എസ് ജിക്ക് എതിരെ കളിക്കും
Next articleമാറ്റങ്ങൾ ഏറെ, ഹൈദരാബാദിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം