ഓസ്ട്രേലിയൻ ഓപ്പൺ റൗണ്ട് 1ൽ സുമിത് നാഗലിന് കടുത്ത എതിരാളി

ഇന്ത്യയുടെ മുൻനിര ടെന്നീസ് താരം സുമിത് നാഗൽ ഓസ്ട്രേലിയൻ ഓപ്പൺ 2025ൽ ആദ്യ റൗണ്ടിൽ വലിയ വെലുവിളി ആണ് നേരിടുക. 26-ാം സീഡായ ചെക്ക് റിപ്പബ്ലിക്കിൻ്റെ ടോമാഷ് മച്ചാച്ചിനെ ആകും നാഗൽ ഓപ്പണിംഗ് റൗണ്ടിൽ നേരിടുക.

മുൻനിര കളിക്കാർക്കെതിരായ മികച്ച പ്രകടനത്തിന് പേരുകേട്ട മച്ചാച്, കഴിഞ്ഞ വർഷം നൊവാക് ജോക്കോവിച്ച്, ആൻഡ്രി റൂബ്ലെവ്, ഗ്രിഗർ ദിമിത്രോവ്, കാർലോസ് അൽകാരാസ്, ടോമി പോൾ എന്നി വലിയ താരങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ട്. വലിയ വേദിയിലെ അദ്ദേഹത്തിൻ്റെ ഫോമും അനുഭവപരിചയവും അദ്ദേഹത്തെ ശക്തനായ എതിരാളിയാക്കുന്നു.

സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമിൽ മികച്ച തുടക്കം ആകും നാഗൽ ലക്ഷ്യമിടുന്നത്.

സുമിത് നാഗൽ ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ പ്രധാന ഡ്രോയിലേക്ക് നേരിട്ട് പ്രവേശനം നേടി

ടെന്നീസ് ഓസ്‌ട്രേലിയ പുറത്തിറക്കിയ എൻട്രി ലിസ്റ്റുകൾ പ്രകാരം 98-ാം റാങ്കിലുള്ള ഇന്ത്യയുടെ സുമിത് നാഗൽ 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ പ്രധാന ഡ്രോയിലേക്ക് നേരിട്ട് പ്രവേശനം നേടി. കഴിഞ്ഞ വർഷം ടൂർണമെൻ്റിൽ യോഗ്യത മത്സരം കളിക്കേണ്ടി വന്ന നാഗലിന് ഇത് നിർണായക നേട്ടമായി. ജനുവരി 12 മുതൽ 26 വരെ മെൽബണിൽ നടക്കാനിരിക്കുന്ന അഭിമാനകരമായ ഇവൻ്റിൽ ഇന്ത്യയുടെ സിംഗിൾസിലെ ഏക പ്രതിനിധിയാകും സുമിത്.

പുരുഷ സിംഗിൾസ് പട്ടികയിൽ കാർലോസ് അൽകാരാസ്, നൊവാക് ജോക്കോവിച്ച്, ഡാനിൽ മെദ്‌വദേവ് തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നു. വനിതാ വിഭാഗത്തിൽ, ബെലിൻഡ ബെൻസിക്കും പ്രസവാനന്തരം ഒരു തിരിച്ചുവരവ് നടത്തുന്നതിനൊപ്പം ഇഗ സ്വിറ്റെക്, കൊക്കോ ഗൗഫ്, നവോമി ഒസാക്ക തുടങ്ങിയ താരങ്ങളും മത്സരിക്കാനൊരുങ്ങുന്നു.

മൊത്തം 11 ഓസ്‌ട്രേലിയക്കാർ പ്രധാന ഡ്രോയിൽ ഉണ്ട്.

ജാനിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ

ഇറ്റലിയുടെ ജാനിക് സിന്നർ പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയൻ ഓപ്പൺ 2024 കിരീടം നേടി. അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ആയിരുന്നു സിന്നറിന്റെ വിജയം. ആദ്യ രണ്ട് സെറ്റുകളും നഷ്ടപ്പെട്ട ശേഷമാണ് അദ്ദേഹം തിരിച്ചുവന്ന് ജയിച്ചത്. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ മെദ്‌വദേവിനെ 3-6, 3-6, 6-4, 6-4, 6-3 എന്ന സ്‌കോറിനാണ് സിന്നർ തോൽപ്പിച്ചത്. 3 മണിക്കൂർ 44 മിനിറ്റ് ആണ് മത്സരം നീണ്ടു നിന്നത്.

ഓപ്പൺ എറയിൽ ഗ്രാൻഡ്സ്ലാം നേടുന്ന രണ്ടാമത്തെ ഇറ്റാലിയൻ താരമായി സിന്നർ ഇതോടെ മാറി. 22-ആം വയസ്സിൽ കിരീടം നേടിയ സിന്നർ, ജോക്കോവിച്ചിനും ജിം കൊറിയറിനും ശേഷം ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന നേടിയ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി. സിന്നർ നേരത്തെ ജോക്കോവിചിനെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്താക്കിയിരുന്നു

ഇന്ത്യയുടെ അഭിമാനമായി രോഹൻ ബൊപ്പണ്ണ!!! ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് ചാമ്പ്യൻ

ഇന്ത്യൻ അഭിമാനം രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം സ്വന്തമാക്കി. മാറ്റ് എബ്ഡനും രോഹൻ ബൊപ്പണ്ണയും ചേർന്ന സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കിരീടം നേടിയത്. ഇറ്റാലിയൻ താരങ്ങളായ സിമോൺ ബൊല്ലെലി-ആൻഡ്രിയ വവസോറി സഖ്യത്തെ ആണ് തോൽപ്പിച്ചത്. 7-6, 7-5 എന്ന സ്കോറിനായിരിന്നു വിജയം.

എബ്ഡന് ഇത് രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണ്. ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്ക് ഇത് കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം പുരുഷ ഡബിൾസ് കിരീടമാണ്. രോഹൻ ബൊപ്പണ്ണ ഈ ആഴ്ചയാണ് ലോക ഒന്നാം നമ്പർ താരമായി മാറിയത്.

അരിന സബലെങ്ക വീണ്ടും ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കി

ഇന്ന് നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ ഫൈനലിൽ അരിന സബലെങ്ക വിജയിച്ചു. ഷെങ് ക്വിൻവെനെ തോൽപ്പിച്ചാണ് അരിന സബലെങ്ക തൻ്റെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടം ഇന്ന് സ്വന്തമാക്കിയത്. വിക്ടോറിയ അസരെങ്കയ്ക്ക് ശേഷം മെൽബണിൽ തുടർച്ചയായി കിരീടങ്ങൾ നേടുന്ന ആദ്യ താരമായി സബലെങ്ക മാറി.

റോഡ് ലാവർ അരീനയിൽ നടന്ന മത്സരത്തിൽ 6-3, 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സബലെങ്കയുടെ വിജയം. ഒരു മണിക്കൂറും 16 മിനിറ്റും മാത്രമാണ് പോരാട്ടം നീണ്ടു നിന്നത്. ഈ വിജയത്തോടെ സബലെങ്ക ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്ത് തുടരും.

2 സെറ്റിന് പിറകിൽ നിന്ന ശേഷം മെദ്വദേവിന്റെ മാരക തിരിച്ചുവരവ്

2024ലെ ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ സെമി ഫൈനലിൽ ജർമ്മനിയുടെ അലക്‌സാണ്ടർ സ്വെരേവിനെ തോൽപിച്ച് ഡാനിയൽ മെദ്വദേവ് ഫൈനലിൽ. 2 സെറ്റുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ഡാനിൽ മെദ്‌വദേവ് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. വെള്ളിയാഴ്ച റോഡ് ലേവർ അരീനയിൽ, മെദ്‌വദേവ് തൻ്റെ ജർമ്മൻ എതിരാളിയെ 5-7, 3-6, 7-6 (7-4), 7-6 (7-5), 6-3 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. 4 മണിക്കൂർ 18 മിനിറ്റോളം പോരാട്ടം നീണ്ടു നിന്നു.

നേരത്തെ രണ്ടാം റൗണ്ടിൽ ഫിൻലൻഡിൻ്റെ എമിൽ റുസുവോറിയെക്ക് എതിരെയും മെദ്വദേവ് 2-0ന് പിറകിലായ ശേഷം തിരിച്ചടിച്ച് വിജയിച്ചിരുന്നു. അന്ന് 3-6, 6-7 (1-7), 6-4, 7-6 (7-1), 6-0 എന്ന സ്‌കോറിനായിരുന്നു ജയം.

10 തവണ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെ പുറത്താക്കിയ ഇറ്റലിയുടെ ജാനിക് സിന്നറെയാണ് മെദ്‌വദേവ് ഫൈനലിൽ നേരിടുക.

ജോക്കോവിച് അവസാനം ഓസ്ട്രേലിയൻ ഓപ്പണിൽ വീണു, ജാന്നിക് സിന്നർ ഫൈനലിൽ

ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ സിംഗിൾസ് സെമിയിൽ നാലാം സീഡായ ജാനിക് സിന്നർ ജോക്കോവിചിനെ പുറത്താക്കി. നിലവിലെ ചാമ്പ്യനായ ജോക്കോവിച് 6 വർഷത്തിന് ശേഷം ആദ്യമായി ഒരു ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തിൽ തോൽവി അറിയുന്നത്. 3 മണിക്കൂർ 22 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ ജാനിക് സിന്നർ 1-6, 2-6, 7-6 (6), 3-6 എന്ന സ്‌കോറിനാണ് വിജയിച്ചത്.

2 സെറ്റുകളിൽ പിറകിലായ ശേഷം തിരിച്ചടിച്ച് മൂന്നാം സെറ്റ് സ്വന്തമാക്കാൻ ജോക്കോവിചിന് ആയി എങ്കിലും പതിവു പോലെ ഒരു ജോക്കോവിച് കംബാക്ക് ഇന്ന് ഉണ്ടായില്ല. ഡാനിൽ മെദ്‌വദേവും അലക്‌സാണ്ടർ സ്വെരേവും തമ്മിലുള്ള സെമി ഫൈനലിലെ വിജയിയെ ആകും തൻ്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ ഞായറാഴ്ച സിന്നർ ഇനി നേരിടുക.

ഇന്ത്യയുടെ അഭിമാനം!! രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന സെമി ഫൈനലിൽ രോഹൻ ബൊപ്പണ്ണ/മാത്യൂ എബ്ഡൻ സഖ്യം ജോങ്/മച്ചാക്ക് സഖ്യത്തെ ആണ് തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ 6-3,3-6,7(10)-6(7) എന്ന സ്‌കോറിന് ആയിരുന്നു ബൊപ്പണ്ണയുടെ വിജയം.

ഓസ്‌ട്രേലിയ ഓപ്പണിൽ രോഹൻ ബൊപ്പണ്ണയുടെ കന്നി പുരുഷ ഡബിൾസ് ഫൈനൽ ആണിത്. രോഹന്റെ ഗ്രാൻഡ് സ്ലാമുകളിലെ ആറാം ഫൈനലാണ് ഇത്.

രോഹൻ ബൊപ്പണ്ണ/മാത്യൂ എബ്ഡൻ സഖ്യം ഇനെ ക്വാർട്ടറിൽ മോൾട്ടെനി / ഗോൺസാല സഖ്യത്തെ ആണ് തോല്പ്പിച്ചിരുന്നു. 6-4, 7-6 എന്ന സ്കോറിനായിരുന്നു ആ വിജയം. രോഹൻ ബൊപ്പണ്ണ ഡബിൾസ് റാങ്കിംഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.

അൽകാരസ് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ ആറാം സീഡ് അലക്‌സാണ്ടർ സ്വെരേവിനോട് യുവതാരം കാർലോസ് അൽകാരസ് പരാജയപ്പെട്ടു. 1-6, 3-6, 7-6 (7-2), 4-6 എന്ന സ്‌കോറിന് ആയിരുന്നു സ്വരേവിന്റെ വിജയം. ഇതോടെ നൊവാക് ജോക്കോവിച്ച് അൽകാരസ് ഫൈനൽ എന്ന സാധ്യത ഇല്ലാതായി. റഷ്യൻ താരം ഡാനിൽ മെദ്‌വദേവുമായാകും ഇനി സ്വരേവിന്റെ സെമി ഫൈനൽ പോരാട്ടം.

അഭിമാനം, രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ, ഒപ്പം ലോക ഒന്നാം നമ്പറും

ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പണിൽ സെമി ഫൈനലിലേക്ക് മുന്നേറി. രണ്ടാം സീഡ് ആയ രോഹൻ ബൊപ്പണ്ണ/മാത്യൂ എബ്ഡൻ സഖ്യം മോൾട്ടെനി / ഗോൺസാല സഖ്യത്തെ ആണ് തോല്പ്പിച്ചത്. 6-4, 7-6 എന്ന സ്കോറിനായിരുന്നു വിജയം. ഈ വിജയത്തോടെ രോഹൻ ബൊപ്പണ്ണ ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും എത്തി.

14-ാം സീഡ് വെസ്ലി/മെക്റ്റിക്ക് സഖ്യത്തെ പ്രീക്വാർട്ടറിൽ രോഹൻ ബൊപ്പണ്ണ പരാജയപ്പെടുത്തിയിരുന്നു. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു അന്നും വിജയം. 7-6(10-8),7-6(7-4) എന്ന സ്കോറിനായിരുന്നു വിജയം. രോഹൻ ബൊപ്പണ്ണ ഇതാദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിലേക്ക് എത്തുന്നത്.

രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ

ഇന്ത്യൻ താരം ഓസ്ട്രേലിയൻ ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. രണ്ടാം സീഡ് ആയ രോഹൻ ബൊപ്പണ്ണ/മാത്യൂ എബ്ഡൻ സഖ്യം 14-ാം സീഡ് വെസ്ലി/മെക്റ്റിക്ക് സഖ്യത്തെ ആണ് ഇന്ന് പ്രീക്വാർട്ടറിൽ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു വിജയം. 7-6(10-8),7-6(7-4) എന്ന സ്കോറിനായിരുന്നു വിജയം.

രോഹൻ ബൊപ്പണ്ണ ഇതാദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിലേക്ക് എത്തുന്നത്. ഇനി ക്വാർട്ടർ ഫൈനലിൽ ആറാം സീഡായ ബോപ്‌സി/എബ്ഡൻ ജോഡിയെ ആകും ബൊപ്പണ്ണ സഖ്യം നേരിടുക.

ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെകിനെ അട്ടിമറിച്ച് 19കാരി ലിൻഡ നൊസ്കോവ

ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ഇഗ സ്വിറ്റെക് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്. 19കാരിയായ ലിൻഡ നോസ്‌കോവയ്‌ക്കെതിരായ മൂന്നാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഇഗാ സ്വിറ്റെക്കിന് ശമ്മാനിച്ചത്. ഓസ്‌ട്രേലിയൻ ഓപ്പൺ നേടാനുള്ള ഇഗയുടെ കാത്തിരിപ്പ് തുടരും എന്ന് ഈ പരാജയത്തോടെ ഉറപ്പായി.

50-ാം റാങ്കുകാരിയായ നോസ്‌കോവ ആദ്യ സെറ്റ് കൈവിട്ടുപോയ ശേഷമാണ് വിജയിച്ചു കയറിയത്. നോസ്കോവ 3-6, 6-3, 6-4 എന്ന സ്‌കോറിന് ആയിരുന്നു വിജയം. ഇതോടെ ലിൻഡ കരിയറിൽ ആദ്യമായി ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. ചെക്ക് യുവതാരം സ്വിടെക്കിന്റെ തുടർച്ചയായ 17 വിജയങ്ങളുടെ ജൈത്രയാത്രയ്ക്കും ഇതോടെ വിരാമമിട്ടു.

Exit mobile version