Category: Australian Open
ഓസ്ട്രേലിയന്‍ ഓപ്പണ്‍, നിരാശയോടെ രോഹന്‍ ബൊപ്പണ്ണ
ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി. പുരുഷ – മിക്സഡ് ഡബിള്‍സ് മത്സരങ്ങളിലാണ് ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. രോഹന്‍-യാംഗ് സഖ്യം മിക്സഡ് ഡബിള്‍സില്‍ അഞ്ചാം സീഡ് ഗ്രോണെഫെല്‍ഡ്-ഫറ ജോഡിയോട് 6-3, 3-6, 6-10 എന്ന സ്കോറിനു തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ആദ്യ സെറ്റ് വിജയിച്ച ശേഷമാണ് ടീമിന്റെ തോല്‍വി.
പുരുഷ വിഭാഗത്തില്‍ രോഹന്‍ ബൊപ്പണ്ണ – ദിവിജ് ശരണ്‍ കൂട്ടുകെട്ട് മൂന്ന് സെറ്റ് പോരാട്ടത്തില്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു. 1-6, 6-4, 5-7 എന്ന സ്കോറിനാണ് സ്പെയിനിന്റെ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ ജോഡി തോല്‍വിയേറ്റു വാങ്ങിയത്.
മറെ മടങ്ങി, നാല് മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം
മുൻ ലോക ഒന്നാം നമ്പർ താരവും മൂന്ന് ഗ്രാൻഡ് സ്ലാമുകൾക്ക് ഉടമയുമായ ബ്രിട്ടന്റെ പ്രൊഫഷണല്‍ ടെന്നീസ് താരം ആന്റി മറെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. അവസാന മത്സരത്തിൽ സ്പാനിഷ് താരം റോബെർട്ടോ ബാറ്റിസ്റ്റ അഗട്ടിനോട് 4 മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 4-6, 7-6, 7-6, 2-6 എന്ന സ്കോറിനാണ് മറെ കളിക്കളത്തിനോട് വിട പറഞ്ഞത്. കുറച്ച് നാളുകളായി പരിക്കിന്‍റെ പിടിയിലായിരുന്ന മറെ ഇത് തന്‍റെ അവസാന പരമ്പര ആയിരിക്കും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ‘Maybe I’ll see you again’ എന്ന മറെയുടെ വാക്കുകള്‍ ടെന്നീസ് ആരാധകരില്‍ വീണ്ടും പുതു പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. മറെ വിംബിള്‍ഡണ്‍ കൂടി കളിച്ച് നാട്ടില്‍ കരിയര്‍ അവസാനിപ്പിക്കുണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നതിനിടയിലാണ് ഈ വാക്കുകള്‍.
നേരത്തെ മറെ നല്‍കിയ സൂചനകള്‍ ശരിയാവുകയാണെങ്കില്‍ ഇന്ന് താരത്തിന്റെ അവസാന മത്സരം ആകേണ്ടതാണ്. എന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഏറ്റ തോല്‍വി താരത്തെ വീണ്ടും കോര്‍ട്ടില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നുവെന്ന് വേണം ഇന്നത്തെ വാക്കുകളില്‍ നിന്ന് ഒരു ടെന്നീസ് പ്രേമി മനസ്സിലാക്കേണ്ടത്.
2013 ലും 16 ലും വിമ്പിൾ കരസ്ഥമാക്കിയ മറെ 2013ൽ യു എസ് ഓപ്പൺ വിജയിയായി. രണ്ടു തവണ ഒളിമ്പിക്സ് ഗോൾഡ് മെഡൽ
സ്വന്തമാക്കിയ മറെ, ബ്രിട്ടൻ കണ്ട ഏറ്റവും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളാണ്.
ഓസ്‌ട്രേലിയൻ ഓപ്പൺ : നദാൽ, ഫെഡറർ ഒരേ ഹാഫിൽ
ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ലൈനപ്പ് പൂർത്തിയായി. നിലവിലെ ചാമ്പ്യൻ റോജർ ഫെഡററും, നദാലും ഒരേ ഹാഫിൽ ആണെന്നുള്ളത് ഫൈനലിന് മുന്നേയുള്ള ഫൈനൽ ആകും എന്നത് തീർച്ച. പക്ഷേ സെമി വരെ എത്തുക എന്നത് ദീർഘകാലമായി പരിക്കിന്റെ പിടിയിലുള്ള നദാലിനും, പ്രായം അത്യാവശ്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഫെഡറർക്കും എളുപ്പമാകില്ല. മറുവശത്ത് മിന്നും ഫോമിലുള്ള ജോക്കോവിച്ച് ടൂർ ഫൈനൽസിൽ തന്നെ പരാജയപ്പെടുത്തിയ സ്വരേവിന്റെ ഹാഫിലാണ്. പക്ഷേ മേജർ ടൂർണമെന്റുകളിൽ യുവനിരയ്ക്ക് കാര്യമായ വെല്ലുവിളികൾ ഉയർത്താൻ സാധിക്കുന്നില്ല എന്നത് കണക്കിലെടുത്താൽ ജോക്കോവിച്ച് ഫൈനൽ വരെ എത്തുമെന്ന് തന്നെ കണക്ക് കൂട്ടാം. പരിക്കിൽ നിന്ന് മുക്തനായി മറെയും എത്തുന്നുണ്ട്. ഇതോടെ കുറേ കാലങ്ങൾക്ക് ശേഷം ‘ബിഗ് ഫോർ’ ഒരുമിച്ച് കളത്തിൽ ഇറങ്ങുന്ന ടൂർണമെന്റ് എന്ന പ്രത്യേകതയും ഓസ്‌ട്രേലിയൻ ഓപ്പണിനുണ്ട്.
വനിതകളിൽ സിമോണ ഹാലെപ്, സെറീന എന്നിവർ ഒരേ ഹാഫിലാണ്. ആദ്യ മത്സരത്തിൽ സിമോണ നേരിടുന്നത് കനേപ്പിയെ ആണെന്നത് തുടക്കം മുതൽ ഒന്നാം സീഡിന് കാര്യങ്ങൾ അവതാളത്തിലാക്കും.
പ്രവചനം : കഴിവിനൊത്ത് ഉയരാത്ത യുവനിര ഇത്തവണ പുരുഷന്മാരുടെ ഫൈനലിൽ എത്തുകയോ, കപ്പ് ഉയർത്തുകയോ ചെയ്താൽ അത്ഭുതപ്പെടാനില്ല. പുരുഷ ടെന്നീസിൽ മാറ്റങ്ങൾക്ക് സമയമായി എന്നുതന്നെയാണ് കഴിഞ്ഞ വർഷം നൽകുന്ന സൂചന.
ടീനേജ് കടന്ന് ഫെഡറർ
വാക്കുകൾ മുറിഞ്ഞ് മൈക്കിന് മുന്നിൽ വീണ്ടും ഒരു വിതുമ്പൽ. ടെന്നീസ് കോർട്ടിലെ ദൈവം മത്സര ശേഷം ഒരു സാധാരണ മനുഷ്യനായി മാറുന്ന കാഴ്ച. മുൻപും ഫെഡറർ ഇങ്ങനെയാണ് നദാലിനോട് തോറ്റപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. ബാഗ്ദാദിസിനോട് ജയിച്ചപ്പോഴും അതങ്ങനെ തന്നെയായിരുന്നു. വലിയ പരാജങ്ങളും, വിജയങ്ങളും മിക്കപ്പോഴും കരച്ചിലോടെയാണ് അയാൾ എതിരേറ്റിട്ടുള്ളത്. കളിക്കാൻ കോർട്ടിൽ ഇറങ്ങിയാൽ ഒരു യോഗിയെ അനുസ്മരിപ്പിക്കും വിധം ഭാവ വ്യത്യാസങ്ങൾ തെല്ലും പ്രകടിപ്പിക്കാതെ, വലിയ കളികൾക്ക് ശേഷം ഒരു കുഞ്ഞിനെ പോലെ വിതുമ്പുന്നത് ബേസ്‌ലൈനിന്റെ പുറകിൽ നിന്ന് എതിരാളിയെ കബളിപ്പിച്ച് തൊടുക്കുന്ന ഡ്രോപ്പ് ഷോട്ട് പോലെ അനുപമമാണ് എന്നുപറയാതെ വയ്യ. എല്ലാവരും എഴുതി തള്ളിയ ഇടത്തുനിന്ന് ഉയർത്തെഴുനേറ്റ് ഗ്രൻഡ്സ്ലാം കിരീട നേട്ടങ്ങളിൽ ‘ടീനേജും’ പിന്നിട്ട് കുതിക്കുമ്പോൾ ഒരാളെ വികാരങ്ങൾ കീഴ്പ്പെടുത്താതിരിക്കുന്നതെങ്ങിനെ ?
അനായാസം ജയിക്കുമെന്ന് തോന്നിപ്പിക്കുമ്പോൾ മത്സരത്തിൽ എതിരാളിക്ക് ബ്രേക്ക് നൽകുകയും, ഇനി രക്ഷയില്ല എന്നു തോന്നുമ്പോൾ അത്ഭുതകരമാം വിധത്തിൽ തിരിച്ചു വന്ന് ആരാധകരേയും ഒപ്പം എതിരാളിയെ പോലും ഞെട്ടിക്കുകയും ചെയ്യുക എന്ന പതിവിന് ഇക്കൊല്ലവും മാറ്റമൊന്നും വന്നിട്ടില്ല. നിർണ്ണായക അഞ്ചാം സെറ്റിലെ ആദ്യ ഗെയിമിൽ തന്നെ മത്സരം കൈവിട്ടുവെന്ന് തോന്നിപ്പിക്കുകയും നിമിഷങ്ങൾക്കുളളിൽ എതിരാളിയിൽ നിന്ന് തട്ടിപ്പറിക്കുകയും ചെയ്യുക എന്നതായിരുന്നു ഇക്കൊല്ലവും ഫെഡറർ ചെയ്തത്. ആദ്യ സെറ്റ് അനായാസം നേടുകയും രണ്ടുസെറ്റിന്റെ ലീഡിൽ നിൽക്കുമ്പോൾ നാലാം സെറ്റിൽ കിട്ടിയ അവസരം പാഴാക്കുകയും ചെയ്തതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. പക്ഷേ എതിരാളിയെ രണ്ടുതവണ ബ്രേക്ക് ചെയ്ത് അനായാസം തന്റെ സർവ്വീസ് ഗെയിമുകളുടെ വേഗതയിൽ സെറ്റും കിരീടവും ഫെഡറർ സ്വന്തമാക്കി.
ഏതുദേശവും, ഏത് സ്റ്റേഡിയവും ഫെഡറർക്ക് സ്വന്തം തട്ടകമാണ്. റാക്കറ്റ് കൊണ്ടുള്ള അയാളുടെ മായാജാലം കാണാൻ എവിടേയും ആരാധകർ കൂട്ടമായി ഒഴുകിയെത്തും. അസാധ്യം എന്നു തോന്നിപ്പിക്കുന്ന വോളികൾ നിസ്സാരമായി എതിരാളിയുടെ കോർട്ടിലേക്ക് കോരിയിടുമ്പോൾ അയാൾ മനോഹരമായ ഒരു പെയിന്റിങ് ആണെന്ന് തോന്നും, ഫോർഹാൻഡ് ഷോട്ടുകൾ ഉതിർക്കുമ്പോഴുള്ള ചടുലമായ ചുവടുവയ്പ്പുകൾ കണ്ടാൽ അയാൾ കോർട്ടിൽ നൃത്തം ചെയ്യുകയാണോ എന്നുതോന്നും, ഒറ്റക്കൈയ്യൻ ബാക്ക്ഹാൻഡിൽ കളിക്കുമ്പോൾ പതിഞ്ഞ താളത്തിൽ കോർട്ടിൽ അയാൾ കവിതകൾ രചിക്കുകയാണെന്ന് തോന്നും. വരകളിൽ തൊട്ടുള്ള അളന്നു മുറിച്ച എയ്സുകൾ പായിക്കുമ്പോൾ അയാൾ ഒരു ഗണിത ശാസ്ത്രജ്ഞനാണോ എന്നു സംശയം തോന്നിപ്പോകും. എതിരാളിയുടെ കോർട്ടിൽ പതിച്ച് തിരികെ നെറ്റിലേക്ക് പോരുന്ന ഡ്രോപ്പ് ഷോട്ടുകൾ കളിക്കുമ്പോൾ അയാൾ ടെന്നീസ് പന്തിനെ നിഗൂഢമായി നിയന്ത്രിക്കുന്ന ഇന്ദ്രജാലക്കാരനാണോ എന്നുതോന്നിപ്പോകും. ഫെഡറർ എപ്പോഴും കോർട്ടിലെ വിരുന്നാകുന്നത് ഇങ്ങനെയൊക്കെയാണ്.
മുപ്പത്തിയാറാം വയസ്സിലും ഈ മാന്ത്രികത തുടരുന്നത് അനായാസമായ കേളി ശൈലി കൊണ്ടാണ്. കലിതുള്ളി വരുന്നവനെ ഒരു പുഞ്ചിരി കൊണ്ട് വരുത്തിയിലാക്കും വിധം അനായാസമായി വന്യമായ കരുത്തിനെ റാക്കറ്റുകൊണ്ടുള്ള സൗമ്യമായ ഒരു തലോടൽ കൊണ്ട് ഫെഡറർക്ക് സാധിക്കുന്നു എന്നത് അത്ഭുതമാണ്. തോൾക്കുമ്പോൾ പോലും ആരാധക ഹൃദയങ്ങളെ കീഴടക്കാൻ അയാൾ ഉതിർക്കുന്ന ഒരു ഷോട്ട് മതിയാവും. ഇത്രയേറെ ആളുകളെ ടെന്നീസിലേക്ക് അടുപ്പിച്ചത് ഫെഡറർ ആണെന്നതിൽ തർക്കമില്ല. കോർട്ടിലും വെളിയിലും അയാൾ പുലർത്തുന്ന വിനയം, ചെയ്തു കൂട്ടുന്ന പ്രവൃത്തികൾ ഫെഡററെ സ്നേഹിക്കാൻ അതിൽ കൂടുതൽ ഒരുപാട് കാരണങ്ങൾ വേണമെന്നില്ല. അയാൾ വിജയിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു കിരീടങ്ങൾ നേടാത്തപ്പോഴും, നേടുമ്പോഴും, ഒന്നാം സ്ഥാനത്ത് തുടർന്നപ്പോഴും ഒരുപാട് പിന്നിലായി പോയപ്പോഴും. ഇനിയും അതങ്ങനെ തന്നെ തുടരും. ഇനിയും പിടി തരാത്ത മാന്ത്രികത ഒളിപ്പിച്ചു വച്ചിട്ടുള്ള ആ കൈകൾ റാക്കറ്റ് താഴെ വയ്‌ക്കും വരെ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Fanzone: മുപ്പത്തിആറിലും തിളക്കം കെടാതെ ഫെഡറർ എന്ന ഇതിഹാസം
ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇന്നലെ തന്റെ ഇരുപതാം ഗ്രാൻഡ്സ്ലാം കിരീടം ചൂടി തന്റെ എതിരാളിയെയും ആരാധകരെയും മത്സര സംഘാടകരെയും അഭിസംബോധന ചെയ്ത് നന്ദിയും പറഞ്ഞു ഒന്നര മിനുട്ടോളം വേദിയിൽ നിന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ റോജർ ഫെഡററുടെ ആ മുഖം കണ്ടാൽ അറിയാം ആ കായിക താരത്തിന്റെ അഹങ്കാരമോ നേട്ടങ്ങളുടെ അമിതാവേശമോ ഒട്ടും പോലും ഇല്ലാത്ത ആ മനസ്സ്.
എതിരാളികൾക്ക് മേലെ നിർണായക പോയിന്റുകൾ നേടുമ്പോൾ ഭീകര ശബ്ദവും ആംഗ്യ പ്രകടനങ്ങളും ബാറ്റ് നിലത്തേക്ക് എറിഞ്ഞുമൊക്കെ രോഷം തീർക്കുന്ന നിമിഷങ്ങൾ ടെന്നിസ് കോർട്ടുകളിൽ നാം ധാരാളം കാണുന്നതാണ്. അത്തരം നിമിഷങ്ങളിൽ ഒരു പുഞ്ചിരി തൂകി കമ്മോൺ എന്ന ഒരൊറ്റ വാക്കിൽ ഒതുക്കി തന്റെ മുഷ്ട്ടികൾ രണ്ടു കുലുക്കൽ കുലുക്കി സ്വയം നിയന്ത്രിക്കുന്ന ഫെഡററെ കാണാൻ എന്തൊരു ഭംഗിയാണ്. ഒഫീഷ്യലുകളുടെ തെറ്റോ ശെരിയോ ആയ തീരുമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രശംസിനീയമാണ്.
തന്റെ മുപ്പത്തിആറാം വയസ്സിലും ടെന്നീസ് കോർട്ടിലെ ഒരുപാട് യവ്വനങ്ങളെ തന്റെ കായികമികവുകൊണ്ടു പിന്നിലാക്കി ഫെഡറർ ജൈത്രയാത്ര തുടരുമ്പോൾ പറയാനുള്ളത് ഒന്നേ ഒള്ളൂ. “പഴകി കൊണ്ടിരിക്കുന്ന ഫെഡറർ എന്ന ഇതിഹാസത്തിനു വീര്യം കൂടിക്കൊണ്ടിരിക്കുകയാണ് ”
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
നിത്യയൗവ്വനമോ രക്തരക്ഷസോ റോജർ ഫെഡറർ!
നിത്യയൗവ്വനം(Vintage)! റോജർ ഫെഡററിനോട് ചേർത്ത് പലരും പറയുന്ന ഒരു പദമാണിത്. 36 മത്തെ വയസ്സിൽ ഗ്രാൻഡ്സ്ലാം ജയിക്കുന്ന, ഇങ്ങനെ പൊരുതുന്ന മനുഷ്യനെ എന്ത് വിളിക്കാനാണ് പിന്നെ. ടെന്നീസ് പോലെ ഇത്രയും കായികക്ഷമത വേണ്ടൊരു കളിയിൽ തനിക്ക് 10 വയസ്സിന് താഴെയുള്ളവരോട് പൊരുതി നിൽക്കുന്ന, 3,4 മണിക്കൂർ 5 സെറ്റ് കളിക്കുന്ന ‘വയസ്സൻ’ ഫെഡററിൽ യൗവ്വനമില്ലാതെയെങ്ങനെയാണ്. എത്രത്തോളം അനുഗ്രഹീതനെന്ന് പറഞ്ഞാലും വയസ്സിനെ കീഴടുക്കുന്ന ഏതോ മന്ത്രവാദിയാണ് ഫെഡറർ എന്ന് ചിലർ സംശയിച്ചാലും അതിശയിക്കേണ്ടതില്ല. പക്ഷെ കളി കഴിഞ്ഞ് ജയിച്ചതിന്റെ അഹങ്കാരമോ അമിതാഹ്ലാതമോ ഇല്ലാതെ കരയുന്ന ഫെഡററെ കാണുമ്പോൾ വീണ്ടും ഇതായിരുന്നോ ആ ഫെഡറർ എന്ന് വീണ്ടും സംശയിക്കും.
അല്ലെങ്കിൽ ഫെഡറർ ഒരു Vampire(രക്തരക്ഷസ്) ആണോ? മറ്റുള്ളവരുടെ യൗവ്വനം മോഷ്ടിക്കുന്ന രക്തരക്ഷസ്! ഇന്ന് ഫൈനലിൽ അഞ്ചാം സെറ്റിൽ വന്ന സംശയമാണിത്. എന്തൊരു ടെന്നീസാണ് സിലിച്ച് നാലാം സെറ്റിൽ പുറത്തെടുത്തെത്. ബ്രക്ക് വഴങ്ങിയ ശേഷം അസാധ്യമെന്ന് തോന്നുന്ന ടെന്നീസ് കളിച്ച സിലിച്ചിനെ കണ്ടപ്പോൾ സങ്കടം കൊണ്ട് മുഖം കുനിഞ്ഞു. ഇനിയില്ല എന്ന് ആരോ മനസ്സിൽ പറയുന്ന പോലെ.
5 സെറ്റ് മത്സരത്തിൽ ഫെഡററെ തോൽപ്പിച്ചവർ വിരലിലെണ്ണാവുന്നവരെന്ന് അറിഞ്ഞിട്ടും, 2 – 1 സെറ്റ് ലീഡ് ചെയ്തിട്ട് ഒരിക്കൽ മാത്രമെ ഫെഡറർ തോറ്റിട്ടുള്ളു എന്നറിഞ്ഞിട്ടും ഒരുൾവിളി. എന്തോ 36 കാരൻ വയസ്സനല്ലെ ഫെഡറർ എന്ന ചിന്തയാണോ എന്നറിയില്ല. ഇതേ പോലെ തന്നെയായിരുന്നു കഴിഞ്ഞ വർഷവും നദാൽ അവസാനം വരെ ജയിക്കും(കൂടുതൽ സങ്കടം വരാതിരിക്കാൻ) എന്ന് പറഞ്ഞ് തന്നെയാണ് ടി.വിക്ക് മുമ്പിലിരുന്നത്.
പക്ഷെ മറന്ന് പോയത് ഇത് ഫെഡറർ ആണെന്നതാവണം. നാലാം സെറ്റിലെ ഫെഡററെ ആയിരുന്നില്ല അഞ്ചിൽ. ആദ്യ സർവ്വീസ് രണ്ട് ബ്രക്ക് പോയിന്റിൽ നിന്ന് രക്ഷപ്പെട്ട ശേഷം കണ്ടത് ആ സോ കോൾഡ് വിന്റേജ് ഫെഡററെ ആയിരുന്നു. സിലിച്ചിന്റെ മൊത്തം ഊർജ്ജവും വലിച്ചെടുത്ത പോലെ ബ്രക്കിന് പിറകെ ബ്രക്കും സെറ്റും, മത്സരവും ഫെഡറർ സ്വന്തമാക്കുന്നത് കണ്ടപ്പോൾ നാലാം സെറ്റ് നടന്നത് കുറെ വർഷം മുമ്പോ എന്ന് സംശയിച്ച്. ശരിക്കും ഇതാണ് ഫെഡറർ, എന്നും എല്ലാർക്കും ഒരുപിടി മുകളിൽ നിൽക്കുന്നവൻ. ജയിച്ചപ്പോൾ സന്തോഷം അടക്കാൻ വയ്യാത്തപ്പോയും ഓടി വന്നത് കഴിഞ്ഞ വർഷമായിരുന്നു, നദാലിനെ തോൽപ്പിച്ച 18 ന്റെ മധുരത്തിന് പകരമാവാൻ ഒരു 20 തിനുമാവില്ലെന്ന് ആരറിയുന്നു.
മത്സരശേഷം ഫെഡറിനൊപ്പം ലോകം മൊത്തം കരഞ്ഞിരിക്കണം. ഇത് പഴയ വയസ്സൻ ഫെഡറർ തന്നെ. നിത്യയൗവ്വനം മോഹിക്കുന്ന രക്തരക്ഷസല്ല അയ്യാൾ. 20 ഗ്രാൻഡ്സ്ലാം നേട്ടത്തിലും, റെക്കോർഡ് ആസ്ട്രേലിയൻ ഓപ്പൺ നേട്ടത്തിലും എളിമയോടെ മനുഷ്യനായി നിൽക്കാൻ കഴിയുന്ന ഇതിഹാസമാണയാൾ, വെറും മനുഷ്യൻ. അതാവും ഫെഡററിനെ എല്ലാർക്കും ഇഷ്ടം, അല്ലേൽ ആർക്കാണയ്യാളെ വെറുക്കാൻ പറ്റുക.
അയ്യാളെല്ല ലോകത്തെ ഏറ്റവും മഹാനായ എക്കാലത്തേയും മികച്ച ടെന്നീസ് താരമെന്ന് കരുതുന്നവർ ഇനിയും കാണും പക്ഷെ അയ്യാളാണ് ടെന്നീസ് കണ്ട സ്പോർട്സ് കണ്ട ഏറ്റവും മഹാനായ മനുഷ്യനെന്ന് അവര് പോലും സമ്മതിച്ചേക്കും. ചിലപ്പോൾ ടെന്നീസിനേക്കാൾ അയ്യാൾ വളർന്നിരിക്കണം. മനസ്സിൽ ഫെഡറർ ബിംബമായി കൊണ്ട് നടക്കുന്ന, ഈ ഗ്രാൻഡ്സ്ലാം പോലും രണ്ട് ദിവസം കഴിഞ്ഞ് വരുന്ന പിറന്നാളിനു മാസ്റ്ററിന്റെ സമ്മാനമായി കരുതുന്ന റോജർ ഫെഡറർ ഫാനിന് അയ്യാൾക്കപ്പുറം ഒന്നുമില്ല. അതാവും ഇന്നും ഫെഡറർ വിരമിക്കണം എന്ന് പറയുന്നവരോട് അടക്കാത്ത ദേഷ്യം വരുന്നത്. ഫെഡറർ ഒരു വീഞ്ഞാണ്, വിലമതിക്കാനാവാത്ത, പ്രായം കൂടും തോറും വീര്യം കൂടുന്ന, മയക്കുന്ന, പ്രണയത്തിലാക്കുന്ന വീഞ്ഞ്. ആസ്വദിക്കുക മതിവരോളം കാരണം ഇനി ഇത് പോലൊന്ന് ഒരിക്കലും കാണില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
റോജർ ഫെഡറർക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ
ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ 20ആം ഗ്രാൻഡ് സ്ലാം കിരീടം നേടി റോജർ ഫെഡറർ. ഫൈനലിൽ മരിൻ സിലിച്ചിനെ തോൽപ്പിച്ചാണ് ഫെഡറർ തന്റെ ആറാമത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം തന്റെ ഷെൽഫിലെത്തിച്ചത്. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്. സ്കോർ 6-2,6-7(7/5),6-3,3-6,6-1.
ഇതോടെ ആധുനിക പുരുഷ ടെന്നീസിലെ പകരം വെക്കാനില്ലാത്ത ആൾരൂപമായി 36കാരനായ ഫെഡറർ. മെൽബണിലെ കഠിനമായ ചൂടിലും തളരാതെ അഞ്ച് സെറ്റ് പോരാട്ടത്തിലാണ് ഫെഡറർ കിരീടം ചൂടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഹാലെപ്പിന് കാലമായില്ല; കരോളിൻ വോസ്നിയാക്കിക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ
ഓസ്‌ട്രേലിയൻ ഓപ്പണിന്റെ കിരീട പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം റുമാനിയയുടെ സിമോണ ഹാലെപ്പിന് തോൽവി. ആദ്യ രണ്ടു സീഡുകൾ തമ്മിലുള്ള ആവേശ പോരാട്ടത്തിൽ രണ്ടാം സീഡ് ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാക്കിയാണ് സിമോണയെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ 7-6, 3-6, 6-4.
ഈ വിജയത്തോടെ തിങ്കളാഴ്ച പുറത്തിറങ്ങുന്ന റാങ്കിങ്ങിൽ ആറു വർഷങ്ങൾക്ക് ശേഷം ഒന്നാംസ്ഥാനം തിരിച്ചു പിടിക്കാനും വോസ്നിയാക്കിക്കായി. അഞ്ച് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒന്നാം സ്ഥാനം തിരികെ നേടിയ സെറീന വില്ല്യംസിന്റെ റെക്കോർഡ് ഇതോടെ വോസ്നിയാക്കി മറികടന്നു. വനിതകളിൽ പലപ്പോഴും ഏകപക്ഷീയമായ ഫൈനൽ മത്സരങ്ങൾ കണ്ടു ശീലിച്ച ആസ്വാദകർക്ക് വിരുന്നായിരുന്നു ഇന്നത്തെ മത്സരം. രണ്ടുതാരങ്ങളും ഒന്നാംസ്ഥാനം സ്വന്തമാക്കുകയും ഗ്രൻഡ്സ്ലാം കിരീടങ്ങൾ നേടാതിരിക്കുകയും ചെയ്തവരാണ് എന്നുള്ളത് മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിച്ചു എന്നുവേണം പറയാൻ.
വർഷങ്ങൾക്ക് മുൻപ് അറുപതിലധികം ആഴ്ചകൾ ഒന്നാംസ്ഥാനം കയ്യാളുകയും ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ നേടാതിരിക്കുകയും ചെയ്ത താരമെന്ന ദുഷ്‌പേര് മായ്ക്കാനും വോസ്നിയാക്കിക്ക് ഈ വിജയത്തോടെ സാധിച്ചു. ആദ്യ സെറ്റ് വോസ്നിയാക്കി അനായാസമായി നേടുമെന്ന് തോന്നിപ്പിച്ച അവസരത്തിൽ സെമി ഫൈനലിൽ കെർബർക്കെതിരെ പുറത്തെടുത്ത പോരാട്ട വീര്യം ഹാലെപ്പ് ആവർത്തിച്ചതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ച ഹാലെപ്പ് രണ്ടാം സെറ്റ് 6-3 ന് നേടി. പക്ഷേ മൂന്നാം സെറ്റിൽ ഉണർന്നു കളിച്ച വോസ്നിയാക്കി സെറ്റും മത്സരവും സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടുകയും ഗ്രൻഡ്സ്ലാം കിരീടം നേടാതിരിക്കുകയും ചെയ്ത താരമെന്ന മോശം റെക്കോർഡ് മറികടക്കാൻ ഹാലെപ്പിന് ഇനിയും കാത്തിരിക്കേണ്ടി വരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ചൊങ് പിന്മാറി, ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
ദക്ഷിണ കൊറിയന്‍ താരം ചൊങ് പരിക്ക് മൂലം സെമിയില്‍ നിന്ന് പിന്മാറിയപ്പോള്‍ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ജേതാവായ ഫെഡറര്‍ 6-1, 5-2 എന്ന സ്കോറിനു മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോളാണ് ചൊങിനു പരിക്കേറ്റത്. ഫെഡറര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ക്രൊയേഷ്യയുടെ ആറാം നമ്പര്‍ സീഡ് മരിന്‍ സിലിച്ചിനെ നേരിടും.
ഫൈനല്‍ ജയിക്കാനായാല്‍ ഫെഡറര്‍ക്ക് ആറാം ഓസ്ട്രേലിയന്‍ ഓപ്പണും 20ാം ഗ്രാന്‍ഡ് സ്ലാം കിരീടവും സ്വന്തമാക്കാനാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
വനിതകളിൽ ആദ്യ സീഡുകൾ തമ്മിൽ ഫൈനൽ
വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതകളിലെ ആദ്യ രണ്ട് സീഡുകൾ തമ്മിലുള്ള ഫൈനൽ. ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ് മുൻ ചാമ്പ്യനും ഒന്നാം നമ്പർ താരവുമായിരുന്ന ജർമ്മനിയുടെ കെർബർക്കെതിരെ മാച്ച് പോയിന്റുകൾ അതിജീവിച്ചാണ് ഫൈനലിൽ കടന്നത്.
ആദ്യ സെമിയിൽ ബെൽജിയത്തിന്റെ മാർട്ടെൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് വോസ്നിയാക്കി ഫൈനലിൽ കടന്നത്. ഫൈനലിൽ ആര് ജയിച്ചാലും അവർ പുതിയ ഒന്നാം നമ്പർ താരമാകും എന്നത് ഫൈനലിന്റെ ആവേശം ഇരട്ടിയാക്കും എന്നുറപ്പ്.
ജനുവരി 27 ശനിയാഴ്ചയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗം ഫൈനൽ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഫെഡറർ × ചൊങ് സെമി
തുടക്കത്തിലെ പതർച്ചക്ക് ശേഷം ശക്തമായി തിരിച്ചുവന്ന റോജർ ഫെഡറർ ക്വാർട്ടർ ഫൈനലിലും ഒരു സെറ്റ് പോലും എതിരാളിക്ക് അടിയറ വയ്ക്കാതെ ജയിച്ചു കയറി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിക്കിനെതിരെ ആയിരുന്നു നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററുടെ വിജയം. മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ചൊങ് അമേരിക്കയുടെ സാൻഡ്ഗ്രീനെ തകർത്ത് സെമിയിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഈ യുവ കൊറിയൻ താരത്തിന്റെ വിജയവും. ജോക്കോവിച്ചെനെതിരെ പുറത്തെടുത്ത മികവ് ഇന്നത്തെ മത്സരത്തിലും ആവർത്തിച്ച ചൊങ് സെമിയിൽ റോജർക്ക് വെല്ലുവളിയാവും എന്നതിൽ സംശയമില്ല.
വനിതകളിൽ മുൻ ഒന്നാം സീഡ് ജർമ്മനിയുടെ കെർബർ സെമിയിൽ പ്രവേശിച്ചു. അമേരിക്കയുടെ മാഡിസൺ കീസിനെതിരെ അനായാസമായിരുന്നു കെർബറുടെ വിജയം. മറ്റ് ക്വാർട്ടറിൽ നിലവിലെ ഒന്നാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ് സെമിയിൽ പ്രവേശിച്ചു. ആറാം സീഡ് പ്ലിസ്‌കോവയെ ആണ് ഹാലെപ് നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയത്. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ അടങ്ങിയ ബൊപ്പണ്ണ ബബോസ് സഖ്യം സെമിയിൽ പ്രവേശിച്ചു. ബൊപ്പണ്ണയുടെ കൂട്ടാളി ബബോസ് വനിതകളുടെ ഡബിൾസ് വിഭാഗത്തിൽ ഫൈനലിൽ ഇടം നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial