ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് ഷറപ്പോവ പുറത്ത്, പ്ലിസ്കോവ രണ്ടാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് മുൻ ലോക ഒന്നാം നമ്പർ താരവും ഗ്രാന്റ് സ്‌ലാം ജേതാവും ആയ മരിയ ഷറപ്പോവ പുറത്ത്. സമീപകാലത്ത് മോശം ഫോമിൽ തുടരുന്ന റഷ്യൻ താരത്തെ 19 സീഡായ ക്രൊയേഷ്യൻ താരം ഡോണ വെകിച്ച് ആണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റിൽ വെകിച്ച് ആധിപത്യം പുലർത്തിയപ്പോൾ 6-3 നു സെറ്റ് ക്രൊയേഷ്യൻ താരത്തിന് സ്വന്തം. രണ്ടാം സെറ്റിൽ പക്ഷെ നന്നായി പൊരുതുന്ന ഷറപ്പോവയെ ആണ് കണ്ടത്. വെകിച്ചിന്റെ സർവീസ് ഭേദിച്ച് മുന്നിലെത്തിയ ഷറപ്പോവക്ക് എതിരെ പക്ഷെ തിരിച്ചടിച്ച ക്രൊയേഷ്യൻ താരം തുടർച്ചയായ നാല് ഗെയിമുകൾ സ്വന്തമാക്കി 6-4 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.

ഫ്രഞ്ച് താരം ക്രിസ്റ്റീനക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം സീഡ് ചെക് താരം കരോളിന പ്ലിസ്കോവ ജയം കണ്ടത്. ആദ്യ സെറ്റ് 6-1 നു സ്വന്തമാക്കിയ ചെക് താരം രണ്ടാം സെറ്റിൽ കുറച്ച് കൂടി വിയർക്കേണ്ടി വന്നു. എന്നാൽ 7-5 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയ ചെക് താരം ഫ്രഞ്ച്‌ താരത്തിന്റെ പോരാട്ടത്തിന് ചെക് പറഞ്ഞു. അതേസമയം ക്രൊയേഷ്യൻ താരം അന്ന കരോളിനയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് സ്വിസ് താരവും ആറാം സീഡുമായ ബെലിന്ത ബെനിച്ചും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-3, 7-5 എന്ന സ്കോറിന് ആയിരുന്നു സ്വിസ് താരത്തിന്റെ ജയം.

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, പ്രജനേഷ് പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷയായ പ്രജനേഷ് ഗുണേഷരൻ ആദ്യ റൗണ്ടിൽ പുറത്ത്. ജപ്പാൻ താരം കത്സുമ ഇറ്റോ ആണ് ഇന്ത്യൻ താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. ജയിച്ചിരുന്നെങ്കിൽ രണ്ടാം റൗണ്ടിൽ നിലവിലെ ജേതാവ് നൊവാക്‌ ജ്യോക്കോവിച്ച് ആവുമായിരുന്നു പ്രജനേഷിന്റെ എതിരാളി. ആദ്യ രണ്ട് സെറ്റുകൾ 6-4,6-2 എന്ന സ്കോറിന് വഴങ്ങിയ ഇന്ത്യൻ താരം മൂന്നാം സെറ്റിൽ പൊരുത്തിയെങ്കിലും 7-5 നു ജപ്പാൻ താരം സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. യോഗ്യത മത്സരം തോറ്റെങ്കിലും വൈൽഡ് കാർഡ് എൻട്രിയായി ആയിരുന്നു ഇന്ത്യൻ താരം ഓസ്‌ട്രേലിയൻ ഓപ്പണിൽ എത്തിയത്.

അതേസമയം മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ കടന്നു. ഫ്രഞ്ച് താരം കോറന്റിൻ മൗറ്റെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്രൊയേഷ്യൻ താരം മറികടന്നത്. 6-3,6-2,6-4 എന്ന സ്കോറിന് മത്സരം സ്വന്തമാക്കിയ സിലിച്ചിന് ഇത് മികച്ച തുടക്കം തന്നെയാണ്. 14 സീഡ് അർജന്റീനയുടെ യുവതാരം ഡീഗോ ഷ്വാർട്സ്മാനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ദക്ഷിണാഫ്രിക്കയുടെ സീഡ് ചെയ്യാത്ത ലോയിഡ് ഹാരിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഷ്വാർട്സ്മാൻ തകർത്തത്. സ്‌കോർ – 6-4,6-2,6-2.

വീനസിനെ വീണ്ടും വീഴ്ത്തി 15 കാരി കൊക്കോ ഗോഫ്

6 മാസങ്ങൾക്ക് മുമ്പ് വിംബിൾഡനിൽ സംഭവിച്ചത് വീണ്ടും ആവർത്തിക്കപ്പെട്ടു. ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ ഇതിഹാസതാരം വീനസ് വില്യംസിനെ വീണ്ടും പരാജയപ്പെടുത്തി കൊക്കോ ഗോഫ്. നാട്ടുകാരിയായ 39 കാരിക്ക് എതിരെ തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പണിൽ മികച്ച പ്രകടനം ആണ് 15 കാരിയായ ഗോഫ് പുറത്ത് എടുത്തത്. ടൈബ്രെക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ വീനസിന്റെ പരിചയസമ്പത്തിനെ മറികടന്ന ഗോഫ് 7-6 നു സെറ്റ് സ്വന്തമാക്കി മത്സരം തന്റെ വരുതിയിലാക്കി. രണ്ടാം സെറ്റിലും തന്റെ മികവ് തുടർന്ന ഗോഫ് 6-3 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. സോറേന ക്രിസ്റ്റിയാണ് കോഫിന്റെ രണ്ടാം റൗണ്ടിലെ എതിരാളി. ഇതിൽ ജയിച്ചാൽ മൂന്നാം റൗണ്ടിൽ നിലവിലെ ജേതാവ് നയോമി ഒസാക്ക ആവും ഗോഫിന്റെ എതിരാളി.

അതേസമയം ബ്രിട്ടീഷ് പ്രതീക്ഷയായ 12 സീഡ് യോഹാന കോന്റെ ഓസ്‌ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി. ഒന്സ് ജബേർ 6-4,6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബ്രിട്ടീഷ് താരത്തെ അട്ടിമറിച്ചത്. വലിയ തിരിച്ചടിയായി കോന്റെക്ക് ഈ പരാജയം. അതേസമയം 10 സീഡ് അമേരിക്കയുടെ മാഡിസൺ കീയ്‌സ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. റഷ്യയുടെ ദാരിയ കസ്ത്കിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കീയ്‌സ് മറികടന്നത്. 6-3, 6-1 എന്ന സ്കോറിന് മത്സരം ജയിച്ച അമേരിക്കൻ താരത്തിൽ നിന്ന് മികച്ച പ്രകടനം തന്നെയാണ് ഉണ്ടായത്.

ഉക്രൈൻ താരത്തിന്റെ വെല്ലുവിളി മറികടന്ന് ആഷ്‌ലി ബാർട്ടി രണ്ടാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒന്നാം സീഡ് ആഷ്‌ലി ബാർട്ടി. ഉക്രൈൻ താരം ലെസിയക്ക് എതിരെ ആദ്യ സെറ്റ് 7-5 നു നഷ്ടമായ ശേഷമാണ് ഫ്രഞ്ച് ഓപ്പൺ ജേതാവ് കൂടിയായ ആഷ്‌ലി ബാർട്ടി മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും തന്റെ മികവിലേക്ക് തിരിച്ചു വന്ന ഓസ്‌ട്രേലിയൻ താരം ഉക്രൈൻ താരത്തെ പിന്നീട് നിലം തൊടീച്ചില്ല. 6-1,6-1 എന്ന സ്കോറുകൾക്ക് ആയിരുന്നു രണ്ടും മൂന്നും സെറ്റുകൾക്ക് ബാർട്ടി സ്വന്തമാക്കിയത്.

അതേസമയം നാട്ടുകാരിയായ കാതറീന സിനിയകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഏഴാം സീഡ് പെട്ര ക്വിവിറ്റോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ക്വിവിറ്റോവയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 6-1,6-0 എന്ന സ്കോറിന് ആയിരുന്നു ചെക് റിപ്പബ്ലിക് താരത്തിന്റെ ജയം. അതിനിടെ മുൻ യു.എസ് ഓപ്പൺ ജേതാവ് ആയ 24 സീഡ് സ്ലോനെ സ്റ്റീഫൻസിനെ സീഡ് ചെയ്യാത്ത ചൈനയുടെ ചാങ് ഷുയായ് അട്ടിമറിച്ചു. ആദ്യ സെറ്റ് നേടിയ ശേഷം ആയിരുന്നു സ്റ്റീഫൻസിന്റെ തോൽവി. സ്‌കോർ – 2-6, 7-5, 6-2.

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെറീനയും ഒസാക്കയും

ഓസ്‌ട്രേലിയൻ ഓപ്പണിൽ റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം പിന്തുടരുന്ന ഇതിഹാസ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിൽ. റഷ്യയുടെ അനസ്താഷ്യ പോറ്റപോവയെ അക്ഷരാർത്ഥത്തിൽ തകർത്താണ് എട്ടാം സീഡ് ആയ സെറീന രണ്ടാം റൗണ്ടിൽ എത്തിയത്. ആദ്യ സെറ്റിൽ എതിരാളിയെ നിലം തൊടീക്കാത്ത സെറീന 6-0 സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും മികവ് തുടർന്ന സെറീന 6-3 രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. തുടർച്ചയായ ഗ്രാന്റ് സ്‌ലാം ഫൈനലുകളിലെ തോൽവിക്ക് പകരം വീട്ടാൻ ഇറങ്ങുന്ന സെറീന ഈ പ്രകടനത്തിലൂടെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് ആണ് നൽകിയത്. 58 മിനിറ്റിനുള്ളിൽ ജയം കണ്ട സെറീന 350 മത്തെ ഗ്രാന്റ് സ്‌ലാം ജയം ആണ് ഇതോടെ സ്വന്തമാക്കിയത്. കളിച്ച 74 ഗ്രാന്റ് സ്‌ലാമുകളിൽ ഇത് 73 മത്തെ തവണയാണ് ആദ്യ മത്സരത്തിൽ സെറീന ജയം കാണുന്നത്. അമേരിക്കൻ താരം ക്രിസ്റ്റിയെ 6-1,6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് മുൻ ലോക ഒന്നാം നമ്പർ ആയ കരോലിന വോസ്നിയാക്കിയും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി നിലവിലെ ജേതാവ് നയോമി ഒസാക്ക. മൂന്നാം സീഡ് ആയ ഒസാക്ക സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം മരിയ ബോസ്കോവയെ ആണ് മറികടന്നത്. തന്റെ മികവ് മത്സരത്തിൽ പൂർണമായും കൊണ്ട് വന്ന ഒസാക്ക 6-2,6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് താരത്തെ തകർത്തത്. തന്റെ തുടർച്ചയായ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ലക്ഷ്യമിടുന്ന ഒസാക്കക്ക് ഇത് വളരെ മികച്ച തുടക്കം തന്നെയാണ്. അതേസമയം അമേരിക്കയുടെ 14 സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇറ്റാലിയൻ താരം മാർട്ടിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്കൻ താരം മറികടന്നത്.

കരിയറിലെ 900 ജയം കുറിച്ച് ചരിത്രനേട്ടവുമായി നൊവാക്‌ ജ്യോക്കോവിച്ച്

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി നൊവാക്‌ ജ്യോക്കോവിച്ച്. രണ്ടാം സീഡ് ആയ സെർബിയൻ താരം ജർമ്മനിയുടെ സീഡ് ചെയ്യാത്ത യാൻ ലനാർഡ് സ്ട്രഫിനെ നാല് സെറ്റ് നീണ്ട മത്സരത്തിൽ മറികടന്ന് ആണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ജയത്തോടെ തന്റെ കരിയറിലെ 900 മത്തെ ജയം ആണ് ജ്യോക്കോവിച്ച് സ്വന്തമാക്കിയത്. രണ്ടാം സീഡ് ആണെങ്കിലും ഹാർഡ് കോർട്ടിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന ജ്യോക്കോവിച്ചിനു തന്നെയാണ് ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ ഒരു സെറ്റ് കൈവിട്ടു എങ്കിലും മികച്ച പ്രകടനം ആണ് ജ്യോക്കോവിച്ചിൽ നിന്നുണ്ടായത്. ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-2 നു അനായാസം നേടി. എന്നാൽ തിരിച്ചു വന്ന ജർമ്മൻ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. എന്നാൽ നാലാം സെറ്റിൽ തന്റെ വിശ്വരൂപം പുറത്തെടുത്ത ജ്യോക്കോവിച്ച് 6-1 നു നാലാം സെറ്റും മത്സരവും സ്വന്തമാക്കി.

ഓസ്‌ട്രേലിയയിൽ തന്റെ 17 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയയിൽ കിരീടം നിലനിർത്താൻ ആണ് ശ്രമിക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ജ്യോക്കോവിച്ച് ആ റെക്കോർഡ് മെച്ചപ്പെടുത്താൻ കൂടിയാണ് ശ്രമിക്കുന്നത്. ഒന്നാം റൗണ്ട് ജയത്തോടെ കരിയറിലെ 900 മത്തെ ജയം കുറിച്ച ജ്യോക്കോവിച്ച് ചരിത്രനേട്ടം ആണ് സ്വന്തമാക്കിയത്. ഇതിഹാസതാരങ്ങൾ ആയ കോണോർസ്, ലെന്റിൽ, വിലാസ് എന്നിവർക്ക് പുറമെ തന്റെ സമകാലികർ ആയ ഫെഡറർ, നദാൽ എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി മാറിയിരിക്കുകയാണ് ജ്യോക്കോവിച്ച് ഇതോടെ. ഫെഡറർക്ക് പുൽ കോർട്ട് എന്ന പോലെ നദാൽക്ക് കളിമണ്ണ് കോർട്ട് എന്ന പോലെ ഹാർഡ് കോർട്ടിൽ ആണ് ജ്യോക്കോവിച്ചിന്റെ ജയങ്ങളിൽ അധികവും.

കരിയറിലെ 78 മത്തെ കിരീടം ഈ ഓസ്‌ട്രേലിയൻ ഓപ്പണിലൂടെ ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിലെ ഹാർഡ് കോർട്ടിൽ കളിച്ച 77 മത്സരങ്ങളിൽ 69 ലും ജയം കണ്ടിട്ടുണ്ട്. കൂടാതെ കരിയറിലെ 64% ജയങ്ങളും ഹാർഡ് കോർട്ടിൽ ആണ് എന്നത് ജ്യോക്കോവിച്ചിന്റെ ഓസ്‌ട്രേലിയയിലെ കിരീടസാധ്യത കൂട്ടുന്നുണ്ട്. ഗ്രാന്റ് സ്‌ലാമിലെ 281 മത്തെ ജയം ആയിരുന്നു ജ്യോക്കോവിച്ചിനു ഇത്, കൂടാതെ തുടർച്ചയായ 10 ജയം ആണ് ജ്യോക്കോവിച്ച് ഓസ്‌ട്രേലിയയിൽ കുറിച്ചത്. തൊട്ട് മുമ്പ് നടന്ന എ. ടി. പി കപ്പിൽ സെർബിയയെ കിരീടം അണിയിച്ച ജ്യോക്കോവിച്ചിനെ തടയാൻ ഓസ്‌ട്രേലിയയിൽ ആർക്കെങ്കിലും ആവുമോ എന്ന് കണ്ടറിയണം. ചരിത്രനേട്ടത്തിൽ അഭിമാനം ഉണ്ടെന്ന് എന്നായിരുന്നു ജ്യോക്കോവിച്ച് മത്സരശേഷം പ്രതികരിച്ചത്. കൂടാതെ ഈ നേട്ടം തന്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ പ്രചോദനം ആവും എന്നും ലോക രണ്ടാം നമ്പർ താരം കൂട്ടിച്ചേർത്തു. 2003 ൽ കരിയർ തുടങ്ങിയ ജ്യോക്കോവിച്ചിനു ഈ നിലക്ക് 3,4 കൊല്ലം കൂടി തുടരാൻ ആയാൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ റോജർ ഫെഡററിന്റെ റെക്കോർഡ് പഴയ കഥയാവും എന്നുറപ്പാണ്.

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി ഷാപോവലോവ്

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി കാനഡയുടെ യുവതാരവും 13 സീഡുമായ ഡെന്നിസ് ഷാപോവലോവ്. മാർട്ടൺ ഫുസോവിക്സ് ആണ് കനേഡിയൻ താരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അന്ത്യമിട്ടത്. നാല് സെറ്റ് നീണ്ട മത്സരത്തിൽ പക്ഷെ തന്റെ മികച്ച പ്രകടനം നടത്താൻ കനേഡിയൻ താരത്തിന് ആയില്ല. ആദ്യ സെറ്റ് 6-3 നു കൈവിട്ട ഷാപോവലോവ് രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ തിരിച്ചു പിടിച്ചു എങ്കിലും മൂന്നാം സെറ്റ് 6-1 നു സ്വന്തമാക്കിയ മാർട്ടൺ മത്സരത്തിൽ ആധിപത്യം പിടിച്ചു. നാലാം സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടാൻ ഷാപോവലോവിന് ആയെങ്കിലും അനിവാര്യമായ തോൽവി പക്ഷെ ഒഴിവാക്കാൻ ആയില്ല.

അതേസമയം 25 സീഡ് ക്രൊയേഷ്യയുടെ ബോർണ കോരിക്കും ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ വലിയ സർവീസുകൾക്ക് പേര് കേട്ട സീഡ് ചെയ്യാത്ത സാം ക്യൂറേയാണ് കോരിക്കിനെ അട്ടിമറിച്ചത്. 6-3,6-4,6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ക്യൂറേയുടെ ജയം. മത്സരത്തിൽ 18 ഏസുകൾ ആണ് അമേരിക്കൻ താരം ഉതിർത്തത്. അതേസമയം 22 സീഡ് അർജന്റീനയുടെ പെല്ല ഓസ്‌ട്രേലിയൻ താരം ജോൺ പാട്രിക്‌ സ്മിത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ – 6-3,7-5,6-4.

ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഫെഡറർ, സ്റ്റിസ്റ്റിപാസ്

ഓസ്‌ട്രേലിയയിലെ കാട്ട് തീയെയും അതിജീവിച്ച് വർഷത്തിലെ ആദ്യ ഗ്രാന്റ് സ്‌ലാം ആയ ഓസ്‌ട്രേലിയൻ ഓപ്പണ് മുമ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ തുടക്കം. ആദ്യ ദിനമായ ഇന്ന് പുരുഷവിഭാഗത്തിൽ ഏതാണ്ട് അനായാസമായ തുടക്കം ആണ് പ്രമുഖ താരങ്ങൾക്ക് ലഭിച്ചത്. രാവിലെ സീഡ് ചെയ്യാത്ത അമേരിക്കൻ താരം സ്റ്റീവ് ജോൺസന് എതിരെ തന്റെ മികച്ച പ്രകടനം ആണ് 20 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ സ്വിസ് ഇതിഹാസതാരം റോജർ ഫെഡറർ പുറത്തെടുത്തത്. ഇത്തവണ ഓസ്‌ട്രേലിയയിൽ മൂന്നാം സീഡ് ആയ ഫെഡറർ 82 മിനിറ്റ് നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജോൺസന്റെ വെല്ലുവിളി അവസാനിപ്പിച്ചു. 6-3,6-2,6-2 എന്ന സ്കോറിന് അവസാനിച്ച മത്സരത്തിൽ ഉടനീളം പൂർണ്ണ ആധിപത്യം ആണ് ഫെഡറർ പുറത്തെടുത്തത്.

ഈ മികച്ച തുടക്കം ടൂർണമെന്റിൽ ഫെഡറർക്ക് വലിയ ആത്മവിശ്വാസം ആവും പകരുക. 2020 ൽ ആദ്യ മത്സരം കളിച്ച ഫെഡറർക്ക് വർഷത്തിലെ ആദ്യ ജയം കൂടിയായിരുന്നു ഇത്. അതേസമയം ഈ വർഷം അടുത്ത തലമുറയിൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്ന എ. ടി. പി ജേതാവ് കൂടിയായ ആറാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് തന്റെ തുടക്കം അതിഗംഭീരമാക്കി. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം കരൂസോക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട ഗ്രീക്ക് താരം തന്നെ അത്ര എളുപ്പം കിരീടപോരാട്ടത്തിൽ നിന്ന് എഴുതി തള്ളേണ്ട എന്ന വ്യക്തമായ സൂചന നൽകി. ആദ്യ സെറ്റിൽ എതിരാളിക്ക് ഒരു പോയിന്റ് പോലും നൽകാതിരുന്ന ഗ്രീക്ക് താരം രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-3 നും സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ ഹാരിസിനെ മറികടന്ന് യുവ ഇറ്റാലിയൻ താരം എട്ടാം സീഡ് മാറ്റിയോ ബരേറ്റിനിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ബരേറ്റിനിയുടെ ജയം. സ്‌കോർ : 6-3,6-1,6-3. അതേസമയം 18 സീഡ് ഗ്രിഗോർ ദിമിത്രോവും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അർജന്റീനയുടെ ലോണ്ടേറോക്ക് എതിരെ ആദ്യ സെറ്റ് 4-6 നു നഷ്ടമായ ശേഷം ആയിരുന്നു ദിമിത്രോവിന്റെ ജയം. സ്‌കോർ : 4-6, 6-2,6-0,6-4.

നോവാക്കിന് ഏഴാം കിരീടം

ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തിൽ റോജർ ഫെഡററേയും, റോയ് എമേഴ്‌സണേയും, ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ പീറ്റ് സംപ്രാസിനേയും ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തോടെ ജോക്കോവിച്ച് മറികടന്നു. ഇന്നലത്തെ ഫൈനലിൽ നദാലിനെ 6-3,6-3,6-3 എന്ന ഏകപക്ഷീയമായ സ്കോറിന് നിലം പരിശാക്കിയായിരുന്നു നോവാക്കിന്റെ കിരീട നേട്ടം. കഴിഞ്ഞ 3 സ്ലാമുകളും നേടി എതിരാളികൾ ഇല്ലാതെയാണ് ജോക്കോവിച്ച് മുന്നേറുന്നത്.

കടുത്ത മത്സരം പ്രതീക്ഷിച്ച സകലരേയും നിരാശരാക്കുന്ന വിധത്തിലായിരുന്നു നോവാക്കിന്റെ പ്രകടനം. ഗ്രൗണ്ട് സ്ട്രോക്കുകളിലും സർവ്വുകളിലും മികച്ച് നിന്ന ജോക്കോവിച്ച് നദാലിന് മേലെ ആദ്യ ഗെയിം മുതലേ കരുത്ത് കാട്ടി. എതിരാളിക്ക് ഒരു സെറ്റ് പോലും നൽകാതെ ഫൈനൽ വരെ എത്തിയ നദാലിനെ തുടർച്ചയായി വേണ്ട സമയങ്ങളിലെല്ലാം ബ്രേക്ക് ചെയ്ത് തുടക്കം മുതലേ മത്സരത്തിന്റെ ഗതി നിശ്ചയിക്കാൻ ജോക്കോവിച്ചന്റെ ഗെയിം പ്ലാനിന് കഴിഞ്ഞു എന്നുവേണം പറയാൻ.

ഇതുപോലെ നദാൽ അടുത്ത കാലത്തൊന്നും തോറ്റിട്ടില്ലെന്നത് എത്രമാത്രം ആധിപത്യത്തോടെയാണ് നൊവാക്ക് കളിച്ചതെന്ന് വ്യക്തമാക്കും. ഈയൊരു ലെവലിൽ കളിക്കാൻ മറ്റെന്തെങ്കിലും കണ്ടെത്തണം എന്നാണ് നദാൽ മത്സരശേഷം പ്രതികരിച്ചത്.

ഒസാക്കയ്ക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാന്റെ നവോമി ഒസാക്ക സ്വന്തമാക്കി. അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ രണ്ടുതവണ വിംബിൾഡൺ ജേത്രി കൂടിയായ ചെക്കിന്റെ ക്വിവിറ്റോവയെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് യുവതാരം കീഴടക്കിയത്. സ്‌കോർ 7-6,5-7,6-4.

രണ്ടാം സെറ്റിൽ മൂന്ന് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ലഭിച്ചെങ്കിലും ഒന്ന് പോലും മുതലാക്കാൻ ഒസാക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. തിരിച്ചടിച്ച് സെറ്റ് ക്വിവിറ്റോവ നേടിയതോടെ മത്സരം ആവേശകരമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. തുടക്കത്തിലെ ബ്രേക്ക് നിലനിർത്തിയ ഒസാക്ക സെറ്റും മത്സരവും സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടനേട്ടത്തോടെ ഒന്നാം സ്ഥാനവും ഒപ്പം ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിൽ എഴുതാനും ജപ്പാൻ താരത്തിനായി. കഴിഞ്ഞ യുഎസ് ഓപ്പണിൽ സെറീനയെ തകർത്ത് ആദ്യ സ്ലാം നേടിയ ശേഷം തുടർച്ചയായി ഒരു സ്ലാം കൂടി നേടുന്ന താരം, (2001 ന് ശേഷം), ആദ്യ ഏഷ്യൻ ഒന്നാം നമ്പർ, വോസ്നിയാക്കിക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ അങ്ങനെ ഒരുപിടി റെക്കോർഡുകളുമായാണ് ഒസാക്ക മടങ്ങുന്നത്.

മറുവശത്ത് ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച പ്രതിസന്ധികളിൽ നിന്ന് കയറി വന്നാണ് ക്വിവിറ്റോവ ഫൈനലിൽ എത്തിയത്. അതുകൊണ്ട് തന്നെയാകണം ക്വിവിറ്റോവയക്ക് എതിരെ കളിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ഒസാക്ക പറഞ്ഞതും.

കത്തിയിൽ തീരുന്നതല്ല ക്വിവിറ്റോവയെന്ന കോർട്ടിലെ കവിത

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ 2019 എഡീഷനിൽ വനിതാ സിംഗിൾസിൽ ഫൈനലിൽ എത്തിയ പെട്ര ക്വിവിറ്റോവ എന്ന പേര് ടെന്നീസ് പ്രേമികൾക്കിടയിൽ പുതിയതല്ല. ഒരു കവിത പോലെ മനോഹരമായ, ഇടം കൈ കൊണ്ടുള്ള ക്രോസ് കോർട്ട് ഷോട്ടുകളാൽ, വിംബിൾഡൺ പോലുള്ള സ്വപ്നവേദികളിൽ അവർ രചിച്ച ചരിത്രങ്ങൾ ഇന്നും ആരാധകർ മറന്നിട്ടില്ല. ഇടക്കെപ്പഴോ നിറം മങ്ങി പോയിരുന്നെങ്കിലും ആദ്യ പത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു 2017 വർഷത്തിൽ ക്വിവിറ്റോവ.

പക്ഷേ അറ്റകുറ്റപ്പണിയ്ക്ക് എന്ന വ്യാജേന വീട്ടിലെത്തിയ ഒരു മോഷ്ടാവിന്റെ കത്തി അരിഞ്ഞു വീഴ്ത്തിയത് അവരുടെ ടെന്നീസ് എന്ന സ്വപ്ന ചിറകുകളെ തന്നെയാണ്. ആക്രമിക്കുന്നവർക്ക് മുന്നിൽ എളുപ്പത്തിൽ കീഴ്പ്പെടാതെ, പ്രതിരോധിക്കാൻ ശീലിച്ച ഏതൊരു കായിക താരത്തേയും പോലെ അവരും പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ അതിനവർ നൽകിയ വില ഒരുപക്ഷേ അവരുടെ ടെന്നീസ് എന്ന കരിയർ തന്നെയാകുമായിരുന്നു. ഇടം കൈയ്യിലെ അഞ്ച് വിരലുകൾക്കും സാരമായി പരിക്കേറ്റ് ഇനി ടെന്നീസ് സാധ്യമല്ല എന്നു കരുതി 5 മാസം ഒന്നും ചെയ്യാനാകാതെ അവർ വീട്ടിലിരുന്നു. മോണിക്ക സെലസിനെ പോലുള്ളവരുടെ അനുഭവ കഥകൾ ഒരുനിമിഷം അവരുടെ മനസ്സിലൂടെ മിന്നി മറഞ്ഞിരിക്കണം.

ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധികളേയും അതിജീവിയ്ക്കുക എന്ന പാഠമാണ് ഏതൊരു കായിക വിനോദവും നമ്മെ പഠിപ്പിക്കുന്നത്. സാധ്യമല്ല എന്ന് മനസ്സ് പറയുമ്പോഴും സാധ്യമാണ് എന്നവരുടെ ഹൃദയം മന്ത്രിച്ചു കൊണ്ടേയിരുന്നിരിക്കണം. കോർട്ടിലെ അതേ പോരാട്ട വീര്യം അവരുടെ ഉള്ളിൽ അണയാതെ ജ്വലിച്ചിരിക്കണം. മാച്ച് പോയിന്റുകൾക്ക് മുന്നിൽ നിന്ന് അത്ഭുതകരമായി ജയിച്ചു വരുന്നവരെ പോലെ, എഴുതി തള്ളിയവർക്ക് വിജയത്തോടെ മറുപടി നല്കുന്നവരെ പോലെ അവർ തിരിച്ചു വന്നു. എളുപ്പമായിരുന്നില്ല ഒന്നും. പരാജയങ്ങൾ അവരെ തളർത്തിയില്ല, കൂടുതൽ ആവേശത്തോടെ പരിശീലനം ചെയ്തു, ജയപരാജയങ്ങൾ അല്ല, കോർട്ടിൽ ഇറങ്ങുന്ന ഓരോ നിമിഷവും അവരുടെ വിജയമായി കണ്ടു. പുനർജന്മം എന്ന പോലെ തന്റെ രണ്ടാം കരിയറിൽ അവർ വിജയങ്ങൾ എത്തിപ്പിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ‘കുത്തിൽ’ വിരാമമിടാൻ സാധ്യമല്ലാത്ത, ക്വിവിറ്റോവയുടെ പോരാട്ടം ഒരു കവിത പോലെ ഒഴുകി കൊണ്ടേയിരിക്കും. ഒരുപാട് ആളുകൾക്ക് പ്രചോദനമായി എന്നും ജ്വലിച്ചു കൊണ്ടേയിരിക്കും. ഇനിയില്ലെന്ന് ഉറപ്പിക്കുമ്പോൾ ഇവരെ ഓർക്കുക അത് നിങ്ങളെ മാറ്റിചിന്തിപ്പിച്ചേക്കും. ക്വിവി പുതിയ ആകാശത്തിൽ സ്വച്ഛന്ദം പറന്നു കൊണ്ടേയിരിക്കട്ടെ

ഫെഡററും കെർബറും പുറത്ത്

അട്ടിമാറികളുമായി പുതുതാരങ്ങൾ ആസ്ട്രേലിയൻ ഓപ്പണിൽ അത്ഭുതം സൃഷ്ടിക്കുന്നു. പുരുഷ വിഭാഗം സിംഗിൾസിൽ റോജർ ഫെഡററിനും മാരിൻ സിലിച്ചിനുമാണ് നാലാം റൗണ്ടിൽ അടിതെറ്റിയത്. ഗ്രീസിന്റെ ഇരുപതുവയസുകാരൻ സ്റ്റെഫനോസ് ടിറ്റിപ്പസിനോടാണ് റോജർ തോൽവി വഴങ്ങിയത്. ആദ്യ സെറ്റ് നേടിയാണ് തുടങ്ങിയതെങ്കിലും തുടർന്ന് മൂന്നു സെറ്റുകളും നഷ്ടപ്പെടുത്തി റോജർ തോൽവി വഴങ്ങിയത്. സ്കോർ 7-6 6-7 5-7 6-7. സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനോടാണ് സിലിച്ച് പരാജയപ്പെട്ടത്. സ്കോർ 7-6 6-3 6-2 6-4 4-6.
  വനിതാ വിഭാഗം സിംഗിൾസിൽ അമേരിക്കൻ താരം ഡാനിയേല റോസ് കോളിൻസിനോടാണ് ആഞ്‌ജലീക്  കെർബറിന്റെ തോൽവി. സ്കോർ 6-0 6-2. കഴിഞ്ഞ റൗണ്ടിൽ മുൻ ജേതാവ് വോസ്‌നിയാക്കിയെ തോൽപ്പിച്ചെത്തിയ ഷറപ്പോവക്കും നാലാം റൗണ്ടിൽ അടിപതറി. ഓസിസ് താരം ആഷ്‌ലി ബർട്ടിയുടെ മുന്നിലാണ് ഷറപ്പോവ വീണത്. സ്കോർ 6-4 1-6 4-6
Exit mobile version