ഗ്രാന്റ് സ്‌ലാമുകളിൽ നദാലിനും ഫെഡറർക്കും പിറകെ അപൂർവ്വ നേട്ടവും ആയി ജ്യോക്കോവിച്ച്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

2020 തിലെ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതോടെ റോജർ ഫെഡററും റാഫേൽ നദാലും മാത്രം സ്വന്തമാക്കി വച്ച അപൂർവ്വ നേട്ടം സ്വന്തമാക്കി നൊവാക്‌ ജ്യോക്കോവിച്ച്. ഓസ്‌ട്രേലിയൻ ഓപ്പണിലെ കിരീടം വക്കാത്ത രാജാവ് ആയി അറിയപ്പെടുന്ന ജ്യോക്കോവിച്ച് തന്റെ എട്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയതോടെ ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതോടെ ഒരു ഗ്രാന്റ് സ്‌ലാം 8 തവണ നേടുന്ന മൂന്നാമത്തെ പുരുഷതാരം ആയി ജ്യോക്കോവിച്ച്. മുമ്പ് ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാലും വിംബിൾഡനിൽ റോജർ ഫെഡററും മാത്രം ആണ് ഈ നേട്ടം കൈവരിച്ച താരങ്ങൾ. നിലവിൽ 12 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നദാലിന് ഉള്ളപ്പോൾ ഫെഡറർക്ക് 8 വിംബിൾഡൺ കിരീടങ്ങൾ ഉണ്ട്. കൂടാതെ ഏറ്റവും കൂടുതൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയ താരം എന്ന റെക്കോർഡ് ഏഴിൽ നിന്ന് എട്ട് ആക്കാനും ജ്യോക്കോവിച്ചിനു ആയി.

എക്കാലത്തെയും നേട്ടങ്ങളിൽ ഫെഡറർക്കും നദാലുമായുള്ള അകലം കുറക്കാനും 17 മത്തെ ഗ്രാന്റ് സ്‌ലാം നേട്ടത്തോടെ ജ്യോക്കോവിച്ചിനു ആയി. നിലവിൽ ഫെഡറർക്ക് 20 ത് ഗ്രാന്റ് സ്‌ലാമുകളും നദാൽക്ക് 19 ഗ്രാന്റ് സ്‌ലാമുകളും ആണ് ഉള്ളത്. കൂടാതെ തന്റെ പ്രിയപ്പെട്ട ഓസ്‌ട്രേലിയൻ ഓപ്പണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ താരവും ആയി ജ്യോക്കോവിച്ച്. നിലവിൽ 11 ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ ഉള്ള ഓസ്‌ട്രേലിയൻ ഇതിഹാസതാരം മാർഗരറ്റ് കോർട്ട് ആണ് ജ്യോക്കോവിച്ചിനു മുന്നിൽ. 7 ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ ഉള്ള സെറീന വില്യംസിനെയാണ് ജ്യോക്കോവിച്ച് ഇവിടെ മറികടന്നത്. ഒപ്പം തനിക്ക് ഏറെ പ്രിയപ്പെട്ട ഹാർഡ് കോർട്ടിലെ ഗ്രാന്റ് സ്‌ലാം കിരീടാനേട്ടങ്ങളിൽ ഫെഡറർക്ക് ഒപ്പവും ജ്യോക്കോവിച്ച് എത്തി.

നിലവിൽ ഹാർഡ് കോർട്ടിൽ ഇരുവർക്കും 11 വീതം ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ഉണ്ട്. ഓസ്‌ട്രേലിയൻ ഓപ്പണിൽ 8 ഉം യു.എസ് ഓപ്പണിൽ 3 ഉം കിരീടങ്ങൾ ജ്യോക്കോവിച്ചിനു ഉള്ളപ്പോൾ ഫെഡറർക്ക് ഓസ്‌ട്രേലിയൻ ഓപ്പണിൽ ആറും അമേരിക്കയിൽ അഞ്ചും കിരീടങ്ങൾ ഉണ്ട്. 2008 ൽ ആണ് തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ജ്യോക്കോവിച്ച് ജയിക്കുന്നത്, ജ്യോക്കോവിച്ചിന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കൂടിയായിരുന്നു ഇത്. അതിനു ശേഷം 2011 മുതൽ 2013 വരെ തുടർച്ചയായി 3 പ്രാവശ്യം കിരീടം നേടിയ ജ്യോക്കോവിച്ച് 2015 ലും 2016 ലും കിരീടം ഉയർത്തി തുടർന്ന് രണ്ട് കൊല്ലം ഫെഡറർ കിരീടം നേടിയ ഓസ്‌ട്രേലിയയിൽ 2019 ലും 2020 ലും തന്റെ കിരീടം ജ്യോക്കോവിച്ച് വീണ്ടെടുത്തു. നിലവിലെ ഫോമിൽ ഫെഡററിന്റെയും നദാലിന്റെയും സർവ്വകാല റെക്കോർഡ് ജ്യോക്കോവിച്ച് മറികടക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരമിക്കുന്നതിനു മുമ്പ് 32 കാരൻ ആയ ജ്യോക്കോവിച്ച് എത്ര ഗ്രാന്റ് സ്‌ലാമുകൾ നേടും എന്നു നമുക്ക് കാത്തിരുന്നു കാണാം.