കീഴടങ്ങാൻ മനസ്സില്ല! ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം എട്ടാം തവണയും ജ്യോക്കോവിച്ചിനു സ്വന്തം

- Advertisement -

നൊവാക്‌ ജ്യോക്കോവിച്ച് എന്തൊരു മനുഷ്യൻ ആണ്, എന്തൊരു ചാമ്പ്യൻ ആണ്, എന്തൊരു ടെന്നീസ് കളിക്കാരൻ ആണ്. ഓസ്‌ട്രേലിയൻ കാണികളും ഓസ്ട്രിയക്കാരൻ ഡൊമനിക് തീമും അത് ഉറപ്പായും സമ്മതിക്കും, ലോകത്ത് അങ്ങോളം ഉള്ള ടെന്നീസ് ഫാൻസും അത് തന്നെ സമ്മതിക്കും, കാരണം അത്ഭുതകരമായ പ്രകടനം തന്നെയാണ് ഒരിക്കൽ കൂടി ഓസ്‌ട്രേലിയയിൽ രണ്ടാം സീഡ് ആയ ജ്യോക്കോവിച്ചിൽ നിന്ന് ഉണ്ടായത്. നാല് മണിക്കൂറും 5 സെറ്റുകളും നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിൽ അഞ്ചാം സീഡ് തീമിനെ മറികടന്ന് ഒരിക്കൽ കൂടി കിരീടം ഉയർത്തുമ്പോൾ ലോക ഒന്നാം നമ്പർ റാങ്കിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ജ്യോക്കോവിച്ച് നടത്തിയത്. എട്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിനു ഒപ്പം തന്റെ 17 മത്തെ ഗ്രാന്റ് സ്‌ലാം ആണ് ജ്യോക്കോവിച്ച് ഇന്ന് ഉയർത്തിയത്. കൂടാതെ മൂന്ന് പതിറ്റാണ്ടുകളിൽ ഗ്രാന്റ് സ്‌ലാം ഉയർത്തുന്ന ആദ്യ താരവും ആയി ജ്യോക്കോവിച്ച്. മുമ്പ് രണ്ട് തവണയും ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ നദാലിന് മുന്നിൽ ഫ്രഞ്ച് ഓപ്പണിൽ വീണ തീം പക്ഷെ ഇത്തവണ പൊരുതാൻ ഉറച്ച് തന്നെയായിരുന്നു.

ആദ്യ സെറ്റിൽ ആദ്യ സർവ്വീസ് തന്നെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് എല്ലാം പതിവ് പോലെ എന്ന സൂചനയാണ് തുടക്കത്തിൽ നൽകിയത്. മുമ്പ് കളിച്ച 7 ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലുകളും ജയിച്ച ജ്യോക്കോവിച്ചിനു ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ തോറ്റ പതിവ് മുമ്പ് ഇല്ലായിരുന്നു. എന്നാൽ ആദ്യ സെറ്റിൽ തിരിച്ചു ബ്രൈക്ക് ചെയ്ത തീം മത്സരത്തിൽ തിരിച്ച് എത്തി. എന്നാൽ സെറ്റിലെ അവസാന സർവീസിൽ ഇരട്ട പിഴവുകൾ അടക്കം വരുത്തിയ തീം 6-4 നു ആദ്യ സെറ്റ് ജ്യോക്കോവിച്ചിനു സമ്മാനിച്ചു. തുടർന്ന് പതിവ് കാഴ്ചകൾ ഫൈനലിൽ പ്രതീക്ഷിച്ച കാണികളെയും ജ്യോക്കോവിച്ചിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന തീമിനെ ആണ് തുടർന്ന് കണ്ടത്. രണ്ടാം സെറ്റിൽ ജ്യോക്കോവിച്ചിന്റെ ഇരട്ടപിഴവുകൾ മുതലെടുത്ത തീം ആദ്യ ബ്രൈക്ക് കണ്ടെത്തി. എന്നാൽ തിരിച്ചു ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റിലേക്ക് ശക്തമായി തിരിച്ചു വന്നു. എന്നാൽ തൊട്ട് അടുത്ത സർവീസ് ബ്രൈക്ക് ചെയ്ത തീം അടുത്ത സർവീസ് നിലനിർത്തി സെറ്റ് 6–4 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. സെറ്റിൽ സർവീസിനായി കൂടുതൽ സമയം എടുത്തതിനു അമ്പയറുടെ മുന്നറിയിപ്പ് കിട്ടിയ ജ്യോക്കോവിച്ച് അമ്പയറോട് കയർക്കുന്നതും സെറ്റിൽ കണ്ടു.

മൂന്നാം സെറ്റിൽ കൂടുതൽ ഉണർന്ന തീമിനൊപ്പം തളർന്ന ജ്യോക്കോവിച്ചിനെയാണ് കാണാൻ ആയത്. പലപ്പോഴും ശാരീരികമായി തളർന്ന നിലയിൽ കളിച്ച നൊവാക്കിന്റെ ആദ്യ രണ്ട് സർവീസുകളും ബ്രൈക്ക് ചെയ്ത തീം മൂന്നാം സെറ്റിൽ ആദ്യമെ തന്നെ ആധിപത്യം പിടിച്ചു. തീമിന്റെ പൂർണ ആധിപത്യം കണ്ട മൂന്നാം സെറ്റ് 6-2 നു ഓസ്ട്രിയൻ സ്വന്തമാക്കി. ഇതോടെ ഒരു സെറ്റ് അകലെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം തീമിന്റെ ആരാധകർ സ്വപ്നം കണ്ട് തുടങ്ങി. നാലാം സെറ്റിൽ ഇരു താരങ്ങളും സർവീസുകൾ നന്നായി നിലനിർത്തുന്നത് ആണ് തുടക്കത്തിൽ കണ്ടത്. എന്നാൽ തന്റെ നാലാം സർവീസിൽ തീം വരുത്തിയ ഇരട്ട പിഴവ് അടക്കമുള്ള പിഴവുകൾ മുതലെടുത്ത നൊവാക്‌ ഒരു തിരിച്ചു വരവ് മുന്നിൽ കണ്ടു. തുടർന്ന് ശക്തമായി കളിച്ച് നാലാം സെറ്റ് 6-3 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടിയ ജ്യോക്കോവിച്ച് മുന്നിൽ കണ്ട പരാജയത്തിൽ നിന്ന് കരകയറി. അഞ്ചാം സെറ്റിൽ തന്റെ മികവിലേക്ക് തിരിച്ചു വന്ന നൊവാക് തീമിന്റെ രണ്ടാം സർവീസ് തന്നെ ബ്രൈക്ക് ചെയ്ത് എട്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം കയ്യെത്തും ദൂരെയാക്കി.

എന്നാൽ കീഴടങ്ങാൻ തയ്യാറല്ലായിരുന്ന തീം അടുത്ത ജ്യോക്കോവിച്ചിന്റെ സർവീസിൽ ഭാഗ്യത്തിന്റെ പിന്തുണയോടെ രണ്ട് ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു. എന്നാൽ ഇത് രക്ഷപ്പെടുത്തിയ നൊവാക് ഭീഷണി ഒഴിവാക്കി. തുടർന്ന് കടുത്ത സമ്മർദ്ദത്തിൽ ബ്രൈക്ക് പോയിന്റ് രക്ഷപ്പെടുത്തിയ തീം തന്റെ കഴിവിന്റെ പരമാവധി പൊരുതി. എന്നാൽ സർവീസുകൾ നിലർത്തിയ സെർബിയൻ താരം 6-4 നു അഞ്ചാം സെറ്റ് നേടി തന്റെ എട്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഉറപ്പിച്ചു. ഇതോടെ ഗ്രാന്റ് സ്‌ലാം കിരീടാനേട്ടത്തിൽ നദാലിനും ഫെഡററും ആയുള്ള അകലം കുറക്കാനും ജ്യോക്കോവിച്ചിനു ആയി. തോറ്റ് എങ്കിലും തല ഉയർത്തി തന്നെയാണ് തീം കളം വിട്ടത്. എന്നാൽ തന്റെ ദിനങ്ങൾ വരും എന്ന വ്യക്തമായ സൂചനയാണ് 26 കാരൻ ആയ തീം സമ്മാനിച്ചത്. എന്നത്തേയും പോലെ തനിക്ക് എതിരായ ഭൂരിപക്ഷം കാണികളേയും നിരാശയിൽ ആക്കി ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഒരിക്കൽ കൂടി ചുംബിച്ചു. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ ഏറ്റവും കൂടുതൽ നേടിയ താരം എന്ന റെക്കോർഡ് ഒരിക്കൽ കൂടി ഉയർത്തിയ ജ്യോക്കോവിച്ച് തുടർന്ന് വരുന്ന ഗ്രാന്റ് സ്‌ലാമുകളിലും കിരീടം തന്നെയാവും ലക്ഷ്യം വക്കുക.

Advertisement