ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക

ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി മുൻ ജേതാവ് നയോമി ഒസാക്ക. 2019 ൽ മെൽബണിൽ കിരീടം ഉയർത്തിയ ഒസാക്ക അട്ടിമറികളും ആയി കരുയറിൽ ആദ്യമായി ഗ്രാന്റ് സ്‌ലാം അവസാന പതിനാറിൽ എത്തിയ ഏഷ്യൻ താരം സെയ് സു വെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അവസാന നാലിൽ ഇടം പിടിച്ചത്. മൂന്നാം സീഡ് ആയ ഒസാക്ക മത്സരത്തിൽ വലിയ ബുദ്ധിമുട്ട് ഒന്നും നേരിട്ടില്ല. 67 മിനിറ്റിനുള്ളിൽ മത്സരം തീർത്ത ഒസാക്ക തുടർച്ചയായ പത്തൊമ്പതാം ജയം ആണ് ഇന്ന് കുറിച്ചത്. മത്സരത്തിൽ ഏഴു ഏസുകൾ ഉതിർത്ത ജപ്പാൻ താരം ഇരു സെറ്റിലും ആയി രണ്ട് വീതം ബ്രൈക്ക് പോയിന്റുകളും കണ്ടത്തി.

നന്നായി സർവീസ് ചെയ്ത ഒസാക്ക ലക്ഷ്യം കണ്ട ആദ്യ സർവീസുകളിൽ 89 ശതമാനവും പോയിന്റുകൾ ആക്കി മാറ്റി. ഏതാണ്ട് 60 ശതമാനം അടുത്ത് രണ്ടാം സർവീസിലും പോയിന്റുകൾ നേടാൻ ജപ്പാൻ താരത്തിന് ആയി. കൂടാതെ മികച്ച റിട്ടേണുകൾ കയ്യിലുണ്ടായിരുന്നതും ഒസാക്കയുടെ ജയത്തിൽ വലിയ പങ്ക് വഹിച്ചു. 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു ഒസാക്കയുടെ ജയം. മികച്ച ഫോമിലുള്ള ഒസാക്ക മറ്റൊരു ഗ്രാന്റ് സ്‌ലാം കിരീടം തന്നെയാണ് ഓസ്‌ട്രേലിയയിൽ ലക്ഷ്യമിടുന്നത്. സെമിയിൽ സെറീന വില്യംസ്, സിമോണ ഹാലപ്പ് മത്സരവിജയി ആവും ഒസാക്കയുടെ എതിരാളി. കരിയറിൽ ഇത് വരെ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലോ, സെമിയിലോ, ഫൈനലിലോ തോറ്റിട്ടില്ല എന്ന റെക്കോർഡ് തുടരാൻ ആവും ഒസാക്ക ടൂർണമെന്റിൽ ഇനിയും ശ്രമിക്കുക.