അമാനുഷികം സിറ്റിപാസ്! രണ്ടു സെറ്റ് പിറകിൽ നിന്നു നദാലിനെ തോൽപ്പിച്ച് യവനദേവൻ സെമിയിൽ!

20210217 192636

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ അവിശ്വസനീയ കാഴ്ചകൾ. സമാനതകളില്ലാത്ത പ്രകടനം പുറത്തെടുത്ത അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് സാക്ഷാൽ റാഫേൽ നദാലിനെ മറികടന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്നുമായിരുന്നു. തന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിട്ട് ക്വാർട്ടർ ഫൈനൽ കളിക്കാൻ ഇറങ്ങിയ രണ്ടാം സീഡ് ആയ നദാലിന് ലഭിച്ചത് മികച്ച തുടക്കം തന്നെയായിരുന്നു. പിഴവുകൾ ഇല്ലാത്ത ടെന്നീസ് കളിച്ച നദാൽ ആദ്യ രണ്ടു സെറ്റുകൾ 6-3, 6-2 എന്ന സ്കോറിന് നേടി ഗ്രാന്റ് സ്‌ലാമിൽ ഒരു സെറ്റ് പോലും വഴങ്ങാതെ 35 സെറ്റുകൾ നേടുകയും ചെയ്തു. അത് വരെ ലഭിച്ച 3 ബ്രൈക്ക് പോയിന്റുകളും മുതലാക്കിയ നദാൽ അനായാസ ജയം നേടും എന്ന സൂചനയാണ് അത് വരെ ലഭിച്ചത്.

മൂന്നാം സെറ്റിൽ കളിയിൽ എന്ത് വില കൊടുത്തും പിടിച്ചു നിൽക്കുന്ന സിറ്റിപാസിനെ ആണ് കാണാൻ ആയത്. നദാലും സിറ്റിപാസും സർവീസ് ബ്രൈക്ക് വഴങ്ങാൻ മടിച്ചപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ പിന്നിൽ നിന്ന് ജയം പിടിച്ചെടുത്ത സിറ്റിപാസ് പതുക്കെ മത്സരത്തിൽ തിരിച്ചു വരിക ആയിരുന്നു. സെറ്റ് കൈവിട്ടതോടെ സെറ്റ് നഷ്ടമാകാതെ ഗ്രാന്റ് സ്‌ലാമിൽ ഏറ്റവും കൂടുതൽ സെറ്റുകൾ നേടുക എന്ന ഫെഡററിന്റെ റെക്കോർഡിനു ഒപ്പം എത്താൻ നദാലിന് ആയില്ല. നാലാം സെറ്റിൽ നദാലിന്റെ സർവീസുകളിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച സിറ്റിപാസ് തന്റെ സർവീസുകൾ പെട്ടെന്ന് പോയിന്റുകൾ ആക്കുന്നതും കാണാൻ ആയി. എന്നാൽ ബ്രൈക്ക് പോയിന്റുകൾ അടക്കം രക്ഷിച്ച നദാൽ പിടിച്ചു തന്നെ നിന്നു. എന്നാൽ നദാലിന്റെ അവസാന സർവീസിൽ അർഹതപ്പെട്ട ബ്രൈക്ക് മത്സരത്തിൽ ആദ്യമായി കണ്ടത്തിയ സിറ്റിപാസ് തുടർന്നു സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.

അഞ്ചാം സെറ്റിലും മൂന്നര മണിക്കൂറിനു ശേഷവും വലിയ റാലികളും കടുത്ത പോരാട്ടവും പുറത്തെടുത്ത ഇരു താരങ്ങളും തങ്ങളുടെ മികവ് തെളിയിക്കുക തന്നെയായിരുന്നു. നദാലിനെ പോലൊരു ഇതിഹാസത്തിന് എതിരെ തന്റെ വികാരങ്ങൾ അടക്കി കളിച്ച സിറ്റിപാസ് ഇത് തന്റെ സമയം ആണെന്ന് ഓർമ്മിപ്പിക്കുക ആയിരുന്നു. അഞ്ചാം സെറ്റിലും നദാലിന്റെ കടുത്ത പ്രതിരോധം ഭേദിച്ച് അവസാന സർവീസിൽ ബ്രൈക്ക് കണ്ടത്തിയ സിറ്റിപാസ് മത്സരത്തിനു ആയി സർവീസ് ചെയ്യാൻ ഒരുങ്ങി. എന്നാൽ ഒരർത്ഥത്തിലും വിട്ട് കൊടുക്കാൻ ഒരുക്കമല്ലായിരുന്ന നദാൽ രണ്ടു മാച്ച് പോയിന്റുകൾ രക്ഷിക്കുകയും ഒരിക്കൽ ബ്രൈക്ക് പോയിന്റ് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിൽ ആദ്യമായി ബ്രൈക്ക് പോയിന്റ് രക്ഷിച്ച സിറ്റിപാസ് താൻ മത്സരം വിട്ടുകൊടുക്കാൻ ഒരുക്കമല്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. ഒടുവിൽ നദാലിന്റെ പോരാട്ടം അവസാനിപ്പിച്ചു 7-5 നു സെറ്റും മത്സരവും കയ്യിലാക്കി സിറ്റിപാസ് സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തു.

മത്സരത്തിൽ നദാലിന്റെ 15 ഏസുകൾക്ക് 17 ഏസുകൾ കൊണ്ടാണ് സിറ്റിപാസ് മറുപടി നൽകിയത്. എന്നെന്നും ഓർക്കാവുന്ന മത്സരത്തിന് ഒടുവിൽ ബിഗ് 3 ക്ക് എതിരെ ഗ്രാന്റ് സ്‌ലാമിൽ തന്റെ രണ്ടാം ജയം ആണ് സിറ്റിപാസ് കുറിച്ചത്. നദാലിന് എതിരെ ആദ്യ രണ്ടു സെറ്റ് തോറ്റ ശേഷം ഒരു താരം ജയം കാണുന്നത് ഇത് വെറും മൂന്നാം തവണ മാത്രമാണ്. 2019 ൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ റോജർ ഫെഡററെയും തോൽപ്പിച്ചിരുന്നു. രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം എന്ന ഏറെ നാളത്തെ സ്വപ്നം തകർന്ന നിരാശയിൽ ആവും നദാൽ മടങ്ങുക എന്നുറപ്പാണ്. സെമിയിൽ തന്റെ വലിയ ശത്രുവായ റഷ്യൻ താരം നാലാം സീഡ് ഡാനിൽ മെദ്വദേവ് ആണ് സിറ്റിപാസിന്റെ എതിരാളി. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള മെദ്വദേവിനെതിരെ ഇന്നത്തെ പ്രകടനം പുറത്തെടുക്കാൻ ആവും സിറ്റിപാസ് ശ്രമിക്കുക.

Previous article“എപ്പോൾ ലാ ലീഗ വിടണമെന്ന് ഞാൻ തീരുമാനിക്കും”
Next articleകവാനിക്കും വാൻ ഡെ ബീകിനും പരിക്ക്, അമദും ഷോലയും യൂറോപ്പ ലീഗ് ടീമിൽ