കോബിക്ക് ആദരവുമായി ജ്യോക്കോവിച്ച്, കരച്ചിൽ അടക്കാൻ പാട് പെട്ട് താരം

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്നലെ അപകടത്തിൽ മരണപ്പെട്ട ബാസ്ക്കറ്റ്ബോൾ ഇതിഹാസം കോബി ബ്രായാന്റിന് ആദരവുമായി സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ചും. പരിശീലനത്തിനായി ഇറങ്ങിയ ജേഴ്സിയിൽ കോബിയെ സൂചിപ്പിച്ച് കെ.ബി എന്നും കോബിയുടെ നമ്പറുകൾ ആയ 8, 24 എന്നിവ ആലേഖനം ചെയ്ത് ആണ് ജ്യോക്കോവിച്ച് കളത്തിൽ എത്തിയത്. കോബിയുമായി വലിയ വ്യക്തിബന്ധങ്ങൾ കൂടിയുള്ള താരം തന്റെ ആദരം പ്രകടിപ്പിക്കുകയായിരുന്നു. മത്സരശേഷം നടന്ന അഭിമുഖത്തിലും കോബിക്ക് ആദരം അർപ്പിച്ചു ജ്യോക്കോവിച്ച്.

ടെന്നീസ് ഇതിഹാസം ജോൺ മകെൻറോയുമായുള്ള അഭിമുഖത്തിൽ കോബിയെ കുറിച്ചുള്ള ചോദ്യത്തിന് വികാരാധീനനായ ജ്യോക്കോവിച്ച് കരച്ചിൽ അടക്കിയാണ് മറുപടി നൽകിയത്. കഴിഞ്ഞ 10 വർഷമായി തനിക്ക് കോബിയും ആയുള്ള വ്യക്തിബന്ധം അനുസ്മരിച്ച ജ്യോക്കോവിച്ച് കോബി തന്റെ സുഹൃത്തും മെന്ററും ആയിരുന്നു എന്നും കൂട്ടിച്ചേർത്തു. കായികലോകം കണ്ട ഏറ്റവും വലിയ താരം എന്നു കോബിയെ വിളിച്ച ജ്യോക്കോവിച്ച് കോബിയുടെ മകൾ ജിയാനെക്കും ആദരാഞ്ജലികൾ നേർന്നു. മത്സരശേഷം ക്യാമറയുടെ കണ്ണടയിൽ ‘കെ.ബി 8 & 24, ജിജി സ്നേഹം’ എന്നു കുറിച്ച് ആണ് കളം വിട്ടത്.

Exit mobile version