ഓസ്‌ട്രേലിയൻ ഓപ്പണിൽ വീണ്ടും അട്ടിമറി, പ്ലിസ്കോവ പുറത്ത്! സ്വിറ്റോലീന, ബ്രാഡി, വെകിച് മുന്നോട്ട്

Karolinapliskova

ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗത്തിൽ വീണ്ടും അട്ടിമറി. ഇത്തവണ ആറാം സീഡ് ആയ ചെക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവയാണ് മൂന്നാം റൗണ്ടിൽ പുറത്ത് പോയത്. നാട്ടുകാരിയായ 25 സീഡ് കരോളിന മുചോവയാണ് പ്ലിസ്കോവയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ആറാം സീഡ് താരത്തിന്റെ പരാജയം. മത്സരത്തിൽ 4 ബ്രൈക്ക് പോയിന്റുകൾ നേടാൻ പ്ലിസ്കോവക്ക് ആയെങ്കിലും 10 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ അവർ 6 ബ്രൈക്കുകൾ ആണ് വഴങ്ങിയത്. 7-5, 7-5 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു പ്ലിസ്കോവയുടെ പരാജയം.

അഞ്ചാം സീഡ് ആയ ഉക്രൈൻ താരം എലീന സ്വിറ്റോലീന അതേസമയം 26 സീഡ് യൂലിയക്ക് എതിരെ പൂർണ്ണ ആധിപത്യം പുലർത്തിയാണ് ജയം കണ്ടത്. ആദ്യ സെറ്റിൽ രണ്ടു ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ പൂർണ്ണമായും സ്വിറ്റോലീന ആധിപത്യം പുലർത്തിയ മത്സരത്തിൽ താരം 6 ബ്രൈക്കുകൾ ആണ് നേടിയത്. 6-4 നു ആദ്യ സെറ്റ് നേടിയ ഉക്രൈൻ താരം രണ്ടാം സെറ്റിൽ ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെ 6-0 നു മത്സരം സ്വന്തം പേരിലാക്കി. 22 സീഡ് അമേരിക്കൻ താരം ജെന്നിഫർ ബ്രാഡി യുവാനു എതിരെ 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്. നിലവിലെ ജേതാവ് സോഫിയ കെനിനെ അട്ടിമറിച്ചു എത്തിയ കയ്യ കനെപിയെ 3 സെറ്റ് പോരാട്ടത്തിൽ ആണ് 28 സീഡ് ക്രൊയേഷ്യൻ താരം ഡോണ വെകിച് ജയം കണ്ടത്. ആദ്യ സെറ്റ് വഴങ്ങിയ ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയാണ് വെകിച് ജയം കണ്ടത്. സ്‌കോർ : 5-7, 7-6, 6-4.

Previous articleരോഹിത്തിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം ഇന്ത്യയെ പ്രതിരോധത്തിലാക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍, കോഹ്‍ലി പൂജ്യത്തിന് പുറത്ത്
Next articleയൂറോപ്പ ലീഗിൽ രണ്ട് പാദ മത്സരങ്ങൾ വേണ്ട എന്ന് ഒലെ