തിരിച്ചു വന്നു ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് മുന്നേറി ഇഗാ

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിലേക്ക് മുന്നേറി മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ പോളണ്ട് താരം ഇഗ സ്വിറ്റെക്കിന്റെ. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ഏഴാം സീഡ് ആയ പോളണ്ട് താരത്തിന്റെ തിരിച്ചു വരവ് ജയം. സീഡ് ചെയ്യാത്ത എസ്‌തോണിയയുടെ കൈയ കനേപിയോക്ക് എതിരെ പൊരുത്തിയാണ് ഇഗാ ജയം പിടിച്ചെടുത്തത്. മത്സരത്തിൽ 12 സർവീസ് ഇരട്ട പിഴവുകൾ ആണ് ഇഗാ വരുത്തിയത്. 6 തവണ ബ്രൈക്ക് വഴങ്ങിയ ഇഗാ 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ആദ്യ സെറ്റ് 6-4 നു കൈവിട്ട ഇഗാ രണ്ടാം സെറ്റിൽ പക്ഷെ തിരിച്ചു വന്നു.

കനേപിയോക്ക് അതിശക്തമായ പോരാട്ടം പുറത്ത് എടുത്തപ്പോൾ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക്. എന്നാൽ ടൈബ്രേക്കറിൽ പൂർണ ആധിപത്യം നേടിയ പോളണ്ട് താരം സെറ്റ് സ്വന്തമാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. ഗ്രാന്റ് സ്‌ലാമിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു ജയിക്കുന്ന പതിവ് അഞ്ചാം തവണയും ആവർത്തിച്ച ഇഗാ 6-3 നു മൂന്നാം സെറ്റ് നേടി തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം സെമിയിലേക്ക് മുന്നേറി. ഫ്രഞ്ച് ഓപ്പൺ നേടി ഗ്രാന്റ് സ്‌ലാം നേടുന്ന ആദ്യ പോളണ്ട് താരമായ ഇഗാ പുതിയ ചരിത്രം ഓസ്‌ട്രേലിയയിൽ കുറിക്കാൻ ആവും സെമിയിൽ ഇറങ്ങുക. സെമിയിൽ 27 സീഡ് ആയ അമേരിക്കൻ താരം ഡാനിയേൽ കോളിൻസ് ആവും ഇഗായുടെ എതിരാളി.