ഒന്നാം റൗണ്ടിൽ ജയവുമായി ഹാലപ്പും സബലങ്കയും ക്വിറ്റോവയും ബിയാങ്കയും അടക്കമുള്ള പ്രമുഖർ

Simona Halep Australian Open

ഓസ്‌ട്രേലിയൻ ഓപ്പണിൽ അനായാസ ജയവുമായി രണ്ടാം സീഡ് റൊമാനിയൻ താരം സിമോണ ഹാലപ്പ്. മറ്റൊരു ഗ്രാന്റ് സ്‌ലാം കിരീടനേട്ടം ലക്ഷ്യമിടുന്ന ഹാലപ്പിന് ആദ്യ റൗണ്ടിൽ കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നില്ല. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം ലിസറ്റക്ക് എതിരെ ആദ്യ സർവീസിൽ ബ്രൈക്ക് വഴങ്ങിയെങ്കിലും തിരിച്ചു വന്ന ഹാലപ്പ് പിന്നീട് ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെ ആദ്യ സെറ്റ് 6-2 നു സ്വന്തമാക്കി. മത്സരത്തിൽ 6 ബ്രൈക്ക് പോയിന്റുകൾ കണ്ടത്തിയ ഹാലപ്പ് രണ്ടാം സെറ്റിൽ 6-1 നു ജയം കണ്ടു രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. അതേസമയം സമാനമായ പ്രകടനം ആണ് ഏഴാം സീഡ് അരിയാന സബലങ്കയും പുറത്ത് എടുത്തത്. ക്രൊയേഷ്യൻ താരം വിക്ടോറിയയെ ആദ്യ സെറ്റിൽ 6-0 നു മറികടന്ന സബലങ്ക രണ്ടാം സെറ്റ് 6-4 സ്വന്തമാക്കി രണ്ടാം റൗണ്ട് ഉറപ്പിച്ചു. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് എതിരാളിയെ സബലങ്ക ബ്രൈക്ക് ചെയ്തത്.

മൂന്നു സെറ്റ് പോരാട്ടം അതിജീവിച്ച് ആണ് മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ യുവ കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കു രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സീഡ് ചെയ്യാത്ത റൊമാനിയൻ താരം മിഹേലിയ ബിയാങ്കക്ക് സ്ഥിര മികച്ച പോരാട്ടം ആണ് പുറത്ത് എടുത്തത്. ആദ്യ സെറ്റ് 6-2 നു നേടിയ ബിയാങ്ക രണ്ടാം സെറ്റ് 6-4 നു കൈവിട്ടു എങ്കിലും 6-3 നു മൂന്നാം സെറ്റ് കയ്യിലാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഒമ്പതാം സീഡ് ആയ ചെക് താരം പെട്ര ക്വിറ്റോവ സീഡ് ചെയ്യാത്ത ജർമ്മൻ താരം ഗ്രീറ്റിനെ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു രണ്ടാം റൗണ്ട് ഉറപ്പിച്ചു. അതേസമയം സീഡ് ചെയ്യാത്ത റഷ്യൻ താരം അനസ്‌തേഷ്യ പൊട്ടപോവയോട് 6-2, 6-1 എന്ന സ്കോറിന് തകർന്ന 24 സീഡ് ആയ അമേരിക്കൻ താരം ആലിസൻ റിസ്ക് ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോയി.

Previous articleവെർണർ ഉടൻ തന്നെ ഗോളടിച്ചു തുടങ്ങും: ചെൽസി പരിശീലകൻ
Next articleഓസ്‌ട്രേലിയയിൽ ജ്യോക്കോവിച്ച് തുടങ്ങി, സെരവ്, ഷ്വാർട്ട്സ്മാൻ, ഫെലിക്‌സ്, നിക് എന്നിവരും രണ്ടാം റൗണ്ടിൽ, സിലിച്ച് പുറത്ത്