ടെന്നീസിനോട് വിട പറഞ്ഞു മുൻ ലോക ഒന്നാം നമ്പർ കരോളിന വോസ്നിയാക്കി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് മൂന്നാം റൗണ്ടിൽ പരാജയപ്പെട്ടു പുറത്ത് ആയതോടെ ടെന്നീസിൽ നിന്നു വിരമിച്ചു മുൻ ലോക ഒന്നാം നമ്പർ താരമായ ഡാനിഷ് താരം കരോളിന വോസ്നിയാക്കി. ഈ ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം ടെന്നീസിൽ നിന്നു വിരമിക്കും എന്നു പ്രഖ്യാപിച്ച വോസ്നിയാക്കി മൂന്നാം റൗണ്ടിൽ ഒൻസ് ജബേറിനോട് 3 സെറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് കീഴടങ്ങിയത്. 7-5 നു ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റ് 6-3 നു നേടിയ വോസ്നിയാക്കിക്ക് പക്ഷെ മൂന്നാം സെറ്റിൽ അനിവാര്യമായ പരാജയം ഒഴിവാക്കാൻ ആയില്ല. 7-5 നു മൂന്നാം സെറ്റ് നേടിയ ഒൻസ് നാലാം റൗണ്ടിലേക്ക് മുന്നേറി. വോസ്നിയാക്കിയുടെ വിരമിക്കലിലൂടെ ടെന്നീസിലെ ഒരു യുഗത്തിന് തന്നെയാണ് അന്ത്യം കുറിക്കുന്നത്.

71 ആഴ്ചകൾ ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന വോസ്നിയാക്കി 2018 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് കൂടിയാണ്. 2 തവണ യു.എസ് ഓപ്പൺ ഫൈനലിലും എത്തിയ വോസ്നിയാക്കി കരിയറിൽ 30 കിരീടങ്ങൾ നേടിയ താരം കൂടിയാണ്. 2012 നു ശേഷം 2018 ൽ ഒന്നാം നമ്പറിലേക്ക് തിരിച്ചു വന്ന വോസ്നിയാക്കി പോരാട്ടവീര്യത്തിന്റെ പ്രതീകം കൂടിയാണ്. മത്സരശേഷം വികാരപരമായി പ്രതികരിച്ച വോസ്നിയാക്കി ടെന്നീസ് ലോകത്തിനും ആരാധകർക്കും നന്ദി പറഞ്ഞു. റോജർ ഫെഡറർ, റാഫേൽ നദാൽ, സെറീന വില്യംസ്, നൊവാക്‌ ജ്യോക്കോവിച്ച് തുടങ്ങി പ്രമുഖ താരങ്ങൾ അടക്കം എല്ലാവരും വിരമിക്കലിൽ വോസ്നിയാക്കിക്ക് ആശംസകൾ നേർന്നു.