ടീനേജ് കടന്ന് ഫെഡറർ

suhas

Download the Fanport app now!
Appstore Badge
Google Play Badge 1

വാക്കുകൾ മുറിഞ്ഞ് മൈക്കിന് മുന്നിൽ വീണ്ടും ഒരു വിതുമ്പൽ. ടെന്നീസ് കോർട്ടിലെ ദൈവം മത്സര ശേഷം ഒരു സാധാരണ മനുഷ്യനായി മാറുന്ന കാഴ്ച. മുൻപും ഫെഡറർ ഇങ്ങനെയാണ് നദാലിനോട് തോറ്റപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. ബാഗ്ദാദിസിനോട് ജയിച്ചപ്പോഴും അതങ്ങനെ തന്നെയായിരുന്നു. വലിയ പരാജങ്ങളും, വിജയങ്ങളും മിക്കപ്പോഴും കരച്ചിലോടെയാണ് അയാൾ എതിരേറ്റിട്ടുള്ളത്. കളിക്കാൻ കോർട്ടിൽ ഇറങ്ങിയാൽ ഒരു യോഗിയെ അനുസ്മരിപ്പിക്കും വിധം ഭാവ വ്യത്യാസങ്ങൾ തെല്ലും പ്രകടിപ്പിക്കാതെ, വലിയ കളികൾക്ക് ശേഷം ഒരു കുഞ്ഞിനെ പോലെ വിതുമ്പുന്നത് ബേസ്‌ലൈനിന്റെ പുറകിൽ നിന്ന് എതിരാളിയെ കബളിപ്പിച്ച് തൊടുക്കുന്ന ഡ്രോപ്പ് ഷോട്ട് പോലെ അനുപമമാണ് എന്നുപറയാതെ വയ്യ. എല്ലാവരും എഴുതി തള്ളിയ ഇടത്തുനിന്ന് ഉയർത്തെഴുനേറ്റ് ഗ്രൻഡ്സ്ലാം കിരീട നേട്ടങ്ങളിൽ ‘ടീനേജും’ പിന്നിട്ട് കുതിക്കുമ്പോൾ ഒരാളെ വികാരങ്ങൾ കീഴ്പ്പെടുത്താതിരിക്കുന്നതെങ്ങിനെ ?

അനായാസം ജയിക്കുമെന്ന് തോന്നിപ്പിക്കുമ്പോൾ മത്സരത്തിൽ എതിരാളിക്ക് ബ്രേക്ക് നൽകുകയും, ഇനി രക്ഷയില്ല എന്നു തോന്നുമ്പോൾ അത്ഭുതകരമാം വിധത്തിൽ തിരിച്ചു വന്ന് ആരാധകരേയും ഒപ്പം എതിരാളിയെ പോലും ഞെട്ടിക്കുകയും ചെയ്യുക എന്ന പതിവിന് ഇക്കൊല്ലവും മാറ്റമൊന്നും വന്നിട്ടില്ല. നിർണ്ണായക അഞ്ചാം സെറ്റിലെ ആദ്യ ഗെയിമിൽ തന്നെ മത്സരം കൈവിട്ടുവെന്ന് തോന്നിപ്പിക്കുകയും നിമിഷങ്ങൾക്കുളളിൽ എതിരാളിയിൽ നിന്ന് തട്ടിപ്പറിക്കുകയും ചെയ്യുക എന്നതായിരുന്നു ഇക്കൊല്ലവും ഫെഡറർ ചെയ്തത്. ആദ്യ സെറ്റ് അനായാസം നേടുകയും രണ്ടുസെറ്റിന്റെ ലീഡിൽ നിൽക്കുമ്പോൾ നാലാം സെറ്റിൽ കിട്ടിയ അവസരം പാഴാക്കുകയും ചെയ്തതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. പക്ഷേ എതിരാളിയെ രണ്ടുതവണ ബ്രേക്ക് ചെയ്ത് അനായാസം തന്റെ സർവ്വീസ് ഗെയിമുകളുടെ വേഗതയിൽ സെറ്റും കിരീടവും ഫെഡറർ സ്വന്തമാക്കി.

Photo by Chris Hyde/Getty Images

ഏതുദേശവും, ഏത് സ്റ്റേഡിയവും ഫെഡറർക്ക് സ്വന്തം തട്ടകമാണ്. റാക്കറ്റ് കൊണ്ടുള്ള അയാളുടെ മായാജാലം കാണാൻ എവിടേയും ആരാധകർ കൂട്ടമായി ഒഴുകിയെത്തും. അസാധ്യം എന്നു തോന്നിപ്പിക്കുന്ന വോളികൾ നിസ്സാരമായി എതിരാളിയുടെ കോർട്ടിലേക്ക് കോരിയിടുമ്പോൾ അയാൾ മനോഹരമായ ഒരു പെയിന്റിങ് ആണെന്ന് തോന്നും, ഫോർഹാൻഡ് ഷോട്ടുകൾ ഉതിർക്കുമ്പോഴുള്ള ചടുലമായ ചുവടുവയ്പ്പുകൾ കണ്ടാൽ അയാൾ കോർട്ടിൽ നൃത്തം ചെയ്യുകയാണോ എന്നുതോന്നും, ഒറ്റക്കൈയ്യൻ ബാക്ക്ഹാൻഡിൽ കളിക്കുമ്പോൾ പതിഞ്ഞ താളത്തിൽ കോർട്ടിൽ അയാൾ കവിതകൾ രചിക്കുകയാണെന്ന് തോന്നും. വരകളിൽ തൊട്ടുള്ള അളന്നു മുറിച്ച എയ്സുകൾ പായിക്കുമ്പോൾ അയാൾ ഒരു ഗണിത ശാസ്ത്രജ്ഞനാണോ എന്നു സംശയം തോന്നിപ്പോകും. എതിരാളിയുടെ കോർട്ടിൽ പതിച്ച് തിരികെ നെറ്റിലേക്ക് പോരുന്ന ഡ്രോപ്പ് ഷോട്ടുകൾ കളിക്കുമ്പോൾ അയാൾ ടെന്നീസ് പന്തിനെ നിഗൂഢമായി നിയന്ത്രിക്കുന്ന ഇന്ദ്രജാലക്കാരനാണോ എന്നുതോന്നിപ്പോകും. ഫെഡറർ എപ്പോഴും കോർട്ടിലെ വിരുന്നാകുന്നത് ഇങ്ങനെയൊക്കെയാണ്.

മുപ്പത്തിയാറാം വയസ്സിലും ഈ മാന്ത്രികത തുടരുന്നത് അനായാസമായ കേളി ശൈലി കൊണ്ടാണ്. കലിതുള്ളി വരുന്നവനെ ഒരു പുഞ്ചിരി കൊണ്ട് വരുത്തിയിലാക്കും വിധം അനായാസമായി വന്യമായ കരുത്തിനെ റാക്കറ്റുകൊണ്ടുള്ള സൗമ്യമായ ഒരു തലോടൽ കൊണ്ട് ഫെഡറർക്ക് സാധിക്കുന്നു എന്നത് അത്ഭുതമാണ്. തോൾക്കുമ്പോൾ പോലും ആരാധക ഹൃദയങ്ങളെ കീഴടക്കാൻ അയാൾ ഉതിർക്കുന്ന ഒരു ഷോട്ട് മതിയാവും. ഇത്രയേറെ ആളുകളെ ടെന്നീസിലേക്ക് അടുപ്പിച്ചത് ഫെഡറർ ആണെന്നതിൽ തർക്കമില്ല. കോർട്ടിലും വെളിയിലും അയാൾ പുലർത്തുന്ന വിനയം, ചെയ്തു കൂട്ടുന്ന പ്രവൃത്തികൾ ഫെഡററെ സ്നേഹിക്കാൻ അതിൽ കൂടുതൽ ഒരുപാട് കാരണങ്ങൾ വേണമെന്നില്ല. അയാൾ വിജയിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു കിരീടങ്ങൾ നേടാത്തപ്പോഴും, നേടുമ്പോഴും, ഒന്നാം സ്ഥാനത്ത് തുടർന്നപ്പോഴും ഒരുപാട് പിന്നിലായി പോയപ്പോഴും. ഇനിയും അതങ്ങനെ തന്നെ തുടരും. ഇനിയും പിടി തരാത്ത മാന്ത്രികത ഒളിപ്പിച്ചു വച്ചിട്ടുള്ള ആ കൈകൾ റാക്കറ്റ് താഴെ വയ്‌ക്കും വരെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial