തോൽക്കാൻ മനസ്സിലാത്തവൻ! സാഷയുടെ വെല്ലുവിളി അതിജീവിച്ച് ജ്യോക്കോവിച്ച് സെമിയിൽ!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ താൻ എന്തുകൊണ്ടാണ് ലോകത്തിലെ ഒന്നാം നമ്പർ താരം ആയത് എന്നു ഒരിക്കൽ കൂടി തെളിയിച്ചു നൊവാക് ജ്യോക്കോവിച്ച്. ഏതാണ്ട് സമാനമായ പരിക്കുകളും ആയി ക്വാർട്ടർ ഫൈനൽ കളിക്കാൻ ഇറങ്ങിയ ഒന്നാം സീഡ് ജ്യോക്കോവിച്ചും ആറാം സീഡ് അലക്‌സാണ്ടർ സാഷ സെരവും പുറത്തെടുത്തത് അവിസ്മരണീയ ടെന്നീസ് തന്നെയായിരുന്നു. പരിക്കിനെയും സാഷയുടെ കടുത്ത വെല്ലുവിളിയും അതിജീവിച്ച ജ്യോക്കോവിച്ച് തന്റെ ഒമ്പതാം ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് ആണ് മുന്നേറിയത്. ഇതിനു മുമ്പ് സെമിയിൽ എത്തിയ സമയത്തെല്ലാം കപ്പടിച്ച ചരിത്രം ആണ് സെർബിയൻ താരത്തിന് ഉള്ളത്. സെമിയിൽ സീഡ് ചെയ്യാത്ത റഷ്യൻ താരം അസ്ലൻ കാരത്സേവ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. അവിശ്വസനീയമായ റാലികളും മനോഹരമായ പോയിന്റുകളും കണ്ട മൂന്നര മണിക്കൂർ പോരാട്ടം ആണ് ജ്യോക്കോവിച്ചും സെരവും ക്വാർട്ടർ ഫൈനലിൽ പുറത്തെടുത്തത്.

ആദ്യ സെറ്റിൽ ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത സാഷക്ക് മികച്ച തുടക്കം ആണ് മത്സരത്തിൽ ലഭിച്ചത്. എന്നാൽ ബ്രൈക്ക് തിരിച്ചു പിടിച്ച ജ്യോക്കോവിച്ച് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് നേടിയ സാഷ മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റിൽ പൂർണ്ണ ആധിപത്യം പുലർത്തിയ ജ്യോക്കോവിച്ച് രണ്ടു ബ്രൈക്കുകൾ കണ്ടത്തി സെറ്റ് 6-2 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കണ്ടത്. സെറ്റിൽ ആദ്യ ബ്രൈക്ക് കണ്ടത്തിയ സാഷ മുൻതൂക്കം നേടും എന്നു കരുതിയെങ്കിലും നിർണായക സമയത്ത് സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ സാഷയുടെ സർവീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് തിരിച്ചു വന്നു. തുടർന്നും ഒരു ബ്രൈക്ക് കൂടി കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ ആദ്യ സെറ്റിൽ എന്ന പോലെ തന്നെ ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത സാഷ 3-0 നു മുന്നിലെത്തി.

എന്നാൽ മൂന്നാം സെറ്റിൽ എന്ന പോലെ അവിശ്വസനീയമായ വിധം കടുത്ത സമ്മർദ്ദത്തിൽ പ്രതിരോധിച്ചു കളിച്ച ജ്യോക്കോവിച്ച് സാഷയെ തിരിച്ചു ബ്രൈക്ക് ചെയ്തു. തുടർന്ന് ഇരു താരങ്ങളും സർവീസ് നിലനിർത്തി കളിച്ചപ്പോൾ മത്സരം കടുത്തു. ജ്യോക്കോവിച്ചിന്റെ അവസാന സർവീസിൽ സാഷക്ക് സെറ്റ് പോയിന്റ് ലഭിച്ചെങ്കിലും അത് രക്ഷിച്ചെടുത്ത നൊവാക് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ രണ്ടു താരങ്ങളും മികച്ച സർവീസുകളും ആയി കളം നിറഞ്ഞു. എന്നാൽ സെരവിന്റെ ഒടുവിൽ ജ്യോക്കോവിച്ച് ഭേദിക്കുക തന്നെ ചെയ്തു. തന്റെ സർവീസിൽ ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും സാഷക്ക് അനിവാര്യമായ പരാജയം ഒഴിവാക്കാൻ ആയില്ല. നന്നായി കളിച്ചെങ്കിലും അവിശ്വസനീയമായ വിധം എന്നത്തേയും പോലെ എല്ലാം പ്രതിരോധിച്ച ജ്യോക്കോവിച്ചിനു മുന്നിൽ ജയം എന്നത് സാഷക്ക് അന്യമായിരുന്നു. ജ്യോക്കോവിച്ച് 23 ഏസുകളും സെരവ് 21 ഏസുകളും ഉതിർത്ത മത്സരത്തിൽ മൂന്നു തവണ വഴങ്ങിയ ബ്രൈക്കുകൾക്ക് 6 തവണയാണ് ജ്യോക്കോവിച്ച് മറുപടി നൽകിയത്. ഈ ഫോമിൽ ഒമ്പതാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിൽ നിന്നു തടയാൻ ആർക്ക് ആവും എന്ന ശക്തമായ ചോദ്യം ആണ് ജ്യോക്കോവിച്ച് ഉയർത്തിയത്.