സിന്നറെ തകർത്തു സ്റ്റെഫനോസ് സിറ്റിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ

ഇറ്റാലിയൻ താരവും 11 സീഡും ആയ യാനിക് സിന്നറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ. തീർത്തും ഏകപക്ഷീയമായ പ്രകടനവും ആയി ആണ് തന്റെ നാലാം ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്ക് സിറ്റിപാസ് മുന്നേറിയത്. മൂന്നാം ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ കൂടിയാണ് താരത്തിന് ഇത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ഇറ്റാലിയൻ താരത്തിന് ഒരു അവസരം പോലും സിറ്റിപാസ് നൽകിയില്ല. ലഭിച്ച നാല് സർവീസ് ബ്രൈക്ക് അവസരങ്ങളിലും എതിരാളിയെ ബ്രൈക്ക് ചെയ്ത സിറ്റിപാസ് അവസരങ്ങൾ അനായാസം സ്വന്തം വഴിയിലാക്കി.

ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-3 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റിലും സമാനമായ പ്രകടനത്തിലൂടെ 6-4 നു സെറ്റ് കയ്യിലാക്കി. മൂന്നാം സെറ്റിൽ ഇരട്ട സർവീസ് ബ്രൈക്ക് കണ്ടത്തിയ താരം 6-2 നു സെറ്റ് കയ്യിലാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. പരിക്ക് കാരണം ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കുമോ എന്നു സംശയിച്ച ഇടത്ത് നിന്നു സിറ്റിപാസിന്റെ ശക്തമായ തിരിച്ചു വരവ് ആണ് ഇത്. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഈ ഫോമിൽ സിറ്റിപാസിന് സാധ്യമാണ്. സെമിയിൽ രണ്ടാം സീഡ് ഡാനിൽ മെദ്വദേവ് ഒമ്പതാം സീഡ് ഫിലിക്‌സ് ആഗർ അലിയാസ്മെ മത്സര വിജയിയെ ആണ് സിറ്റിപാസ് നേരിടുക.