ഡൊമനിക് തീം, വാവറിങ്ക, കാചനോവ് ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഡാനിഷ് താരവും അഞ്ചാം സീഡുമായ ഡൊമനിക് തീം. ഫ്രഞ്ച് താരം അഡ്രിയാൻ മന്നാരിനോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. മുമ്പ് കളിച്ച 7 മത്സരങ്ങളിലും അഡ്രിയാനെതിരെ ജയം കണ്ട തീം ഇത്തവണയും ഫ്രഞ്ച് താരത്തെ മലർത്തിയടിച്ചു. രണ്ടാം സെറ്റിൽ അല്ലാതെ മറ്റൊരു ഘട്ടത്തിലും മത്സരത്തിൽ തീമിനു വെല്ലുവിളി ആവാൻ ഫ്രഞ്ച് താരത്തിന് ആവാതിരുന്നപ്പോൾ 6-3,7-5,6-2 എന്ന സ്കോറിന് ആയിരുന്നു തീമിന്റെ ജയം. മറ്റൊരു യുവതാരവും 16 സീഡുമായ കാരൻ കാചനോവും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്പാനിഷ് താരം മരിയോ മാർട്ടിനെസിനെതിരെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിൽ ആയിരുന്നു റഷ്യൻ യുവതാരത്തിന്റെ ജയം. ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് റഷ്യൻ താരം മത്സരം സ്വന്തമാക്കിയത്. സ്‌കോർ – 4-6, 6-4, 7-6, 6-3.

മുൻജേതാവ് സ്റ്റാൻ വാവറിങ്കയും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നാല് സെറ്റ് നീണ്ട മത്സരത്തിൽ ദാമിൻ സുമ്ഹറെ മറികടന്ന് ആണ് 15 സീഡ് കൂടിയായ സ്വിസ് താരം ജയം കണ്ടത്. രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ നഷ്ടമായി എങ്കിലും മത്സരത്തിന്റെ മറ്റ് ഘട്ടങ്ങളിൽ വാവറിങ്ക ആധിപത്യം തന്നെ പുലർത്തി. 7-5, 6-7, 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു സ്വിസ് താരത്തിന്റെ ജയം. അതേസമയം കാനഡയുടെ യുവതാരവും 20 സീഡുമായ അലിയാസിമെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഏർണസ്റ്റ് ഗുൽബിസിനു എതിരെ നാല് സെറ്റ് പോരാട്ടത്തിനോടുവിൽ പരാജയം സമ്മതിക്കേണ്ടി വന്നു കനേഡിയൻ യുവതാരത്തിനു. സ്‌കോർ – 5-7, 6-4, 6-7, 4-6.

Previous articleബേക്കലിൽ ഇന്ന് കിരീട പോരാട്ടം, അൽ മദീനയും മെഡിഗാഡും ആദ്യ കിരീടം തേടുന്നു
Next articleU19 ലോകകപ്പ്, ഇന്ത്യക്ക് എതിരെ ജപ്പാൻ ആദ്യം ബാറ്റ് ചെയ്യും