മുഗുരെസയെ തോൽപ്പിച്ച് ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി അമേരിക്കയുടെ 21 കാരി സോഫിയ കെനിൻ

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിത വിഭാഗത്തിൽ പുതിയ ജേതാവ് പിറന്നു. വർഷത്തിലെ ആദ്യ ഗ്രാന്റ് സ്‌ലാമിൽ മുത്തമിട്ട് അമേരിക്കയുടെ 21 കാരി സോഫിയ കെനിൻ. മുൻ ഫ്രഞ്ച് ഓപ്പൺ വിംബിൾഡൺ ജേതാവ് ആയ ഗ്രബ്രീൻ മുഗുരെസയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്ന് ആണ് 14 സീഡ് ആയ സോഫിയ കെനിൻ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ആദ്യ ഫൈനൽ കളിക്കുന്നതിന്റെ പരിഭ്രാന്തി കെനിൻ പ്രകടിപ്പിച്ചപ്പോൾ മുഗുരെസ അവസരം മുതലെടുത്തു. ആദ്യം ബ്രൈക്ക് നേടിയ മുഗുരെസക്ക് എതിരെ പക്ഷെ തിരിച്ചു ബ്രൈക്ക് ചെയ്ത സോഫിയ ശക്തമായി തിരിച്ചു വന്നു എന്നാൽ ഒരിക്കൽ കൂടി സോഫിയയുടെ സർവീസ് ബ്രൈക്ക് ചെയ്ത മുഗുരെസ ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി മത്സരത്തിൽ മുന്നിൽ എത്തി.

എന്നാൽ പിന്നീട് മത്സരത്തിന്റെ ഗതി പിടിച്ച് എടുത്ത സോഫിയ അതിശക്തമായി മത്സരത്തിൽ തിരിച്ചു വന്നു. ഇത്തവണ ആദ്യം തന്നെ മുഗുരെസയുടെ സർവ്വീസ് ബ്രൈക്ക് ചെയ്തു സോഫിയ. സർവ്വീസ് നിലനിർത്തിയ സോഫിയ വീണ്ടുമൊരിക്കൽ കൂടി മുഗുരെസയുടെ സർവ്വീസ് ബ്രൈക്ക് ചെയ്ത് രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിലും തുടക്കത്തിൽ തന്നെ മുഗുരെസയുടെ സർവ്വീസ് ബ്രൈക്ക് ചെയ്തു സോഫിയ. എന്നാൽ സോഫിയയുടെ സർവ്വീസ് ബ്രൈക്ക് ചെയ്യാനുള്ള 3 അവസരങ്ങളും അടുത്ത സർവീസിൽ മുഗുരെസ നഷ്ടപ്പെടുത്തിയപ്പോൾ മത്സരത്തിന്റെ ഗതി നിർണയിക്കപ്പെട്ടു. പിന്നീട് ഒരിക്കൽ കൂടി മുഗുരെസയുടെ സർവീസിൽ ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ചു സോഫിയ, ഇത്തവണ നിർണായക സമയത്ത് ഇരട്ടപിഴവുകൾ വരുത്തിയ മുഗുരെസ സെറ്റ് 6-2 നും മത്സരവും അമേരിക്കൻ താരത്തിന് സമ്മാനിച്ചു.

മത്സരത്തിൽ ലഭിച്ച 6 ൽ 5 ബ്രൈക്ക് പോയിന്റുകൾ മുതലാക്കിയ സോഫിയക്ക് മുമ്പിൽ ലഭിച്ച 12 ബ്രൈക്ക് പോയിന്റിൽ 2 എണ്ണം മാത്രം മുതലാക്കാനെ സ്‌പാനിഷ്‌ താരത്തിന് ആയുള്ളൂ. ഇത് തന്നെയാണ് കിരീടം അമേരിക്കൻ താരത്തിന് സമ്മാനിച്ചത്. ആനന്ദകണ്ണീരോടെയാണ് സോഫിയ കിരീടം ഏറ്റു വാങ്ങിയത്. കിരീടാനേട്ടത്തോടെ ഏഴാം റാങ്കിലേക്ക് ഉയർന്ന സോഫിയ സെറീന വില്യംസിനെയും കീയ്‌സിനെയും മറികടന്ന് ഒന്നാം നമ്പർ അമേരിക്കൻ താരവും ആയി. കൂടാതെ 2002 ൽ സെറീനക്ക് ശേഷം ഗ്രാന്റ് സ്‌ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരവും ആയി സോഫിയ. കഴിഞ്ഞ കുറെ വർഷങ്ങൾ ആയുള്ള വനിത ടെന്നീസിലെ ആർക്കും മുൻതൂക്കം നൽകാത്ത രീതി തുടരുകയാണ് സോഫിയയിലൂടെ, കഴിഞ്ഞ 13 ഗ്രാന്റ് സ്‌ലാമുകളിലെ 11 മത്തെ വ്യത്യസ്ത ജേതാവ് ആയി സോഫിയ ഇതോടെ.

Advertisement