സെറീന വില്യംസിനെ അട്ടിമറിച്ച് ചൈനീസ് താരം, കീയ്സും മൂന്നാം റൗണ്ടിൽ പുറത്ത്

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ അഞ്ചാം ദിനം വനിതകളിൽ അട്ടിമറികളുടെ ദിനം ആയി. തന്റെ 24 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ സെറീന വില്യംസിനെ ചൈനയുടെ ഒന്നാം നമ്പർ താരവും 27 സീഡുമായ ഷിയാങ് വാങ് ആണ് അട്ടിമറിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്ത് എടുത്ത ചൈനീസ് താരത്തിന് എതിരെ പതറിയ സെറീനയെ ആണ് മത്സരത്തിൽ ഉടനീളം കാണാൻ ആയത്. ആദ്യ സെറ്റ് 6-4 നു നേടിയ ചൈനീസ് താരം തുടക്കത്തിൽ തന്നെ സെറീനക്ക് മുന്നറിയിപ്പ് നൽകി. രണ്ടാം സെറ്റിൽ 4-4 എന്ന നിലയിൽ സെറീനയുടെ സർവ്വീസ് ഭേദിച്ച് മത്സരത്തിനായി സർവ്വീസ് ചെയ്യാൻ ഇറങ്ങിയ ചൈനീസ് താരം മത്സരം നേരിട്ടുള്ള സെറ്റുകൾക്ക് അവസാനിപ്പിക്കും എന്നു തോന്നിയെങ്കിലും തിരിച്ചു വന്ന സെറീന തിരിച്ചടിച്ചു. സർവ്വീസ് തിരിച്ചു ബ്രൈക്ക് ചെയ്ത മുൻ ജേതാവ് രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി.

മൂന്നാം സെറ്റിലേക്ക് ഈ പോരാട്ടം കൊണ്ട് പോവാൻ പക്ഷെ അമേരിക്കൻ താരത്തിന് ആയില്ല. തന്റെ മികവ് മുഴുവൻ എടുത്ത് പൊരുതിയ ചൈനീസ് താരം 7-5 നു മൂന്നാം സെറ്റും നാലാം റൗണ്ടും ഉറപ്പിച്ചു. 2006 നു ശേഷം ഇത് ആദ്യമായാണ് സെറീന ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ പുറത്താകുന്നത്‌. 2017 ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ച ശേഷം 24 മത്തെ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന സെറീനയുടെ കാത്തിരിപ്പ് ഇനിയും നീളും. അതേസമയം 22 സീഡ് മരിയ സക്കാരിയോട് പരാജയം സമ്മതിച്ച അമേരിക്കൻ താരവും പത്താം സീഡുമായ മാഡിസൺ കീയ്സും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായി. മൂന്നാം റൗണ്ടിൽ 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു കീയ്‌സിന്റെ പരാജയം.

Advertisement