ഐസ് കൂൾ!!! മിന്നും പ്രകടനവുമായി സിറ്റിപാസിനെ തകർത്തു മെദ്വദേവ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

Wasim Akram

Img 20220128 Wa0030
Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി റഷ്യൻ താരവും രണ്ടാം സീഡും ആയ നിലവിലെ യു.എസ് ഓപ്പൺ ജേതാവ് ഡാനിൽ മെദ്വദേവ്. സെമിയിൽ ഗ്രീക്ക് താരവും നാലാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസിനെ നാലു സെറ്റ് പോരാട്ടത്തിൽ രണ്ടര മണിക്കൂറിനുള്ളിൽ മറികടന്നു ആണ് മെദ്വദേവ് ഫൈനലിൽ എത്തിയത്. പലപ്പോഴും എന്നത്തേയും പോലെ ആരാധകർ എതിർ ആയിട്ടും അതിനെയെല്ലാം അനായാസം മറികടന്നു ആണ് മെദ്വദേവ് തന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറിയത്. തന്റെ നാലാം ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ് റഷ്യൻ താരത്തിന് ഇത്. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ മികച്ച റാലികളും കാണാൻ ആയി. ആദ്യ സെറ്റിൽ ഇരു താരങ്ങളും സർവീസ് കൈവിടാൻ കൂട്ടാക്കാതിരുന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. പിന്നിൽ നിന്ന് തിരിച്ചു പിടിച്ചു ടൈബ്രേക്കറിൽ ഒന്നാം സെറ്റ് നേടിയ മെദ്വദേവ് മത്സരത്തിൽ ആധിപത്യം നേടി.

രണ്ടാം സെറ്റിലും മികച്ച പോരാട്ടം ആണ് കാണാൻ ആയത്. ഒടുവിൽ മെദ്വദേവിനെ ആദ്യമായി ബ്രൈക്ക് ചെയ്ത സിറ്റിപാസ് സർവീസ് നിലനിർത്തി സെറ്റ് 6-4 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. സെറ്റിന് ഇടയിൽ സിറ്റിപാസിന്റെ പരിശീലകൻ കൂടിയായ അച്ഛൻ നടത്തിയ കമന്റുകൾ ഇഷ്ടപ്പെടാതെ ചെയർ അമ്പയറോട് കയർക്കുന്ന മെദ്വദേവിനെയും കാണാൻ ആയി. മൂന്നാം സെറ്റിൽ തന്റെ മികവ് കൂടുതൽ കൂട്ടുന്ന റഷ്യൻ താരത്തെ ആണ് കാണാൻ ആയത്. ബ്രൈക്ക് നേടി സെറ്റിൽ ആധിപത്യം നേടിയെങ്കിലും സിറ്റിപാസ് തന്റെ സർവീസിൽ ബ്രൈക്ക് കണ്ടത്തിയത് തടയാൻ മെദ്വദേവിനു ആയില്ല. എന്നാൽ ഒരിക്കൽ കൂടി സിറ്റിപാസിനെ ബ്രൈക്ക് ചെയ്ത മെദ്വദേവ് സെറ്റ് 6-4 നു നേടി ഫൈനൽ വെറും ഒരു സെറ്റ് മാത്രം അകലെയാക്കി.

നാലാം സെറ്റിൽ തീർത്തും ആധികാരികമായി കളിക്കുന്ന മെദ്വദേവിനെ ആണ് കാണാൻ ആയത്. മത്സരത്തിൽ തുടർച്ചയായി പിഴവുകൾ വരുത്തിയ സിറ്റിപാസിന്റെ രണ്ടു സർവീസുകൾ നാലാം സെറ്റിൽ മെദ്വദേവ് ബ്രൈക്ക് ചെയ്തു. ഒടുവിൽ 6-1 നു അനായാസം സെറ്റ് നേടിയ മെദ്വദേവ് മത്സരം രണ്ടര മണിക്കൂറിൽ സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത മെദ്വദേവ് 12 ബ്രൈക്ക് അവസരങ്ങൾ ആണ് ഉണ്ടാക്കിയത്. ഇതിൽ നാലു സർവീസ് ബ്രൈക്ക് കണ്ടത്താനും താരത്തിന് ആയി. തീർത്തും ശാന്തമായ തന്റെ മികവ് വിളിച്ചു പറയുന്ന പ്രകടനം ആണ് ലോക രണ്ടാം നമ്പറിൽ നിന്നു ഉണ്ടായത്. യു.എസ് ഓപ്പൺ നേടിയ ശേഷം തുടരെ ഓസ്‌ട്രേലിയൻ ഓപ്പൺ നേടുക എന്ന ലക്ഷ്യം ആണ് ഞായറാഴ്ച മെദ്വദേവിനു ഉള്ളത്. ഫൈനലിൽ 21 മത്തെ ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന നദാൽ ആണ് മെദ്വദേവിന്റെ എതിരാളി. മുമ്പ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിൽ 2019 യു.എസ് ഓപ്പണിൽ നദാലിനെ 5 മണിക്കൂർ പോരാട്ടത്തിൽ വിറപ്പിച്ചു എങ്കിലും തോൽക്കാൻ ആയിരുന്നു മെദ്വദേവിന്റെ വിധി. ഇതിനു പ്രതികാരം ചെയ്തു കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനം കിരീടം ആക്കി മാറ്റുക ആവും മെൽബണിൽ റഷ്യൻ താരത്തിന്റെ ലക്ഷ്യം.