ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ മത്സരത്തിൽ പരിക്കേറ്റു പിന്മാറി സാനിയ മിർസ സഖ്യം

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗം ഡബിൾസിൽ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റു പിന്മാറി സാനിയ മിർസ. അമ്മയായ ശേഷമുള്ള തിരിച്ചു വരവിൽ അഡ്ലേഡിൽ കിരീടം ഉയർത്തിയ സാനിയയും ഉക്രൈന്റെ നാദിയ കിച്ചനോക്കും വലിയ പ്രതീക്ഷകൾ വച്ച് തന്നെയാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇറങ്ങിയത്. എന്നാൽ ചൈനീസ് സഖ്യമായ ഹാൻ, ലിൻ സഖ്യത്തിന് എതിരെ ആദ്യ റൗണ്ട് മത്സരത്തിന്റെ രണ്ടാം സെറ്റിൽ കാലിനു പരിക്കേറ്റ സാനിയക്ക് പക്ഷെ മത്സരത്തിൽ നിന്ന് പിന്മാറുക അല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല.

ആദ്യ സെറ്റ് 6-2 നു നഷ്ടമായ സാനിയ സഖ്യം രണ്ടാം സെറ്റിൽ മത്സരത്തിൽ തിരിച്ചു വരാനുള്ള ശ്രമം നടത്തുന്നതിനിടയിൽ ആണ് പരിക്ക് വില്ലനായത്. പരിക്കേറ്റു പിന്മാറുമ്പോൾ രണ്ടാം സെറ്റിൽ 1-0 ത്തിനു പിന്നിൽ ആയിരുന്നു സാനിയ സഖ്യം. നേരത്തെ മിക്‌സിഡ്‌ ഡബിൾസിൽ നിന്നും പരിക്ക് വില്ലനാകും എന്നു കരുതി പിന്മാറിയ സാനിയ പരിക്ക് കാര്യമാക്കാതെയാണ് വനിത ഡബിൾസ് കളിക്കാൻ ഇറങ്ങിയത്. സാനിയയുടെ പരിക്ക് ഗുരുതരമാവില്ല എന്നാണ് ആരാധക പ്രതീക്ഷ. പരിക്കിൽ നിന്ന് ഉടൻ കളത്തിലേക്ക് സാനിയ തിരിച്ചു വരും എന്നും ഇന്ത്യൻ ടെന്നീസ് ആരാധകർ പ്രതീക്ഷിക്കുന്നു.

Advertisement