ഗോഫിനെ മറികടന്ന് നാലാം റൗണ്ടിലേക്ക് എത്തി റൂബ്ലേവ്, ഡൊമനിക് തീമും നാലാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി റഷ്യൻ യുവതാരവും 17 സീഡുമായ ആന്ദ്ര റൂബ്ലേവ്. ബെൽജിയം താരവും 11 സീഡുമായ ഡേവിഡ് ഗോഫിനെ നാല് സെറ്റ് പോരാട്ടത്തിൽ മറികടന്ന് ആണ് റൂബ്ലേവ് മുന്നേറിയത്. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷമായിരുന്നു ആന്ദ്ര റൂബ്ലേവ് തിരിച്ചു വന്നത്. രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ റഷ്യൻ താരം മൂന്നാം സെറ്റ് 6-4 നു നേടി മത്സരം വരുതിയിലാക്കി. നിർണായകമായ നാലാം സെറ്റിൽ പൊരുതിനോക്കിയ ഗോഫിനെ പക്ഷെ ടൈബ്രെക്കറിലൂടെ മറികടന്ന റൂബ്ലേവ് മത്സരം സ്വന്തം പേരിൽ കുറിച്ചു. 2020 ൽ മികച്ച ഫോമിൽ തുടരുന്ന റഷ്യൻ താരത്തിന്റെ തുടർച്ചയായ 15 ജയം ആയിരുന്നു ഇത്.

അതേസമയം അഞ്ചാം സീഡും ഓസ്ട്രിയൻ താരവുമായ ഡൊമനിക് തീമും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. 29 സീഡ് ആയ അമേരിക്കൻ താരം ടെയ്‌ലർ ഫിറ്റ്സിനെ നാല് സെറ്റ് മത്സരത്തിൽ ആണ് ഓസ്ട്രിയൻ താരം മറികടന്നത്. ആദ്യ രണ്ട് സെറ്റുകളും 6-2, 6-4 എന്ന സ്കോറിന് നേടിയ തീം തുടക്കത്തിൽ തന്നെ നയം വ്യക്തമാക്കി. എന്നാൽ മൂന്നാം സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ അമേരിക്കൻ താരം മത്സരത്തിൽ പൊരുതാനുള്ള ശ്രമം നടത്തി. എന്നാൽ നാലാം സെറ്റ് 6-4 നു സ്വന്തമാക്കിയ തീം മത്സരവും നാലാം റൗണ്ടും ഉറപ്പിച്ചു.