Site icon Fanport

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, പ്രജനേഷ് പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷയായ പ്രജനേഷ് ഗുണേഷരൻ ആദ്യ റൗണ്ടിൽ പുറത്ത്. ജപ്പാൻ താരം കത്സുമ ഇറ്റോ ആണ് ഇന്ത്യൻ താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. ജയിച്ചിരുന്നെങ്കിൽ രണ്ടാം റൗണ്ടിൽ നിലവിലെ ജേതാവ് നൊവാക്‌ ജ്യോക്കോവിച്ച് ആവുമായിരുന്നു പ്രജനേഷിന്റെ എതിരാളി. ആദ്യ രണ്ട് സെറ്റുകൾ 6-4,6-2 എന്ന സ്കോറിന് വഴങ്ങിയ ഇന്ത്യൻ താരം മൂന്നാം സെറ്റിൽ പൊരുത്തിയെങ്കിലും 7-5 നു ജപ്പാൻ താരം സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. യോഗ്യത മത്സരം തോറ്റെങ്കിലും വൈൽഡ് കാർഡ് എൻട്രിയായി ആയിരുന്നു ഇന്ത്യൻ താരം ഓസ്‌ട്രേലിയൻ ഓപ്പണിൽ എത്തിയത്.

അതേസമയം മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ കടന്നു. ഫ്രഞ്ച് താരം കോറന്റിൻ മൗറ്റെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്രൊയേഷ്യൻ താരം മറികടന്നത്. 6-3,6-2,6-4 എന്ന സ്കോറിന് മത്സരം സ്വന്തമാക്കിയ സിലിച്ചിന് ഇത് മികച്ച തുടക്കം തന്നെയാണ്. 14 സീഡ് അർജന്റീനയുടെ യുവതാരം ഡീഗോ ഷ്വാർട്സ്മാനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ദക്ഷിണാഫ്രിക്കയുടെ സീഡ് ചെയ്യാത്ത ലോയിഡ് ഹാരിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഷ്വാർട്സ്മാൻ തകർത്തത്. സ്‌കോർ – 6-4,6-2,6-2.

Exit mobile version