നാലാം റൗണ്ടിൽ നദാലിന് കടുക്കും, മാരത്തോൺ പോരാട്ടം ജയിച്ച ക്യൂരിയോസ് എതിരാളിയാവും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിൽ നാദാലുമായുള്ള മത്സരം ഉറപ്പിച്ചു ഓസ്‌ട്രേലിയൻ വികൃതി ചെറുക്കൻ നിക് ക്യൂരിയോസ്. മുമ്പ് തന്നെ പലപ്പോഴും ശത്രുക്കൾ എന്നു പ്രസിദ്ധി നേടിയ താരങ്ങൾ തമ്മിലുള്ള മത്സരം കടുക്കും എന്നുറപ്പാണ്. 23 സീഡ് ആയ നിക് ക്യൂരിയോസ് 16 സീഡ് റഷ്യയുടെ കാരൻ കാചനോവിനെ അഞ്ച് സെറ്റും 4 ടൈബ്രെക്കറുകളും കണ്ട നാലു മണിക്കൂറിൽ അധികം നീണ്ട മാരത്തോൺ പോരാട്ടത്തിൽ തോൽപ്പിച്ച് ആണ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-2 നു ജയിച്ച ക്യൂരിയോസ് രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ നേടിയതോടെ മത്സരം കയ്യിലാക്കി എന്നു ഉറപ്പിച്ചു. ഇടക്ക് പരിക്ക് അലട്ടിയ ക്യൂരിയോസ് മത്സരത്തിൽ മെഡിക്കൽ ടൈം ഔട്ട് എടുക്കുന്നതും കണ്ടു. എന്നാൽ വിട്ട് കൊടുക്കാൻ തയ്യാർ അല്ലായിരുന്ന റഷ്യൻ താരം മൂന്നും നാലും സെറ്റുകൾ ടൈബ്രെക്കറിലേക്ക് നീട്ടി ജയം കണ്ട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു.

നാട്ടുകാർ ആയ ആരാധകരുടെ മുഴുവൻ പിന്തുണയോടെ കളത്തിൽ ഇറങ്ങിയ ക്യൂരിയോസിനെയും കാണികളേയും ഒരുപോലെ നേരിട്ട റഷ്യൻ താരം മികച്ച പോരാട്ടം തന്നെയാണ് പുറത്ത് എടുത്തത്. മാറി മറിഞ്ഞ അഞ്ചാം സെറ്റിൽ പക്ഷെ തന്റെ ഏറ്റവും മികച്ച പോരാട്ടം പുറത്ത് എടുത്ത ക്യൂരിയോസ് മത്സരം ടൈബ്രെക്കറിലൂടെ സ്വന്തമാക്കിയത് ആവേശത്തോടെയാണ് ഓസ്‌ട്രേലിയൻ കാണികൾ സ്വീകരിച്ചത്. 33 ഏസുകളും 90 അധികം വിന്നറുകളും അടിച്ച ക്യൂരിയോസിന് എതിരെ 21 ഏസുകൾ അടിച്ച കാചനോവ് നന്നായി പൊരുതി നിൽക്കുകയുണ്ടായി. ഇതോടെ നദാലുമായുള്ള ക്യൂരിയോസിന്റെ മത്സരം തീപാറും എന്നുറപ്പായി. അതേസമയം 19 സീഡ് അമേരിക്കൻ താരം ജോൺ ഇസ്‌നർ പരിക്കേറ്റു പിന്മാറിയതോടെ 15 സീഡ് മുൻ ജേതാവ് സ്റ്റാൻ വാവറിങ്കയും നാലാം റൗണ്ടിൽ എത്തി. 6-4 നു ആദ്യ സെറ്റ് നേടിയ വാവറിങ്കക്ക് എതിരെ 4-1 നു പിന്നിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു ഇസ്നറിന്റെ പിന്മാറൽ.