എന്തൊരു മത്സരം!!! രണ്ടു സെറ്റ് പിറകിൽ നിന്നും മാച്ച് പോയിന്റ് രക്ഷിച്ചു തിരിച്ചു വന്നു സെമിയിലേക്ക് മുന്നേറി മെദ്വദേവ്

Wasim Akram

Screenshot 20220126 192355
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ അവിശ്വനീയ തിരിച്ചു വരവുമായി രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്. കാനഡയുടെ 21 കാരൻ ഒമ്പതാം സീഡ് ഫിലിക്‌സ് ആഗർ അലിയാസ്മെയെ ആദ്യ രണ്ടു സെറ്റുകളും കൈവിട്ട ശേഷം തിരിച്ചു വന്നാണ് റഷ്യൻ താരം മറികടന്നത്. ഇടക്ക് നാലാം സെറ്റിൽ മാച്ച് പോയിന്റ് രക്ഷിച്ച ശേഷം ആണ് താരം ജയം പിടിച്ചെടുത്തത്. ആദ്യ സെറ്റ് മുതൽ മെദ്വദേവിനു മുകളിൽ ആധിപത്യം നേടുന്ന ഫിലിക്‌സിനെ ആണ് മത്സരത്തിൽ കാണാൻ ആയത്. ലോക രണ്ടാം നമ്പർ താരത്തിന് എതിരെ മുൻതൂക്കം നേടിയ വിധം കളി തുടങ്ങാൻ ഫിലിക്സിന് ആയി. ഇരു താരങ്ങളും സർവീസ് കൈവിടാതെ സൂക്ഷിച്ച ആദ്യ സെറ്റിൽ മെദ്വദേവിന്റെ ആറാം സർവീസ് ബ്രൈക്ക് ചെയ്‌ത ഫിലിക്സിന് പക്ഷെ തന്റെ സർവീസ് നിലനിർത്താൻ ആവാതെ വന്നപ്പോൾ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക്. നിർണായക സമയത്ത് സർവീസ് ഇരട്ട പിഴവുകൾ അടക്കം വരുത്തുന്നത് ടൈബ്രേക്കറിലും മെദ്വദേവ് തുടർന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലൂടെ ഫിലിക്‌സ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ആദ്യ സെറ്റ് നേടിയ ആവേശത്തിൽ മത്സരം തുടർന്ന കനേഡിയൻ താരം മെദ്വദേവിന്റെ രണ്ടാം സെറ്റിലെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു. തുടർന്ന് സർവീസ് നിലനിർത്തിയ ഫിലിക്‌സ് സെറ്റ് 6-3 നു നേടി തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ എന്ന സ്വപ്നം ഒരു സെറ്റ് മാത്രം അകലെയാക്കി.Img 20220126 Wa0264

മൂന്നാം സെറ്റിലും മെദ്വദേവിനു വലിയ അവസരം ഒന്നും നൽകാതെ മികച്ച പ്രകടനം ആണ് ഫിലിക്‌സ് പുറത്ത് എടുത്തത്. എന്നാൽ ആവർത്തിച്ചു ആവർത്തിച്ചു ഫിലിക്സിനെ പരീക്ഷിച്ചു മെദ്വദേവ്. ഇരു താരങ്ങളും സർവീസ് ബ്രൈക്ക് വഴങ്ങാതിരുന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിനു ഇടയിൽ മഴ എത്തിയതോടെ സ്റ്റേഡിയത്തിലെ മേൽക്കൂര അടക്കാൻ ഇടക്ക് ഇടവേളയും വേണ്ടി വന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം ടൈബ്രേക്കറിൽ ആധിപത്യം കണ്ടത്തിയ മെദ്വദേവ് സെറ്റ് സ്വന്തം പേരിൽ കുറിച്ചു. മൂന്നാം സെറ്റ് കൈവിട്ടു എങ്കിലും തന്റെ പോരാട്ടം നാലാം സെറ്റിലും തുടർന്ന കനേഡിയൻ യുവ താരം സർവീസ് ഗെയിമിൽ അതിശക്തമായ പ്രകടനം ആണ് പുറത്ത് എടുത്തത്. മെദ്വദേവിന്റെ സർവീസിൽ സെറ്റിൽ മാച്ച് പോയിന്റ് സൃഷ്ടിച്ച ഫിലിക്സ് സ്റ്റേഡിയത്തിൽ അധികം ഉള്ള തന്റെ ആരാധകർക്ക് വലിയ ആവേശം പകർന്നു. എന്നാൽ ഇത് രക്ഷിച്ച് സർവീസ് നിലനിർത്തി കൊണ്ടാണ് റഷ്യൻ താരം ഇതിനു മറുപടി പറഞ്ഞത്. തുടർന്ന് ഫീലിക്‌സിന്റെ സർവീസും ബ്രൈക്ക് ചെയ്തു തന്റെ സർവീസ് നിലനിർത്തി സെറ്റ് 7-5 നു നേടിയ മെദ്വദേവ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.

പലപ്പോഴും തന്റെ പതിവ് വിപരീതമായി ആവേശം പുറത്ത് കാണിച്ച മെദ്വദേവ് പല പോയിന്റുകൾക്കും ശേഷം ആർത്ത് വിളിക്കുന്നതും കാണാൻ ആയി. കാണികൾ എതിരാവുന്നത് എന്നും ആവേശം ആവുന്ന പതിവ് റഷ്യൻ താരം ഇവിടെയും തുടർന്നു. അഞ്ചാം സെറ്റിൽ 3 ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു തന്റെ മനക്കരുത്ത് ഒരിക്കൽ കൂടി കാണിച്ച മെദ്വദേവ് തൊട്ടടുത്ത ഫിലിക്സിന്റെ സർവീസ് ബ്രൈക്ക് ചെയ്തു സെറ്റിൽ ആധിപത്യം നേടി. തുടർന്നും തന്റെ സർവീസിൽ 2 ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചെടുത്ത മെദ്വദേവ് ഫിലിക്സിന്റെ എല്ലാ വെല്ലുവിളിയെയും അതിജീവിച്ചു സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ഏതാണ്ട് നാലര മണിക്കൂറിൽ അധികം നീണ്ട മത്സരത്തിൽ അതുഗ്രൻ നീളൻ റാലികൾ ആണ് കാണാൻ ആയത്. ഇരുതാരങ്ങളും എല്ലാം മറന്നു പൊരുതിയപ്പോൾ റോഡ് ലേവർ അറീനയിലെ കാണികൾക്ക് അത് ഒരു വിരുന്നു തന്നെയായി. തോറ്റെങ്കിലും തല ഉയർത്തിയാണ് ഫിലിക്സ് കളം വിട്ടത്. ഗ്രാന്റ് സ്‌ലാമിൽ തന്റെ അമ്പതാം ജയം കുറിച്ച മെദ്വദേവിനു ഇത് അഞ്ചാം ഗ്രാന്റ് സ്‌ലാം സെമി ഫൈനൽ ആണ് ഇത്, ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാമത്തേതും. യു.എസ് ഓപ്പണിനു ശേഷം തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്‌ലാം ജയിക്കുക ആണ് റഷ്യൻ താരത്തിന്റെ ഓസ്‌ട്രേലിയയിലെ ലക്ഷ്യം. സെമിയിൽ ഗ്രീക്ക് താരം സിറ്റിപാസ് ആണ് മെദ്വദേവിന്റെ എതിരാളി.