നിസാരം! മൂന്നാം റൗണ്ടിലേക്ക് മുന്നേറി മെദ്വദേവും സെവർവ്വും

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി റഷ്യയുടെ നാലാം സീഡ് ഡാനിൽ മെദ്വദേവ്. യോഗ്യത മത്സരം കളിച്ച് എത്തിയ സീഡ് ചെയ്യാത്ത സ്പാനിഷ് താരം പെഡ്രോ മാർട്ടിനെസിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പലരും വലിയ കിരീട പ്രതീക്ഷ കൽപ്പിക്കുന്ന റഷ്യൻ താരത്തിന്റെ ജയം. മത്സരത്തിന് ഇടക്ക് മൂക്കിൽ നിന്ന് രക്തം വന്നതിനാൽ മെഡിക്കൽ ടൈം ഔട്ട് എടുത്ത താരം അതിനെ അതിജീവിച്ച് ആണ് സ്പാനിഷ് താരത്തെ മറികടന്നത്. ആദ്യ സെറ്റിൽ മത്സരത്തിൽ ചെറിയ വെല്ലുവിളി നേരിട്ടു എങ്കിലും 7-5 നു സെറ്റ് നേടിയ മെദ്വദേവ് മത്സരത്തിൽ ആധിപത്യം പിടിച്ചു. പിന്നീട് 6-1 നു മൂന്നാം സെറ്റും 6-3 നു നാലാം സെറ്റും സ്വന്തമാക്കിയ നാലാം സീഡ് മൂന്നാം റൗണ്ടിലേക്ക് അനായാസം മാർച്ച് ചെയ്തു.

ഏഴാം സീഡും ജർമ്മൻ താരവുമായ അലക്‌സാണ്ടർ സെവർവ്വും നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടാണ് മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ഇഗോർ ഗെറസിമോവിനു എതിരെ തന്റെ മികച്ച ഫോമിലേക്ക് ഉയർന്ന ജർമ്മൻ താരം വലിയ അവസരം ഒന്നും എതിരാളിക്ക് നൽകിയില്ല. ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് നേടിയ സെവർവ്വ് രണ്ടാം സെറ്റ് 6-4 നു നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. മൂന്നാം സെറ്റിൽ തിരിച്ചു വരാനുള്ള ശ്രമങ്ങൾ ഇഗോർ നടത്തിയെങ്കിലും ശക്തമായി പ്രതിരോധിച്ച ജർമ്മൻ താരം 7-5 നു മൂന്നാം സെറ്റ് സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.

Advertisement