രണ്ടാം റൗണ്ടിലേക്ക് മുന്നേറി മെദ്വദേവും ഗോഫിനും

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി റഷ്യൻ താരവും നാലാം സീഡുമായ ഡാനിൽ മെദ്വദേവ്. അമേരിക്കൻ താരം ഫ്രാൻസസ് ടിഫോയെ 4 സെറ്റുകൾ നീണ്ട മത്സരത്തിനൊടുവിൽ മറികടന്ന് ആണ് റഷ്യൻ താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ബിഗ് 3 കഴിഞ്ഞാൽ പലരും ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കുന്ന മെദ്വദേവ് കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലെ പ്രകടനം ആവർത്തിക്കാൻ ആവും ഓസ്‌ട്രേലിയയിൽ ശ്രമിക്കുക. ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കിയ റഷ്യൻ താരത്തിന് എതിരെ മികച്ച പോരാട്ടം ആണ് രണ്ടാം സെറ്റിൽ അമേരിക്കൻ താരം പുറത്ത് എടുത്തത്. 6-4 നു ഈ സെറ്റ് നേടിയ ടിഫോ മത്സരം കടപ്പിക്കും എന്നു തോന്നിപ്പിച്ചു എങ്കിലും മൂന്നും നാലും സെറ്റുകളിൽ തന്റെ മികവിലേക്ക് വീണ്ടും ഉയർന്ന മെദ്വദേവ് പിന്നീട്‌ എതിരാളിക്ക് വലിയ അവസരം ഒന്നും നൽകിയില്ല. 6-4, 6-2 എന്ന സ്കോറിന് മൂന്നും നാലും സെറ്റുകൾ നേടിയ മെദ്വദേവ് മത്സരവും രണ്ടാം റൗണ്ട് പ്രവേശനവും ഉറപ്പിച്ചു.

ഇതിലും അനായാസമായ മത്സരം ആയിരുന്നു 11 സീഡ് ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനിൽ നിന്ന് ഉണ്ടായത്. ഹാർഡ് കോർട്ടിൽ മികച്ച ഫോമിലുള്ള ഗോഫിൻ തന്റെ മികവ് ഇന്നും തുടർന്നപ്പോൾ എതിരാളിക്ക് മറുപടി ഉണ്ടായില്ല. കഴിഞ്ഞ എ. ടി. പി കപ്പിൽ നദാലിനെ മറികടന്ന ഗോഫിൻ സമാനമായ ഫോമിൽ തന്നെയാണ് ഫ്രഞ്ച് താരം ജെറമി ചാർഡിയെ നേരിട്ടത്. നേരിട്ടുള്ള സെറ്റുകൾക്ക് ഫ്രഞ്ച് താരത്തെ മറികടന്ന ഗോഫിൻ തനിക്ക് ഈ ടൂർണമെന്റിൽ ചിലതൊക്കെ ചെയ്യാൻ ആയേക്കും എന്ന വ്യക്തമായ സൂചനയാണ് നൽകിയത്. 6-4, 6-3, 6-1 എന്ന സ്കോറിന് ആയിരുന്നു ബെൽജിയം താരത്തിന്റെ ജയം.

Previous articleഷഖീരിയുടെ കയ്യടി വാങ്ങിയ ഒരു നിലമ്പൂർ ഫ്രീകിക്ക്
Next articleറാകിബുളിന് ഹാട്രിക്, ഉജ്ജ്വല ജയവുമായി ബംഗ്ളദേശ്