അഡ്വാൻ്റേജ് ഫെഡറർ

റോജർ ഫെഡററിൻ്റെ എയ്സ് റാഫേൽ നഡാലിനെ സ്തംബ്ദനാക്കുന്നു. ടെ­­­ലിവിഷൻ സ്ക്രീനിൽ ”അഡ്വാൻ്റേജ് ഫെഡറർ” എന്ന് തെളിയുന്നു. സ്വിറ്റ്സ­­­ർലൻ്റിൻ്റെ പ്രിയപുത്രൻ ഒാസ്ട്രേലിയൻ ഒാപ്പൺ കിരീടത്തിൻ്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു. ഒറ്റ ഷോട്ട് അകലെയാണ് ട്രോഫി! കളി തുടരുന്നു.

തുടർന്ന് നടന്ന കാര്യം നഗ്നനേത്രങ്ങൾക്ക് പിടിച്ചെടുക്കാൻ കഴിയുന്നതായിരുന്നില്ല. ചെയർ അമ്പയർ സാങ്കേതികവിദ്യയുടെ സഹായം തേടി. ആ നിമിഷത്തിൽ സമ്മർദ്ദത്താൽ ഫെഡററിൻ്റെയും നഡാലിൻ്റെയും ശ്വാസം നിലച്ചുപോയിരിക്കണം! മെൽബണിൽ കളി നേരിട്ട് കണ്ടവരുടെയും ടെലിവിഷനു മുമ്പിൽ മണിക്കൂറുകളോളം കുത്തിയിരുന്നവരുടെയും അവസ്ഥ അതുതന്നെയായിരുന്നു.പി­ന്നാലെ ഹോക്ക് എെ സാക്ഷ്യപ്പെടുത്തി-ഫെ­­­ഡറർ വിജയിച്ചിരിക്കുന്നു!

ഫെഡറർ ആവേശത്തോടെ അലറി.ഒപ്പം തന്നെ ആനന്ദക്കണ്ണീരു വീണ് കോർട്ട് നനഞ്ഞു.ഫെഡററുടെ സഹധർമ്മിണി മിർക്ക ഗാലറിയിൽ ഹർഷാരവം മുഴക്കി.ഇനിയൊരു കിരീടം നേടാനുള്ള ബാല്യമില്ലെന്ന് വിധിയെഴുതിയ ടെന്നീസ് വിദഗ്ദരുടെ വായടപ്പിച്ചുകൊണ്ട് 35കാരനായ ഫെഡറർ വിജയിച്ചിരിക്കുന്നു !

സമ്മാനദാനച്ചടങ്ങ് ആരംഭിച്ചു.ഇതിഹാസതാരം­­­ റോഡ് ലേവർ ട്രോഫി സമ്മാനിച്ചു.ആവേശത്തോ­­­ടെ അതിൽ മുത്തമിട്ട ഫെഡറർ വികാരഭരിതനായി എന്തൊക്കെയോ പറഞ്ഞു.ഏറ്റവും തിളക്കം ഈ വരികൾക്കായിരുന്നു-

”റാഫ,ദയവായി തുടർന്നും കളിക്കുക. ടെന്നീസിന് നിങ്ങളെ ആവശ്യമാണ്”

ഇതല്ലേ ഫെഡറർ? ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് ഫെഡറർ അത്യന്തം പ്രിയപ്പെട്ടവനായത് അയാളുടെ കളി കൊണ്ട് മാത്രമാണോ? ഒരിക്കലുമല്ല. അയാളുടെ­­­ വ്യക്തിത്വവും വലിയൊരു ഘടകമാണ്. മാന്യൻ,മാദ്ധ്യമങ്ങളോട് ധാർഷ്ട്യത്തോടെ പെരുമാറാത്തവൻ, തൻ്റെ ഏറ്റവും വലിയ എതിരാളിയോട് ബഹുമാനവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവ­­­ൻ. ഇതെല്ലാം അയാളുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതി­­­ന് സഹായിച്ചിട്ടുണ്ട്.

സ്വിറ്റ്സർലൻഡുകാരനായ­­­ കലാകാരനും സ്പെയിൻകാരനായ പോരാളിയും നേർക്കുനേർ വന്നപ്പോൾ പലരും പ്രവചിച്ചത് നഡാലിൻ്റെ വിജയമാണ്.അങ്ങനെ വിശ്വസിക്കാൻ അവർക്ക് ശക്തമായ കാരണങ്ങളുമുണ്ടായിരുന്നു. 2007 വിംബിൾഡനു ശേഷം നഡാലിന് ഫെഡററിനു മേൽ മുൻതൂക്കമുണ്ടായിരുന്നു. എ.ടി.പി റാങ്കിങ്ങിൽ നഡാൽ ആയിരുന്നു മുന്നിൽ. കൂടാതെ പ്രായത്തിൻ്റെ ആനുകൂല്യവും. പ്രായം ഫെഡററെ തളർത്തുന്നു എന്ന വിമർശനം ചുരുങ്ങിയത് അഞ്ചോ ആറോ വർഷങ്ങൾക്കുമുമ്പേ തന്നെ നിലവിലുണ്ട്.

എന്നാൽ ഫെഡററുടെ മനസ്സിലും ഉണ്ടായിരുന്നു ചില ഉറച്ച തീരുമാനങ്ങൾ.എട്ടുവർഷ­­­ങ്ങൾക്കു മുമ്പ് ഇതേ ഒാസ്ട്രേലിയൻ ഒാപ്പൺ ഫൈനലിൽ നഡാലിനോട് താൻ തോൽവി രുചിച്ചതാണ്. അന്ന് തൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴാണ് നഡാൽ ലേവറിൽ നിന്ന് ട്രോഫി സ്വീകരിച്ചത്. ഇത്തവണയും സമ്മാനദാനത്തിന് ലേവർ സന്നിഹിതനായിരിക്കും. അന്ന് രണ്ടാം സ്ഥാനക്കാരനുള്ള ട്രോഫി കൊണ്ട് തൃപ്തിപ്പെട്ടുവെങ്കി­­­ൽ ഇന്ന് ജേതാവിനുള്ള കിരീടം സ്വീകരിച്ച് തനിക്ക് തല ഉയർത്തിനിൽക്കണം. അതെ,­­­ജയിക്കണം! ജയിച്ചേ മതിയാകൂ!

സ്പാനിഷ് പത്രങ്ങൾ ഈ പോരാട്ടത്തെ ‘എൽ ക്ലാസിക്കോ’ എന്ന് വിശേഷിപ്പിച്ചു. ടോസിന് ശേഷം ഫെഡറർ തൻ്റെ സ്ഥാനത്തേക്ക് നടന്നു. അപ്പുറത്ത് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നഡാലിനെ അയാൾ ശ്രദ്ധപൂർവ്വം വീക്ഷിച്ചു. 2004ൽ തൻ്റെ മുമ്പിൽ വന്നുപെട്ട 17കാരനല്ല നഡാൽ ഇന്ന്. രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.­­­ പരിക്കുകൾ അയാളെ വലച്ചിട്ടുണ്ട്. പക്ഷേ­­­ ഒരിക്കലും മാറാത്ത ചിലതുണ്ട്.

ഭീകരമായ സമ്മർദ്ദത്തിലും ഒന്നാന്തരമായി കളിക്കാനുള്ള ശേഷി.

തോൽവി ഉറപ്പിച്ച ഘട്ടത്തിലും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കാനുള്ള വൈഭവം. അങ്ങനെയുള്ള നഡാലിനെ പരാജയപ്പെടുത്താൻ ഒരു ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും!

”റെഡി ; പ്ലേ” എന്ന ആഹ്വാനം കേട്ടതോടെ കാണികൾ നിശബ്ദരായി. ഇടങ്കയ്യനും വലങ്കയ്യനും തമ്മിലുള്ള പോര് ആരംഭിക്കുകയായി!

കൃത്യമായ പദ്ധതികളുമായാണ് ഫെഡറർ എത്തിയത്. ആദ്യ സെറ്റ് ഒരു എയ്സിലൂടെ അയാൾ തനിക്ക് അനുകൂലമായി അവസാനിപ്പിച്ചു. ആ റാക്കറ്റിൽ നിന്ന് ജന്മം കൊണ്ട പതിനായിരത്തോളം വരുന്ന മനോഹരമായ എയ്സുകളിൽ ഒന്ന്! പക്ഷേ ഇതൊരു മാരത്തോൺ ആണ്; സ്പ്രിൻ്റല്ല ! മികവ് നിലനിർത്തണം.

ഫെഡറർ ആരാധകരുടെ ആനന്ദത്തെ ഏതാനും മിനിട്ടുകൾക്കകം നഡാൽ തല്ലിക്കെടുത്തി.രണ്ടാ­മത്തെ സെറ്റ് കാളപ്പോരിൻ്റെ നാട്ടുകാരന് സ്വന്തം!

സ്കോർബോർഡിൻ്റെ അവസ്ഥ ഫെഡററെ ഉണർത്തി. സമ്മർദ്ദം അയാളെ തളർത്തിയില്ല. കോർട്ടി­­­ൽ അയാൾ രൗദ്രഭാവം പൂണ്ടു. മെൽബൺ നഗരത്തിൻ്റെ സ്വത്തായ യാര നദിയെപ്പോലെ ഫെഡറർ കോർട്ടിൽ ഒഴുകിനടന്നു. നീക്കങ്ങ­­­ളുടെ വേഗത വർദ്ധിച്ചു; ടൈമിംഗിന് പൂർണ്ണത കൈവന്നു. എതിരാളിയെ നേരിടാൻ കൃത്യമായ ഇടങ്ങളിൽ നിലയുറപ്പിച്ചു. ഫോർഹാ­­­ൻ്റും ബാക്ക്ഹാൻ്റും ഫലപ്രദമായി പ്രവർത്തിച്ചു. ഫെഡററു­­­ടെ ഈ മാജിക് കണ്ട് കാണികൾ പലരും ഇരിപ്പിടങ്ങളിൽ നിന്ന് ചാടി എഴുന്നേറ്റ് കൈയ്യടിച്ചു. സെറ്റ് ഫെഡറർക്ക്(6-1) !

എന്നാൽ എളുപ്പത്തിൽ കീഴടങ്ങുന്നവനായിരുന്നില്ല റാഫ. ഫെഡററിൻ്റെ അളന്നുമുറിച്ച ഷോട്ടുകൾക്ക് കൃത്യമായ ഉത്തരങ്ങൾ അയാളുടെ പക്കൽ ഉണ്ടായിരുന്നു. എതിരാളി വരുത്തിയ പിഴവുകൾ റാഫ ഭംഗിയായി മുതലെടുത്തു. അസാമാന്യ­­­മായ അത്ലറ്റിസിസമാണ് റാഫ പ്രദർശനത്തിനുവെച്ചത്­­­. അഞ്ചാമത്തെ ഗെയിം അയാൾ അവസാനിപ്പിച്ചതു തന്നെ അവിശ്വസനീയമായ ഒരു ഷോട്ടിലൂടെയായിരുന്നു­­­. അനായാസമായി നേടാവുന്ന പോയിൻ്റ് പോലും ഫെഡറർ നഷ്ടമാക്കുന്നതും കണ്ടു. ഗാലറിയിൽ ഒരു പെൺകുട്ടി സ്പെയിനിൻ്റെ പതാക വീശുമ്പോൾ നഡാൽ നാലാമത്തെ സെറ്റ് പോക്കറ്റിലാക്കിക്കഴി­­­ഞ്ഞിരുന്നു. പിന്നാലെ­ കമൻ്റെറ്റർ പറഞ്ഞു-

”Game on !! ”

നിർണ്ണായകമായ അഞ്ചാം സെറ്റ്. ഫെഡറർ പക്ഷക്കാരെ നിരാശയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തിക്കൊണ്ട്, നഡാൽ കത്തിക്കയറി. കമൻ്ററി ബോക്സിൽ നിന്ന് ഇങ്ങനെ മുഴങ്ങിക്കേട്ടു-

”ഫെഡററിന് ചിന്തിക്കാൻ സമയമില്ല. ഇവിടെ തോറ്റാൽ പിന്നെയൊരു തിരിച്ചുവരവില്ല….’­­­’

പെട്ടന്ന് ഫെഡറർ വീര്യം വീണ്ടെടുത്തു. തുടരെ ഗെയിമുകൾ ജയിച്ചു. നഡാലിൻ്റെ ഷോട്ടുകൾ ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി. റാക്കറ്റുകൾ തമ്മിലിടഞ്ഞു. 26 ഷോട്ടുകളുടെ ലോങ്ങസ്റ്റ് റാലി !

ഫെഡറർ ജയത്തിനരികിൽ നിൽക്കുമ്പോഴും എല്ലാവരും ചിന്തിച്ചു-

”ഇത് റാഫയാണ്. ഫെഡററെ അയാൾ പരമാവധി ബുദ്ധിമുട്ടിക്കും…­­­.!”

എല്ലാറ്റിനുമൊടുവിൽ ഫെഡററുടെ വിജയഭേരി മുഴങ്ങി! സ്വിറ്റ്സർലാൻ്റ് എന്ന കൊച്ചു രാജ്യത്തിന് ലോക ടെന്നീസ്ഭൂപടത്തിൽ സ്ഥാനം നൽകിയ രാജകുമാരൻ്റെ കിരീടധാരണം വീണ്ടും!

വലിയ മത്സരങ്ങളിൽ നഡാലിനെതിരെ മത്സരിക്കുമ്പോൾ ഫെഡറർക്ക് വേണ്ടത്ര ആത്മവിശ്വാസം ഇല്ലെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.അയാളുടെ ശരീരഭാഷ വിമർശിക്കപ്പെട്ട അവസരങ്ങൾ ഉണ്ടായിരുന്നു.എന്നാൽ­­ മെൽബണിൽ കഥ വ്യത്യസ്തമായിരുന്നു.­­തനിക്ക് നഡാലിനെ തോൽപ്പിക്കാനാവില്ല എന്ന് ഒരു ഘട്ടത്തിലും ഫെഡറർ ചിന്തിച്ചില്ല.അതിൻ്റെ വ്യത്യാസം ഫലത്തിലും പ്രകടമായി….

സാംപ്രസ്-അഗാസി പോരാട്ടങ്ങളും ബ്യോൺബോർഗ്-മെക്കൻറോ അങ്കങ്ങളും കണ്ട ടെന്നീസിന് ഇന്ന് ഹരം നഡാൽ-ഫെഡറർ മത്സരങ്ങളാണ്.അവർ എതിരാളികൾ മാത്രമാണ് ; ശത്രുക്കളല്ല.നഡാൽ തന്നെ മറികടന്നേക്കാം എന്ന് പത്തുവർഷങ്ങൾക്കുമുമ്പേ തന്നെ ഫെഡറർ പറഞ്ഞതാണ്.തൻ്റെ റോൾ മോഡൽ ഫെഡറർ ആണെന്ന് വെളിപ്പെടുത്തിയ ആളാണ് നഡാൽ.ഇവരുടെ ഏറ്റുമുട്ടലുകൾ തത്സമയം കാണാൻ കഴിയുന്നവർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്….

വിഷാദം നിറഞ്ഞ മുഖത്തോടെയാണ് സമ്മാനദാനച്ചടങ്ങിൽ നഡാൽ നിന്നത്.അയാൾ കഷ്ടപ്പെട്ട് ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.പ്രിയ നഡാൽ,നിങ്ങൾ നിരാശപ്പെടരുത്.ടെന്നീ­­സ് ഒാസ്ട്രേലിയയുടെ പ്രസിഡൻ്റ് സ്റ്റീവ് ഹീലി പറഞ്ഞതുതന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്-

”റാഫ ഒരു ചാംപ്യനാണ്.നിങ്ങൾ എപ്പോഴും അങ്ങനെയായിരിക്കും…­­..”

പരിക്കുകൾ പോലെ അനേകം വെല്ലുവിളികളെ അതിജീവിച്ചാണ് ഫെഡറർ തൻ്റെ കരിയർ കെട്ടിപ്പടുത്തത്.പരമാവധി ജ്ഞാനം നേടുന്നതിനുവേണ്ടി പല പരിശീലകരെ നിയോഗിച്ചു.വോളികൾ കൂടുതൽ ശക്തമാക്കി.അയാളുടെ ഫോർഹാൻ്റ് ഷോട്ടിനെ ലോകം ആദരപൂർവ്വം ‘ലിക്വിഡ് വിപ്പ്’ എന്ന് വിളിച്ചു.പീറ്റ് സാംപ്രസിന് ഫെഡറർ ഏറ്റവും മികച്ച ടെന്നീസ് താരമാണ്.ആന്ദ്രേ അഗാസി താൻ നേരിട്ട ഏറ്റവും മികച്ച എതിരാളിയായി ഫെഡററെ കണക്കാക്കുന്നു.റോഡ് ലേവർ പറഞ്ഞത് ശ്രദ്ധിച്ചിരുന്നില്ലേ?

“ട്രോഫി ഫെഡറർക്ക് നൽകാനാണ് എനിക്കിഷ്ടം….”

അതെ, മനുഷ്യർക്ക് പറഞ്ഞിട്ടില്ലാത്ത പൂർണ്ണതയുടെ തൊട്ടടുത്ത് കസേരവലിച്ചിട്ട് ഫെഡറർ ഇരിപ്പുറപ്പിച്ചിരി­ക്കുന്നു !”

”ആരു തോറ്റാലും ടെന്നീസ് ജയിക്കട്ടെ” എന്ന വാചകം പഴഞ്ചനായിരിക്കാം.പക്ഷേ ഇങ്ങനെയുള്ള മത്സരങ്ങൾക്കുശേഷം വേറെ എന്തുപറയാനാണ് !? ക്ലാസിക് എന്ന് അക്ഷരം തെറ്റാതെ വിളിക്കാം. ജയിച്ചത് ടെന്നീസ് തന്നെയാണ് ; ടെന്നീസ് മാത്രമാണ് !

മത്സരം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഫെഡററും നഡാലും ഒരു കൊച്ചുപയ്യനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.ആ ചിത്രത്തിൻ്റെ മൂല്യം അവൻ തിരിച്ചറിയുന്നുണ്ടാവുമോ? ക്യാമറകളിൽ മാത്രമല്ല,കാണികളുടെ മനസ്സുകളിലും ഈ ഒാസ്ട്രേലിയൻ ഒാപ്പൺ ഫൈനൽ ചില ചിത്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്.­ അവർ അന്ത്യശ്വാസം വലിക്കുന്നതുവരെ അവ അവിടെയുണ്ടാവും. മായ്ക്കാനാവാതെ!!

Previous articleഅവസാന ഓവറുകളില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ, പരമ്പര ഒപ്പത്തിനൊപ്പം
Next articleമുഹമ്മദ് റാഫിക്ക് പരിക്ക്, എഫ് സി തൃക്കരിപ്പൂരിനു തോൽവി