റോട്ടർഡാമിൽ അട്ടിമറി തുടരുന്നു, രണ്ടാം സീഡ് സ്റ്റിസ്റ്റിപാസും പുറത്ത്, ഡബിൾസിൽ ബൊപ്പണ്ണ സഖ്യം സെമിയിൽ

റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ രണ്ടാം സീഡും ലോക ആറാം നമ്പറും ആയ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസും പുറത്ത്. ഇതോടെ ടൂർണമെന്റിൽ നിന്ന് 1, 2, 4 സീഡ് താരങ്ങൾ ക്വാട്ടർ ഫൈനൽ കാണാതെ പുറത്ത് ആയി. സ്ലൊവേനിയൻ താരവും 54 റാങ്കുകാരനും ആയ അൽജാസ് ബെഡ്നെ ആണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. ആദ്യ സെറ്റ് 7-5 നു നേടിയ സ്ലൊവേനിയൻ താരം 6-4 നു രണ്ടാം സെറ്റ് സ്വന്തമാക്കി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനം പുറത്ത് എടുത്ത സ്ലൊവേനിയൻ താരം ഇത് രണ്ടാം തവണയാണ് ആദ്യ പത്തിലുള്ള ഒരു താരത്തെ തോല്പിക്കുന്നത്. മെദ്വദേവ്, ഗോഫിൻ തുടങ്ങിയവർക്ക് പുറമെ സ്റ്റിസ്റ്റിപാസും മടങ്ങിയതോടെ റോട്ടർഡാമിൽ അട്ടിമറികൾ തുടരുകയാണ്. അതേസമയം നിലവിലെ ജേതാക്കൾ ആയ റോജർ, ടാക്യ സഖ്യത്തെ മറികടന്ന് ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും കനേഡിയൻ താരം ഷാപാവലോവും അടങ്ങിയ സഖ്യം ഡബിൾസിൽ സെമിയിലേക്ക് മുന്നേറി. സൂപ്പർ ടൈബ്രെക്കറിലൂടെ ഫലം നിർണയിച്ച മത്സരത്തിൽ 6-2, 3-6, 10-7 എന്ന സ്കോറിന് ആയിരുന്നു ഇന്ത്യൻ, കനേഡിയൻ സഖ്യം ജയം കണ്ടത്.

Loading...