ഡാനിൽ മെദ്വദേവിനു ഫ്രഞ്ച് ഓപ്പൺ അടക്കം കളിമണ്ണ് സീസൺ മുഴുവൻ നഷ്ടമാവും

ലോക രണ്ടാം നമ്പർ താരവും യു.എസ് ഓപ്പൺ ജേതാവും ആയ ഡാനിൽ മെദ്വദേവ് അടുത്ത ഒന്നു രണ്ട് ആഴ്ച ടെന്നീസ് കളത്തിൽ ഉണ്ടാവില്ല. തന്നെ കുറച്ചു മാസങ്ങളായി ചെറിയ ഹെർണിയ അലട്ടിയിരുന്നു എന്നു വ്യക്തമാക്കിയ മെദ്വദേവ് ഇതിന്റെ ചികത്സക്ക് ആയി ആണ് താൻ കളത്തിൽ നിന്നു വിട്ടു നിൽക്കുന്നത് എന്നും പറഞ്ഞു. ടീമും ആയി ആലോചിച്ച ശേഷം ചെറിയ ശസ്ത്രക്രിയക്ക് വിധേയനാവാൻ ആണ് റഷ്യൻ താരത്തിന്റെ തീരുമാനം.

അടുത്ത ഒന്നു രണ്ടു മാസം താൻ കളത്തിൽ നിന്നു വിട്ടു നിൽക്കും എന്നും കൂട്ടിച്ചേർത്ത മെദ്വദേവ് ആരാധകരുടെ പിന്തുണക്കും നന്ദി പറഞ്ഞു. താൻ കളത്തിലേക്ക് ശക്തമായി തിരിച്ചു വരും എന്ന പ്രത്യാശയും താരം പ്രകടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മെദ്വദേവ് ഈ വിവരം പങ്ക് വച്ചത്. ഇതോടെ ഫ്രഞ്ച് ഓപ്പൺ അടക്കം ഏതാണ്ട് കളിമണ്ണ് സീസൺ മുഴുവൻ താരത്തിന് നഷ്ടമായേക്കും. കളത്തിൽ ഇല്ലെങ്കിലും തന്റെ രണ്ടാം റാങ്ക് മെദ്വദേവ് ഈ കാലയളവിൽ നിലനിർത്താൻ തന്നെയാണ് സാധ്യത.