മിയാമിയിൽ മെദ്വദേവിനെ ക്വാർട്ടറിൽ വീഴ്ത്തി ഹുർകാഷ്, ജ്യോക്കോവിച്ച് ലോക ഒന്നാം നമ്പർ ആയി തുടരും

മിയാമി ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാവും എട്ടാം സീഡും ആയ ഉമ്പർട്ട് ഹുർകാഷ് ലോക രണ്ടാം നമ്പറും ഒന്നാം സീഡും ആയ ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ചു. ജയിച്ചിരുന്നു എങ്കിൽ മെദ്വദേവ് ലോക ഒന്നാം റാങ്കിലേക്ക് തിരിച്ചു എത്തുമായിരുന്നു. എന്നാൽ റഷ്യൻ താരത്തിന്റെ പരാജയത്തോടെ നൊവാക് ജ്യോക്കോവിച്ച് ലോക ഒന്നാം റാങ്കിൽ തുടരും.

ആദ്യ സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. ആദ്യം ബ്രൈക്ക് വഴങ്ങിയെങ്കിലും മെദ്വദേവ് ബ്രൈക്ക് തിരിച്ചു പിടിച്ചു സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. എന്നാൽ സെറ്റ് ടൈബ്രേക്കറിലൂടെ പോളണ്ട് താരം സ്വന്തമാക്കി. രണ്ടാം സെറ്റിൽ കൂടുതൽ കരുത്ത് നേടിയ ഹുർകാഷ് സെറ്റ് 6-3 നു നേടി സെമിഫൈനൽ ഉറപ്പിച്ചു. മിയാമി ഓപ്പണിൽ തുടർച്ചയായ പത്താം ജയം ആണ് പോളണ്ട് താരത്തിന് ഇത്.