സിറ്റിപാസിന്റെ വെല്ലുവിളി അതിജീവിച്ചു നൊവാക് ജ്യോക്കോവിച് പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ

Screenshot 20221106 002150 01

എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ആറാം സീഡ് നൊവാക് ജ്യോക്കോവിച്. അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് സെർബിയൻ താരം സെമി ഫൈനലിൽ മറികടന്നത്. പാരീസിൽ ഇത് വരെ കളിച്ച എല്ലാ സെമിഫൈനലിലും ജയം കണ്ട ജ്യോക്കോവിച്ചിന്റെ എട്ടാം ഫൈനൽ ആണ് ഇത്. തുടർച്ചയായ 13 മത്തെ ജയം കൂടിയായിരുന്നു താരത്തിന് ഇത്.

മികച്ച തുടക്കം ലഭിച്ച ജ്യോക്കോവിച് ആദ്യ സെറ്റിൽ ഇരട്ട ബ്രേക്ക് കണ്ടത്തി സെറ്റ് 6-2 നു നേടി. എന്നാൽ സമാനമായി തിരിച്ചടിച്ച സിറ്റിപാസ് രണ്ടാം സെറ്റ് 6-3 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ഇരുവരും സർവീസ് കൈവിടാതെ കളിച്ചപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ 7-4 നു ജയിച്ചു സിറ്റിപാസിന്റെ വെല്ലുവിളി അതിജീവിച്ചു ജ്യോക്കോവിച് ഫൈനലിൽ എത്തുക ആയിരുന്നു. ഫൈനലിൽ 19 കാരനായ ഡാനിഷ് താരം ഹോൾഗർ റൂണെ ആണ് മുൻ ലോക ഒന്നാം നമ്പറിന്റെ എതിരാളി.