റിയോ ഓപ്പണിൽ തീമിനു തോൽവി, ഫെഡറർ മൂന്നാം റാങ്കിൽ തുടരും

റിയോ ഓപ്പണിൽ ഒന്നാം സീഡ് ഡൊമനിക് തീമിനു തോൽവി. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം ജിയാൻലുക മാഗർ ആണ് തീമിനെ അട്ടിമറിച്ചത്. ഇന്നലെ മഴ മുടക്കിയ കളി ഇന്ന് ആണ് പൂർത്തിയാക്കാൻ സാധിച്ചത്‌. പരിക്ക് അലട്ടിയിട്ടും കളത്തിൽ ഇറങ്ങിയ തീം ഇന്നലെ ഒരു സെറ്റിനും രണ്ടാം സെറ്റിൽ ബ്രൈക്കിനും പിറകിൽ ആയ സമയത്ത് ആയിരുന്നു മഴ വില്ലനായി എത്തിയത്. എന്നാൽ ഇന്നലത്തെ തിരിച്ചടിയിൽ നിന്ന് കരകയറാൻ ഓസ്ട്രിയൻ താരത്തിന് ആയില്ല. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നഷ്ടമായ താരം രണ്ടാം സെറ്റിൽ ഇന്നലെ വഴങ്ങിയ ബ്രൈക്ക് തിരിച്ചു പിടിച്ചു എങ്കിലും ഒരിക്കൽ കൂടി തീമിനെ ബ്രൈക്ക് ചെയ്ത ഇറ്റാലിയൻ താരം 7-5 നു രണ്ടാം സെറ്റ് സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറി.

ഇതോടെ നിലവിൽ നാലാം റാങ്കിലുള്ള തീമിനു മൂന്നാം റാങ്കിലേക്ക് ഫെഡററെ മറികടന്ന് മുന്നേറാനുള്ള അവസരം ആണ് നഷ്ടമായത്. റിയോയിൽ സെമിയിൽ എത്തിയിരുന്നു എങ്കിൽ താരം മൂന്നാം റാങ്കിൽ എത്തുമായിരുന്നു. എന്നാൽ ദുബായ് ഓപ്പണിൽ ഫെഡററിന്റെ അഭാവത്തിൽ ഈ നേട്ടം കൈവരിക്കാൻ ആവും തീമിന്റെ ശ്രമം. അതേസമയം മറ്റൊരു ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് താരം പെട്രോ മാർട്ടിനസിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്ന ആറ്റില ബലാസും സെമിഫൈനലിൽ എത്തി. 6-2 നു ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു 6-4, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ ബലസിന്റെ ജയം.