വീണ്ടും തിരിച്ചു വരവ്! സെർബിയൻ ഓപ്പൺ സെമി ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്ച്

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ സെർബിയൻ(ബെൽഗ്രേഡ്) ഓപ്പണിൽ സെമി ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്ച്. മുൻ മത്സരത്തിൽ പിറകിൽ നിന്ന ശേഷം 3 മണിക്കൂർ പോരാട്ടത്തിൽ ജയം കണ്ട ജ്യോക്കോവിച്ച് ഇത്തവണയും സമാനമായ പ്രകടനം ആവർത്തിച്ചു. ഏഴാം സീഡ് ആയ നാട്ടുകാരൻ മിയോമിർ കെച്മനോവിച്ചിനെ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ജ്യോക്കോവിച്ച് തോൽപ്പിച്ചത്.

ആദ്യ സെറ്റ് 6-4 നു കൈവിട്ട ലോക ഒന്നാം നമ്പർ രണ്ടാം സെറ്റ് 6-3 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ സമാനമായ സ്കോറിന് ജയം കണ്ട താരം സ്വന്തം നാട്ടിൽ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തു. സെമിയിൽ ബ്രസീലിയൻ താരം തിയാഗോ മോണ്ടെരിയോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു വരുന്ന മൂന്നാം സീഡ് കാരൻ ഖാചനോവ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി.