മിയാമി ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മെദ്വദേവും സെരവും, നിക്കിനെ വീഴ്ത്തി സിന്നർ

എ.ടി.പി 1000 മാസ്റ്റർ മിയാമി ഓപ്പണിൽ അവസാന എട്ടിൽ സ്ഥാനം പിടിച്ചു ഒന്നാം സീഡ് ഡാനിൽ മെദ്വദേവ്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെൻസൻ ഭ്രൂക്സ്ബിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മെദ്വദേവ് തകർത്തത്. ആദ്യ സെറ്റിൽ വെല്ലുവിളി നേരിട്ടെങ്കിലും 7-5 നു സെറ്റ് മെദ്വദേവ് സ്വന്തമാക്കി. തുടർന്ന് 6-1 നു അനായാസം രണ്ടാം സെറ്റ് നേടിയ മെദ്വദേവ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത മെദ്വദേവ് 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. അതേസമയം ടൂർണമെന്റിൽ നന്നായി തുടങ്ങിയ നിക് ക്രഗറിയോസിനെ ഒമ്പതാം സീഡ് യാനിക് സിന്നർ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. ആദ്യ സെറ്റിൽ ടൈബ്രേക്കർ കണ്ട മത്സരത്തിൽ 7-6, 6-3 എന്ന സ്കോറിന് ആണ് ഇറ്റാലിയൻ താരം ജയം കണ്ടത്.

സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം തനാസി കൊകിനാക്കിസിനെ 6-4, 6-4 എന്ന സ്കോറിന് മറികടന്ന രണ്ടാം സീഡ് ജർമ്മനിയുടെ അലക്‌സാണ്ടർ സെരവും മിയാമി ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തി. ഓരോ സെറ്റിലും നിർണായക ബ്രൈക്ക് കണ്ടത്താൻ സാഷക്ക് ആയി. പത്താം സീഡ് കാമറൂൺ നോറിയെ 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന ആറാം സീഡ് കാസ്പർ റൂഡും മിയാമിയിൽ അവസാന എട്ടിൽ സ്ഥാനം പിടിച്ചു. സീഡ് ചെയ്യാത്ത ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസിനെ 7-6, 6-2 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന എട്ടാം സീഡ് ഉമ്പർട്ട് ഹുർകാഷും ക്വാർട്ടർ ഫൈനലിൽ ഇടം കണ്ടത്തി.