ദുബായ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി സ്റ്റിസ്റ്റിപാസ്, മോൻഫിൽസ്, റൂബ്ലേവ് എന്നിവർ

- Advertisement -

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി രണ്ടാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. അലക്‌സാണ്ടർ ബുബ്ലിക്കിന് എതിരായ മത്സരത്തിൽ ആദ്യ സെറ്റിൽ വെല്ലുവിളി നേരിട്ടു എങ്കിലും ടൈബ്രെക്കറിലൂടെ സെറ്റ് സ്വന്തം പേരിൽ കുറിച്ച സ്റ്റിസ്റ്റിപാസ് രണ്ടാം സെറ്റിൽ കുറച്ച് കൂടി മുൻതൂക്കം നേടി. രണ്ടാം സെറ്റ് 6-4 നു നേടിയ ഗ്രീക്ക് താരം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ ഒരു തവണ മാത്രമെ സർവീസ് ബ്രൈക്ക് വഴങ്ങിയിരുന്നു എങ്കിലും മത്സരത്തിൽ ഗ്രീക്ക് താരത്തിന് മുന്നിൽ 2 സെറ്റുകൾക്ക് ഉള്ളിൽ കീഴടങ്ങാൻ ആയിരുന്നു ബുബ്ലിക്കിന്റെ വിധി.

അതേസമയം തുടർച്ചയായ 11 ജയത്തോടെ അവസാന എട്ടിലേക്ക് മുന്നേറുക ആയിരുന്നു മൂന്നാം സീഡായ ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസ്. ജപ്പാൻകാരൻ ആയ എതിരാളിക്ക് എതിരെ സമ്പൂർണ ആധിപത്യം പുലർത്തിയ ഫ്രഞ്ച് താരം 6-1, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. മത്സരത്തിൽ 5 തവണയാണ് മോൻഫിൽസ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യൻ താരം ഫിലിപ്പ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു റഷ്യൻ താരവും ആറാം സീഡും ആയ ആന്ദ്ര റൂബ്ലേവും അവസാന എട്ടിൽ എത്തി. ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് നേടിയ റൂബ്ലേവ് രണ്ടാം സെറ്റ് 6-0 നു ആണ് ജയിച്ചത്.12 ഏസുകൾ ഉതിർത്ത റഷ്യൻ താരം 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.

Advertisement