റോട്ടർഡാമിൽ ജയം കണ്ട് മോൻഫിൽസും ഗോഫിനും

- Advertisement -

റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ നിലവിലെ ജേതാവ് ആയ ഗെയിൽ മോൻഫിൽസിന് ആദ്യ റൗണ്ടിൽ അനായാസജയം. പോർച്ചുഗീസ് താരം ആയ ജോ സോസയെ 6-3, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മൂന്നാം സീഡ് കൂടിയായ ഫ്രഞ്ച് താരം മറികടന്നത്. 2020 തിൽ ഇത് വരെ ജയിക്കാൻ സാധിക്കാത്ത സോസയുടെ തുടർച്ചയായ ഏഴാം പരാജയം ആയിരുന്നു ഇത്. മികച്ച ഫോമിലുള്ള മോൻഫിൽസ് തന്റെ കിരീടം നിലനിർത്താൻ ആണ് റോട്ടർഡാമിൽ ശ്രമിക്കുക. കുകുഷ്കിനെ 3 സെറ്റ് പോരാട്ടത്തിൽ മറികടന്ന് എത്തുന്ന നാട്ടുകാരൻ കൂടിയായ ഗിൽസ് സൈമൺ ആണ് മോൻഫിൽസിന്റെ അടുത്ത റൗണ്ട് എതിരാളി.

ആദ്യ സെറ്റിൽ ടൈബ്രെക്ക് കണ്ട മത്സരത്തിൽ 7-6, 3-6, 6-3 എന്ന സ്കോറിന് ആയിരുന്നു സൈമണിന്റെ ജയം. അതേസമയം ബെൽജിയം താരം ഡേവിഡ് ഗോഫിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വൈൽഡ് കാർഡ് ആയി കളിക്കാൻ എത്തിയ ഹോളണ്ട് താരം റോബിൻ ഹോസെക്ക് എതിരെ ആദ്യ സെറ്റ് 6-3 നു തോറ്റ ശേഷം ആയിരുന്നു ഗോഫിന്റെ ജയം. രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ ഗോഫിൻ മൂന്നാം സെറ്റ് 6-4 നു സ്വന്തമാക്കി. അതേസമയം കോഹ്ലഷെയ്ബറെ 6-3,7-5 എന്ന സ്കോറിന് മറികടന്ന ഇവാൻസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഫോഗ്നിയെ അട്ടിമറിച്ച് എത്തുന്ന കാചനോവ് ആണ് അടുത്ത റൗണ്ടിൽ ഇവാൻസിന്റെ എതിരാളി.

Advertisement