മറേ: കിതയ്ക്കാതെ കുതിച്ചവന്‍

- Advertisement -

പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നാണ് പറയുക. പക്ഷേ പടികള്‍ ഒരുപാട് അധികമാകുമ്പോള്‍ ശാരീരികമായും അതിലുപരി മാനസികമായും ക്ഷീണിച്ച് പോകുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ തോല്‍വികളില്‍ പതറാതെ അവയെ വിജയത്തിലേക്കുള്ള ഏണിയാക്കിയവരുമുണ്ടെന്ന് മനസ്സിലാക്കാന്‍ ആന്റി മറേയുടെ ടെന്നീസ് കരിയര്‍ ഒന്ന് പരിശോധിച്ചാല്‍ മാത്രം മതി. പതിനൊന്ന് ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിച്ചതില്‍ എട്ടിലും പരാജയം രുചിക്കാനായിരുന്നു ഈ സ്കോട്ടിഷ് താരത്തിന്റെ വിധി! ആദ്യ ഗ്രാന്‍ഡ്‌ സ്ലാം നേടിയതോ തുടര്‍ച്ചയായ നാല് ഫൈനല്‍ തോല്‍വികള്‍ക്ക് ശേഷവും. ഒന്ന് ജയിച്ചതിന് ശേഷവും തോല്‍വികള്‍ പിന്നേയും തുടര്‍ക്കഥകളായി. ‘വലിയ മത്സരങ്ങള്‍ ജയിക്കാന്‍ കെല്‍പ്പില്ലാത്തവന്‍’ എന്ന് വിമര്‍ശകരും ‘ഭാഗ്യമില്ലാത്തവന്‍’ എന്ന വിശേഷണം ആരാധകരും പലപ്പോഴായി ചാര്‍ത്തി കൊടുത്ത താരം ഇന്നിതാ ടെന്നീസ് ലോകത്തിന്‍റെ നെറുകയില്‍ എത്തിയിരിക്കുന്നു.Andy Murray

മൂന്നാം വയസ്സ് മുതലേ ആന്റി മറേ എന്ന താരം ടെന്നീസ് റായ്ക്കറ്റ് പിടിക്കാന്‍ തുടങ്ങിയിരുന്നു. ആദ്യമായി പരിശീലിപ്പിച്ചതോ സ്വന്തം അമ്മയായ ജൂഡിയും. യുഎസ് ഓപ്പണ്‍ ജൂനിയര്‍ കിരീടം നേടിയാണ് ആന്റി ടെന്നീസ് ലോകത്തേക്കുള്ള തന്‍റെ വരവറിയിച്ചത്. തൊട്ടടുത്ത വര്‍ഷം മുതല്‍ പ്രൊഫഷണല്‍ സര്‍ക്ക്യൂട്ടില്‍ കളിക്കാന്‍ തുടങ്ങിയ മറേ, 2006ല്‍ ടെന്നീസ് കണ്ട എക്കാലത്തേയും മികച്ച കളിക്കാരന്‍ റോജര്‍ ഫെഡററെ സിന്‍സിനാറ്റി ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത് മുതലാണ്‌ കൂടുതല്‍ ശ്രദ്ധ നേടുന്നത്. ആ വര്‍ഷം ആന്റി റോഡിക്കിനേയും തോല്‍പ്പിച്ച് അതിനടുത്ത വര്‍ഷം സാപ്പ് ഓപ്പണ്‍ ജയിച്ച് റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തുകയും ചെയ്തു. പക്ഷേ ഫെഡറര്‍, നദാല്‍, ജോക്കോവിച്ച് എന്നിവരുടെ മറ നീക്കി പുറത്ത് കടക്കാന്‍ മറേയെന്ന പോരാളിക്ക് അധികമൊന്നും കഴിഞ്ഞില്ല എന്ന് വേണം പറയാന്‍.

Andy Murray

ആദ്യമെല്ലാം ഡിഫന്‍സില്‍ ഊന്നിയുള്ളതായിരുന്നു മറേയുടെ ശൈലി. വിന്നറുകള്‍ പായിക്കുന്നതില്‍ മറേ മിടുക്ക് കാട്ടിയില്ല എന്നുതന്നെ പറയാം. ആദ്യ സെറ്റിന്‍റെ മുന്‍‌തൂക്കം ഉണ്ടായിട്ടു പോലും പലപ്പോഴും അപ്രതീക്ഷിതമായി തോല്‍വികളെ പുണരാനായിരുന്നു ആന്റിയുടെ വിധി. വലിയ മത്സരങ്ങളില്‍ പുലര്‍ത്തേണ്ട നിശ്ചയ ദാര്‍ഢ്യമോ ആത്മവിശ്വാസമോ പലപ്പോഴും മറേ എന്ന കളിക്കാരനില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. എപ്പോഴും തന്നോട് തന്നെ സംസാരിച്ച് സ്വയം പഴിക്കുന്ന മറേയെ ആവും നിങ്ങള്‍ക്ക് കോര്‍ട്ടില്‍ കാണാന്‍ കഴിയുക. അതുകൊണ്ട് തന്നെ മത്സരശേഷം മൈക്കിന് മുന്നില്‍ ആനന്ദാശ്രുവിന് പകരം പരാജയത്തിന്റെ കണ്ണുനീര്‍ പൊഴിക്കാന്‍ മാത്രമേ നേരവും കിട്ടിയിട്ടുള്ളൂ.
2012 മുതലാണ്‌ വലിയ വിജയങ്ങള്‍ മറേ എത്തിപ്പിടിക്കാന്‍ തുടങ്ങുന്നത്. ആ വര്‍ഷം ഒളിമ്പിക്സ് സ്വര്‍ണ്ണം ഫെഡററെ പരാജയപ്പെടുത്തിയും തന്‍റെ ആദ്യ ഗ്രാന്‍ഡ്‌സ്ലാമായ യുഎസ് ഓപ്പണ്‍ ജോക്കൊവിച്ചിനെ തോല്‍പ്പിച്ചും നേടുക വഴി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു റെക്കോഡ് തിരുത്താനും മറേയ്ക്ക് കഴിഞ്ഞു. 2012ല്‍ സ്വന്തം നാടിന്‍റെ പ്രതീക്ഷകളുടെ മുഴുവന്‍ ഭാരവും പേറി ഇറങ്ങുകയും പതിവുപോലെ കൈവിട്ടു പോകുകയും ചെയ്ത വിംബിള്‍ഡണില്‍ 2013ല്‍ മുത്തമിടുക വഴി 77 വര്‍ഷം പഴക്കമുള്ള ഒരു ബ്രിട്ടീഷ് റെക്കോര്‍ഡും സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു ഈ താരം.

??????????
??????????

അമ്മ ടെന്നീസ് പഠിപ്പിച്ചത് കൊണ്ടായിരിക്കണം അമേലി മൗറിസ്മോയെന്ന പഴയ വനിതാ ചാമ്പ്യനെ കോച്ചായി നിയമിക്കാന്‍ മറേയെ പ്രേരിപ്പിച്ചത്. ഇത് ടെന്നീസ് ആരാധകരെ ഒന്നമ്പരപ്പിച്ചെങ്കിലും അധികകാലം ആ ബന്ധം നീണ്ടുനിന്നില്ല. 2014 ആന്റി മറേയ്ക്ക് അത്ര നല്ല വര്‍ഷവുമായിരുന്നില്ല. പരിക്കില്‍ നിന്ന് തിരിച്ചു വന്നതിന്‍റെ പ്രശ്നങ്ങളായിരിക്കണം താരത്തെ ബാധിച്ചത്. പക്ഷേ 2016 മറേ നന്നായി തന്നെ തുടങ്ങി. റയോനിച്ചിനെ തോല്‍പ്പിച്ച് വിംബിള്‍ഡണ്‍ ജയിക്കുകയും ഒളിമ്പിക് ഗോള്‍ഡ്‌ നിലനിര്‍ത്തുന്ന ചരിത്രത്തിലെ തന്നെ ആദ്യ താരവുമായി. ഒടുവിലിതാ സാക്ഷാല്‍ ജോക്കൊവിച്ചിനെയും മറികടന്ന് ഒന്നാം നമ്പര്‍ സ്ഥാനവും. മറേ വലിയ വിജയങ്ങള്‍ ഒരു ശീലമാക്കിയിരിക്കുന്നു. സഹതാപം തോന്നി സ്നേഹിച്ചവരെ വിജയങ്ങള്‍ കൊണ്ട് ആരാധകരാക്കി മാറ്റിയിരിക്കുന്നു.

വാല്‍ക്കഷ്ണം: എട്ടു വയസ്സുള്ളപ്പോള്‍ സ്കൂളില്‍ നടന്ന ഒരു ഭ്രാന്തന്‍റെ അറും കൊലകള്‍ക്ക് സാക്ഷിയായിട്ടും മനസ്സ് മരവിച്ച് പോകാതെ പിടിച്ചു നിന്ന അതേ മനക്കരുത്തായിരിക്കണം പിന്നീട് തുടരെ വന്ന തോല്‍വികളിലും ഒന്നിളകാതെ, ഒരിഞ്ച് പോലും പുറകോട്ട് പോകാതെ മുന്നോട്ട് പോകാന്‍ ഈ താരത്തെ സഹായിച്ചിരിക്കുക എന്നുറപ്പ്.

Advertisement