ഹാമ്പർഗ് ഓപ്പണിൽ കിരീടം ഉയർത്തി ആന്ദ്ര റൂബ്ലേവ്

കരിയറിലെ ആദ്യ എ. ടി. പി മാസ്റ്റേഴ്സ് 500 കിരീടം ഉയർത്തി റഷ്യൻ യുവതാരം ആന്ദ്ര റൂബ്ലേവ്. അഞ്ചാം സീഡ് ആയ റൂബ്ലേവ് രണ്ടാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് ജർമ്മനിയിൽ കിരീടം ഉയർത്തിയത്. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത സ്റ്റിസ്റ്റിപാസിനെ 5 തവണയാണ് റൂബ്ലേവ് ബ്രൈക്ക് ചെയ്തത്. 4 തവണ മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയെങ്കിലും നിർണായക സമയത്ത് സർവീസ് നിലനിർത്താൻ റഷ്യൻ താരത്തിന് ആയി. ഹാമ്പർഗിലെ കളിമണ്ണ് കോർട്ടിൽ ആദ്യ സെറ്റ് 6-4 നു നേടിയ റൂബ്ലേവ് മത്സരത്തിൽ മുന്നിലെത്തി.

എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചു വന്ന സ്റ്റിസ്റ്റിപാസ് സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ ഇരു താരങ്ങളും മികവ് തുടർന്നു. നിർണായക ബ്രൈക്ക് മൂന്നാം സെറ്റിൽ കണ്ടത്തിയ സ്റ്റിസ്റ്റിപാസ് മത്സരത്തിനു ആയി സർവീസ് ചെയ്യാൻ തുടങ്ങി. എന്നാൽ പിഴവുകൾ വരുത്തിയ ഗ്രീക്ക് താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്ത റൂബ്ലേവ് മത്സരം രക്ഷിച്ചു. തുടർന്നു ഒരിക്കൽ കൂടി എതിരാളിയെ ബ്രൈക്ക് ചെയ്ത റൂബ്ലേവ് 7-5 നു സെറ്റ് കയ്യിലാക്കി കിരീടം സ്വന്തം പേരിൽ കുറിച്ചു. ഭാവി സൂപ്പർ സ്റ്റാർ ആയി പരിഗണിക്കുന്ന ഇരുതാരങ്ങൾക്കും ഫ്രഞ്ച് ഓപ്പണിന് മുമ്പ് ഈ പ്രകടനം മികച്ച ആത്മവിശ്വാസം നൽകും.

Exit mobile version