‘വില്ല്യംസ്’ ഫൈനൽ മണിക്കൂറുകൾക്കകം

 

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ വില്ല്യംസ് സഹോദരിമാർ മണിക്കൂറുകൾക്കുള്ളിൽ ഏറ്റുമുട്ടും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫൈനലിൽ ഇടം നേടിയ ചേച്ചി വീനസും, സ്റ്റെഫിയുടെ റെക്കോർഡ് കഴിഞ്ഞ വർഷം കൈയ്യെത്തും ദൂരത്ത് നഷ്ടമായ അനുജത്തി സെറീനയും തമ്മിലാണ് പഴയ കാലത്തെ ടെന്നീസ് പോര് ആവർത്തിക്കാനൊരുങ്ങുന്നത്. സെറീനയ്ക്ക് എന്നും ഏറ്റവും വെല്ലുവിളി ഉയർത്തിയിട്ടുള്ള താരവും, എതിരെ മികച്ച റെക്കോർഡുള്ള താരവും ചേച്ചി വീനസ് തന്നെ എന്നതിൽ സംശയമില്ല അതുകൊണ്ട് തന്നെയാണ് നാളെ നടക്കുന്ന പുരുഷ ഫൈനൽ മത്സരഫലം പോലെ ഇതും അപ്രവചനാതീതമായി തുടരുന്നത്. മുൻകാലങ്ങളിലെ വിജയങ്ങളുടെ മുൻതൂക്കമോ, റാങ്കിങ്ങോ ഒന്നും തന്നെ ഈ മത്സരങ്ങളുടെ ഫലം നിർണ്ണയിക്കാൻ പോകുന്നില്ല. അതേ ദിവസം നന്നായി കളിക്കുന്നയാൾ ജയിക്കും എന്ന് മാത്രമേ മത്സരത്തെ കുറിച്ച ഇപ്പോൾ പറയാൻ സാധിക്കൂ. പുരുഷഫൈനലും, വനിതാഫൈനലും ടെന്നീസ് പ്രേമികളെ കുറച്ച് വർഷങ്ങൾ പുറകിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌. പ്രായവും, പരിക്കും പിന്നെ തിരിച്ചു വരവുകളും കണക്കിലെടുക്കുമ്പോൾ സീസണിലെ ആദ്യ ഗ്രാൻഡ്സ്ളാമിന് ഇങ്ങനെയൊരു അവസാനം ആരും പ്രവചിച്ചിരിക്കാൻ സാധ്യതയില്ലെന്നുറപ്പ്. പുരുഷവിഭാഗത്തിൽ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ടെന്നീസിന്റെ ഭാവിയെന്ന് ടെന്നീസ് പണ്ഡിതർ വിശേഷിപ്പിച്ചിരുന്ന ദിമിത്രോവിനെ തോൽപ്പിച്ചാണ് കഴിഞ്ഞ വർഷം പരിക്കുകൾ വലച്ച സ്പാനിഷ് താരം നദാൽ ഫൈനലിൽ എത്തിയത്. മറുവശത്ത് നാട്ടുകാരനും സീഡുമായ സ്റ്റാൻ വാവ്‌റിങ്കയെ അഞ്ച് സെറ്റിൽ തന്നെ തോൽപ്പിച്ചാണ് ഫെഡററും എത്തിയിട്ടുള്ളത്. നാളെയാണ് പുരുഷഫൈനൽ മത്സരം. നദാലും ഫെഡററും കഴിഞ്ഞ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്കുകൾ മൂലം കളിച്ചിരുന്നില്ല. ടെന്നീസ് പുതിയ താരങ്ങളിലേക്ക് വഴിമാറുന്നെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന സമയത്താണ് അവിശ്വസനീയമായ ഈ ഫൈനലുകൾ. ഈ അപ്രവചനാതീത സ്വഭാവമാണ് ടെന്നീസെന്ന കായിക വിനോദത്തെ മനോഹരവുമാക്കുന്നതും.

Previous articleബെരഹിനോ സ്റ്റോക്ക് സിറ്റിയിലേക്ക്. സ്നോഡ്ഗ്രാസ് വെസ്റ്റ് ഹാം യുണൈറ്റഡിൽ
Next articleഏഷ്യയുടെ ന്യൂക്ലിയർ പവർ; പാർക് ജി സുങ്!!!!