Site icon Fanport

ചരിത്രം! കരിയർ സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാർലോസ് അൽകാരസ്

2026 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഉയർത്തി സ്പാനിഷ് താരവും ലോക ഒന്നാം നമ്പറും ആയ കാർലോസ് അൽകാരസ്. ഫൈനലിൽ നാലു സെറ്റ് പോരാട്ടത്തിൽ 25 മത്തെ ഗ്രാന്റ് സ്ലാം കിരീടം തേടിയിറങ്ങിയ നൊവാക് ജ്യോക്കോവിച്ചിനെ ആണ് അൽകാരസ് മറികടന്നത്. 2-6, 6-2, 6-3, 7-5 എന്ന സ്കോറിന് ആയിരുന്നു 22 കാരനായ അൽകാരസിന്റെ ജയം. 38 കാരനായ ജ്യോക്കോവിച്ചിന്റെ സ്വപ്നം തകർത്ത അൽകാരസ് ഇതോടെ നാലു ഗ്രാന്റ് സ്ലാമുകളും നേടി കരിയർ സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി. ഓപ്പൺ യുഗത്തിൽ പുരുഷന്മാരിൽ കരിയർ സ്ലാം പൂർത്തിയാക്കുന്ന അഞ്ചാമത്തെ മാത്രം താരമായും അൽകാരസ് മാറി. മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് കളി കാണാൻ എത്തിയ ഇതിഹാസ താരം റാഫേൽ നദാലിന്റെ മുന്നിൽ അൽകാരസ് ചരിത്രം കുറിച്ചത്. സിന്നറെ ചരിത്ര പോരാട്ടത്തിൽ മറികടന്ന് ഫൈനലിൽ എത്തിയ ജ്യോക്കോവിച്ചിന് പക്ഷെ അൽകാരസിന് മുന്നിൽ തന്റെ പ്രിയപ്പെട്ട മൈതാനത്ത് പക്ഷെ ജയിക്കാൻ ആയില്ല.

ആദ്യ സെറ്റിൽ കളിയിലേക്ക് വരാൻ കാർലോസ് അൽകാരസ് സമയം എടുത്തപ്പോൾ അത് ശരിക്ക് മുതലെടുത്തു നൊവാക് ജ്യോക്കോവിച്. ലോക ഒന്നാം നമ്പറുടെ സർവീസ് രണ്ടു തവണ ബ്രേക്ക് ചെയ്ത ജ്യോക്കോവിച് 6-2 നു ആദ്യ സെറ്റ് നേടി മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റിൽ അൽകാരസ് ശക്തമായി തിരിച്ചു വരുന്നത് ആണ് കാണാൻ ആയത്. ജ്യോക്കോവിച്ചിന്റെ സർവീസുകൾക്ക് മികച്ച റിട്ടേണുകൾ നൽകിയ താരം കൂടുതൽ നീളമേറിയ റാലികൾ കളിക്കാൻ 38 കാരനായ എതിരാളിയെ നിർബന്ധിതനാക്കി. ജ്യോക്കോവിച്ചിന്റെ രണ്ടാം സർവീസ് തന്നെ ബ്രേക്ക് ചെയ്ത അൽകാരസ് സെറ്റിൽ ഒരിക്കൽ കൂടി ബ്രേക്ക് കണ്ടെത്തി സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി.

മൂന്നാം സെറ്റിൽ പൊരുതാൻ ഉറച്ചു എത്തിയ ജ്യോക്കോവിച്ചിനു പക്ഷെ അൽകാരസിന് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാൻ ആയില്ല. ബ്രേക്ക് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും ആദ്യ ബ്രേക്ക് നേടിയ അൽകാരസ് തന്റെ സർവീസിലും നന്നായി കളിച്ചു. തുടർന്ന് ജ്യോക്കോവിച്ചിന്റെ സർവീസ് ബ്രേക്ക് ചെയ്തു മൂന്നാം സെറ്റ് 6-3 നേടിയ സ്പാനിഷ് താരം കിരീടം ഒരു സെറ്റ് മാത്രം അകലെയാക്കി. ഈ സർവീസിൽ 6 തവണ ബ്രേക്ക് പോയിന്റുകൾ ജ്യോക്കോവിച്ച് രക്ഷിച്ചു എങ്കിലും വിട്ട് കൊടുക്കാതെ പൊരുതിയ അൽകാരസ് ബ്രേക്ക് നേടുക ആയിരുന്നു. നാലാം സെറ്റിൽ ബ്രേക്ക് പോയിന്റുകൾ രക്ഷിച്ചു സർവീസ് നിലനിർത്തുന്ന ജ്യോക്കോവിച്ച് ഒരിക്കൽ ബ്രേക്ക് പോയിന്റ് സൃഷ്ടിക്കുകയും ചെയ്തു എന്നാൽ. എന്നാൽ ജ്യോക്കോവിച്ചിന്റെ ആറാം സർവീസിൽ ബ്രേക്ക് നേടിയ അൽകാരസ് 7-5 നു സെറ്റ് നേടി ചരിത്രം കുറിക്കുക ആയിരുന്നു. ഇനി വരുന്ന ഗ്രാന്റ് സ്ലാമുകൾ കൂടിയാവും അൽകാരസ് ലക്ഷ്യം വെക്കുക. അതേസമയം 25 മത്തെ ഗ്രാന്റ് സ്ലാം സ്വപ്നത്തിലേക്ക് ജ്യോക്കോവിച്ചിനു ഇനിയൊരു അവസരം കിട്ടുമോ എന്നു കാത്തിരുന്നു കാണാം. 10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ ജ്യോക്കോവിച്ച് അവിടെ ഫൈനലിൽ ഇത് ആദ്യമായാണ് തോൽക്കുന്നത്.

Exit mobile version