പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കണമെന്ന് പാകിസ്ഥാൻ ഇതിഹാസം

പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ താരങ്ങളെ കണ്ടു പഠിക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം സഹീർ അബ്ബാസ്. ഇന്ത്യൻ ടീം ഒരു മത്സരത്തിനിടെ പ്രതിസന്ധിയിൽ ആവുമ്പോൾ ഇന്ത്യൻ ടീമിലെ ആരെങ്കിലും ഒരാൾ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ രക്ഷക്ക് എത്താറുണ്ടെന്നും സഹീർ അബ്ബാസ് പറഞ്ഞു.

ഇതാണ് നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ പഠിക്കേണ്ടതെന്നും സഹീർ അബ്ബാസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും സഹീർ അബാസ് പ്രശംസിച്ചു. രോഹിത് ശർമ്മ മികച്ച താരമാണെന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിൽ താരത്തിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്നും സഹീർ അബ്ബാസ് പറഞ്ഞു.

താൻ ഹനീഫ് മുഹമ്മദ്, രോഹൻ കൻഹയ്‌ എന്നിവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും എന്നാൽ താൻ അവരോടൊപ്പം പരിശീലനം നടത്തിയിട്ടല്ലെന്നും ഇതെല്ലം പഠിച്ചത് അവരുടെ ബാറ്റിംഗ് നിരീക്ഷിച്ചതുകൊണ്ടാണെന്നും സഹീർ അബ്ബാസ് പറഞ്ഞു.

കാലിസ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍, സഹീര്‍ അബ്ബാസിനും ലിസ സ്തലേക്കറിനും ബഹുമതി

ഐസിസിയുടെ ഈ വര്‍ഷത്തെ ഹാള്‍ ഓഫ് ഫെയിമിലേക്ക് മൂന്ന് താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ്, പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസ് എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയുടെ വനിത താരം ലിസ സ്തലേക്കറിനും ബഹുമതി ലഭിച്ചു. ഇന്ന് ഐസിസിയുടെ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ ഐസിസി ഹാള്‍ ഓഫ് ഫെയിമിലേക്ക് ഇവരെ ഉള്‍പ്പെടുത്തിയത്.

ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സും 200 വിക്കറ്റും നേടിയിട്ടുള്ള ഏക താരമാണ് ജാക്വസ് കാലിസ്. 250000ത്തിലധികം അന്താരാഷ്ട്ര റണ്‍സും 600നടുത്ത് വിക്കറ്റുംനേടിയ താരം വിക്കറ്റ് കീപ്പറല്ലാത്ത താരങ്ങളില്‍ 200ലധികം ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയ മൂന്ന് താരങ്ങളില്‍ ഒരാളാണ് കാലിസ്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏകദിന, ടി20 ലോകകപ്പ് രണ്ട് തവണ നേടിയിട്ടുള്ള താരമാണ് ലിസ സ്തലേക്കര്‍. ഏകദിനത്തില്‍ 2005, 2013 ലോകകപ്പും ടി20 ലോകകപ്പ് 2010, 2012 ലും നേടിയ താരം ഏകദിനത്തില്‍ ആയിരം റണ്‍സും നൂറ് വിക്കറ്റും നേടിയ ആദ്യ താരമാണ് ലിസ.

റണ്‍സ് നേടുവാനുള്ള ശേഷി കാരണം ഏഷ്യന്‍ ബ്രാഡ്മാന്‍ എന്ന ഓമനപ്പേരില്‍ അറിഞ്ഞിരുന്ന താരമാണ് സഹീര്‍ അബ്ബാസ്. വിലയ സ്കോറുകള്‍ നേടുവാന്‍ കഴിവുള്ള താരം ടെസ്റ്റില്‍ 5062 റണ്‍സാണ് നേടിയിട്ടുള്ളത്. 12 ടെസ്റ്റ് ശതകങ്ങള്‍ നേടിയ താരം ഇന്ത്യയ്ക്കെതിരെയാണ് ഇതില്‍ 6 ശതകം നേടിയത്.

ടി20 ലോകകപ്പ് റദ്ദാക്കിയതിന് ശേഷം ഐ.പി.എൽ നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ ഇതിഹാസം

ടി20 ലോകകപ്പ് മാറ്റിവെച്ച സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ബി.സി.സി.സിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ ഇതിഹാസം സഹീർ അബ്ബാസ്. എല്ലാ രാജ്യങ്ങളും പണം ഉണ്ടാക്കാൻ വേണ്ടിയാണ് ടി20 ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതെന്നും താൻ ഇന്ത്യയെ കുറിച്ച് മാത്രമല്ല പറയുന്നതെന്നും എല്ലാ രാജ്യങ്ങളും അങ്ങനെയാണെന്നും സഹീർ അബ്ബാസ് പറഞ്ഞു.

ക്രിക്കറ്റ് ബോർഡുകൾക്ക് ഒരുപാടു പ്രതിബദ്ധതകളുണ്ടെന്നും അതുകൊണ്ടാണ് കാണികൾ ഇല്ലാതെയും ക്വറന്റൈനിൽ ഇരുന്നും ഇംഗ്ലണ്ടിന്റെയും വെസ്റ്റിൻഡീസിന്റെയും പരമ്പരകൾ നടക്കുന്നതെന്നും സഹീർ അബ്ബാസ് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി തീർത്ത ഈ ഘട്ടത്തിൽ ഏതൊരു രാജ്യവും പണം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും അതുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങൾ പരസ്പരം സഹായിക്കുമെന്നും സഹീർ അബ്ബാസ് പറഞ്ഞു.

ഈ ശിക്ഷ ഉമര്‍ അക്മല്‍ അര്‍ഹിച്ചിരുന്നു – സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും

ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തെ പിന്തുണച്ച് പാക് ഇതിഹാസ താരങ്ങളായ സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും. തന്നെ സമീപ്പിച്ച ബുക്കികളുടെ വിവരം ബോര്‍ഡിനെ അറിയിക്കാതിരുന്നതിനാണ് പാക്കിസ്ഥാന്‍ താരത്തിനെതിരെ നടപടിയുണ്ടായത്. നിരവധി തവണ ഇതാവര്‍ത്തിച്ചിട്ടും താരം ഒരു തവണ പോലും ബോര്‍ഡിനെ സമീപിച്ചില്ലെന്നതാണ് ഗുരുതരമായ ആരോപണമായി കണക്കാക്കുന്നത്.

അക്മലന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീണെന്നാണ് സഹീര്‍ അബ്ബാസ് പറഞ്ഞത്. സീനിയര്‍ താരമെന്ന നിലയില്‍ നിയമം അറിയാവുന്ന വ്യക്തിയായിരുന്നിട്ട് കൂടി താരം അത് അവഗണിക്കുകയായിരുന്നുവെന്ന് അബ്ബാസ് പറഞ്ഞു. നിയമങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ ഒരു താരം എത്ര മികച്ച് നിന്നിട്ടും എന്ത് കാര്യമെന്ന് അബ്ബാസ് ചോദിച്ചു.

ഉമര്‍ അക്മലുമായി താന്‍ മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തോട് സമീപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെവിക്കൊണ്ടില്ലെന്ന് ജാവേദ് മിയാന്‍ദാദ് പറഞ്ഞു. തങ്ങളുടെ കരിയറുകള്‍ നശിപ്പിക്കാതിരിക്കുവാന്‍ ആഗ്രഹമുള്ള യുവ താരങ്ങള്‍ ഉമര്‍ അക്മലിന് സംഭവിച്ചതില്‍ നിന്ന് പഠിക്കാവുന്നതേയുള്ളുവെന്നും മിയാന്‍ദാദ് വ്യക്തമാക്കി.

സഹീര്‍ അബ്ബാസിന്റെ ഏഷ്യന്‍ റെക്കോര്‍ഡിനൊപ്പമെത്തി ബാബര്‍ അസം

ഹോങ്കോംഗിനെതിരെ വിജയം നേടിയ പാക്കിസ്ഥാന്‍ നിരയില്‍ 33 റണ്‍സ് നേടിയപ്പോള്‍ ഏകദിനത്തിലെ 2000 റണ്‍സ് പൂര്‍ത്തിയാക്കി ബാബര്‍ അസം. 45 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചതോടെ ഏഷ്യയില്‍ ഈ റെക്കോര്‍ഡ് നേടുന്ന താരങ്ങളില്‍ മുന്‍ പാക്ക് ഇതിഹാസം സഹീര്‍ അബ്ബാസിനൊപ്പമെത്തുവാന്‍ ബാബര്‍ അസമിനായി.

40 ഇന്നിംഗ്സുകളില്‍ നിന്ന് 2000 റണ്‍സ് തികച്ച ഹാഷിം അംലയാണ് പട്ടികയില്‍ മുന്നില്‍. ബാബര്‍ അസം, സഹീര്‍ അബ്ബാസ്, കെവിന്‍ പീറ്റേര്‍സണ്‍ എന്നിവര്‍ 45 മത്സരത്തില്‍ നിന്ന് ഈ നേട്ടം കൈവരിച്ചു.

പാക്കിസ്ഥാന്‍ മൂന്നാം തവണ ഏഷ്യ കപ്പ് സ്വന്തമാക്കും: സഹീര്‍ അബ്ബാസ്

ഏഷ്യ കപ്പ് 2018ലെ കിരീട ജേതാക്കള്‍ പാക്കിസ്ഥാനാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ താരം സഹീര്‍ അബ്ബാസ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാവും കിരീടപ്പോരാട്ടമെങ്കിലും മൂന്നാം തവണയും പാക്കിസ്ഥാന്‍ കപ്പുയര്‍ത്തുമെന്നാണ് മുന്‍ ഇതിഹാസ താരത്തിന്റെ വാക്കുകള്‍. 50 ഓവര്‍ ഫോര്‍മാറ്റില്‍ മികച്ച ഫോമിലാണ് പാക്കിസ്ഥാന്‍. അത് തന്നെ ഇന്ത്യയ്ക്കെതിരെ സെപ്റ്റംബര്‍ 19നുള്ള ഗ്രൂപ്പ് മത്സരത്തിലും കിരീടം നേടുന്നതിലും പാക്കിസ്ഥാനു മുന്‍തൂക്കും നല്‍കുന്നതെന്ന് അബ്ബാസ് അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍ ഈ അടുത്ത് കളിക്കുന്നത് കണ്ടിട്ട് അവര്‍ക്കാണ് കിരീട സാധ്യത. ഇന്ത്യയും പാക്കിസ്ഥാനും തന്നെയാവും ഫൈനല്‍ പോരാട്ടത്തിനെത്തുകയെങ്കിലും പാക്കിസ്ഥാനാവും കൂടുതല്‍ കിരീട സാധ്യതയെന്ന് അബ്ബാസ് കൂട്ടിചേര്‍ത്തു. ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറുടെ അഭാവവും ടൂര്‍ണ്ണമെന്റില്‍ പ്രകടമാവുമെന്ന് അബ്ബാസ് പറഞ്ഞു. കോഹ്‍ലിയുടെ അഭാവത്തെ പറ്റിയാണ് അബ്ബാസിന്റെ ഈ പരാമര്‍ശം. യുഎഇയില്‍ ഇന്ത്യയ്ക്കെതിരെയുള്ള മികച്ച റെക്കോര്‍ഡും പാക്കിസ്ഥാനു തുണയാവുമെന്ന് അബ്ബാസ് പറഞ്ഞു.

26 തവണ ടീമുകള്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ 19 തവണയും പാക്കിസ്ഥാനായിരുന്നു ജയം. 2000ല്‍ ആദ്യമായി ഏഷ്യ കപ്പ് വിജയിച്ച പാക്കിസ്ഥാന്‍ 2012ല്‍ രണ്ടാം തവണ കിരീടം നേടി.

Exit mobile version